Friday, December 24, 2010

ക്രിസ്മസ് ചിന്തകള്‍

മതത്തിന് രണ്ടു പാതയും പാരമ്പര്യവുമുണ്ട്. ഒന്ന് പുരോഹിത മതത്തിന്റെതും മറ്റേത്‌ പ്രവാചക മതത്തിന്റെതും. പ്രവാചക മതം മനുഷ്യപറ്റുള്ളതും മനുഷ്യരെ അവര്‍ അനുഭവിക്കുന്ന എല്ലാ അടിമത്തത്തില്‍നിന്നും അവരെ മോചിപ്പിക്കുന്നതുമാണ്. പൌരോഹിത്യ മതമാവട്ടെ മനുഷ്യ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്യും. പ്രവാചക മതത്തെ വിഴുങ്ങാന്‍ പൌരോഹിത്യ മതം എല്ലാ കാലത്തും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴും ഇവ രണ്ടും പോരുതിക്കൊണ്ടിരിക്കുന്നു. പ്രവാചക മതത്തെ ഒരിക്കലെങ്കിലും അനുഭവിച്ചറിയാന്‍ അവസരം കിട്ടിയവര്‍ ഭാഗ്യവാന്മാര്‍ . പൗരോഹിത്യമതത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു
"സത്യവിശ്വാസികളെ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു”(തൗബ :34)


ബൈബിള്‍ വളരെ ശക്തമായ ഭാഷയില്‍ പൗരോഹിത്യ മതത്തെ വിമര്‍ശിക്കുന്നത് കാണാം.
“ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തില്‍ ഇരിക്കുന്നു. ആകയാല്‍ അവര്‍ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‍വിന്‍ ; അവരുടെ പ്രവൃത്തികള്‍ പോലെ ചെയ്യരുതു താനും. അവര്‍ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ. അവര്‍ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളില്‍ വെക്കുന്നു; ഒരു വിരല്‍ കെണ്ടുപോലും അവയെ തൊടുവാന്‍ അവര്‍ക്കും മനസ്സില്ല. അവര്‍ തങ്ങളുടെ പ്രവൃത്തികള്‍ എല്ലാം മനുഷ്യര്‍ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങല്‍ വലുതാക്കുന്നു. അത്താഴത്തില്‍ പ്രധാനസ്ഥലവും പള്ളിയില്‍ മുഖ്യാസനവും അങ്ങാടിയില്‍ വന്ദനവും മനുഷ്യര്‍ റബ്ബീ എന്നു വളിക്കുന്നതും അവര്‍ക്കും പ്രിയമാകുന്നു.

പ്രവാചക നിയോഗത്തെ പറ്റി ഖുര്‍ആന്‍ പറയുന്നത് “മനുഷ്യരുടെ മുതുകുകളെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരം ഇറക്കിവെക്കാന്‍ , അവരെ വരിഞ്ഞു മുറുക്കിയിരിക്കുന്ന ചങ്ങലക്കെട്ടുകളെ പൊട്ടിച്ചെറിയാന്‍ ” എന്നാണ്. ഇതേ ആശയം യേശു പറഞ്ഞതായി കാണാം
"അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍ ; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും. ഞാന്‍ സൌമ്യതയും താഴ്മയും ഉള്ളവന്‍ ആകയാല്‍ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിന്‍ ; എന്നാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്കു ആശ്വാസം കണ്ടത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.

വിമോചനത്തിന്റെ പാതയാണ് പ്രവാചക മതത്തിന്റെത്‌ . ഖുര്‍ആന്‍ ചോദിക്കുന്നു:
"ഞങ്ങളുടെ നാഥാ, അക്രമികളുടേതായ ഈ നാട്ടില്‍നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ, നിന്നില്‍നിന്നുള്ള ഒരു രക്ഷകനെ നീ ഞങ്ങള്‍ക്കു നല്‍കേണമേ, നിന്നില്‍നിന്നുള്ള ഒരു സഹായിയെ നീ ഞങ്ങള്‍ക്കു തരേണമേ!' എന്നു പ്രാര്‍ഥിച്ചുകൊണ്ടിരുന്ന ദുര്‍ബലരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും മോചനമാര്‍ഗത്തിലും നിങ്ങളെന്തുകൊണ്ട് പൊരുതുന്നില്ല?''(4: 75).

പൗരോഹിത്യമതം അധികാരി വര്‍ഗ്ഗത്തിനു പ്രിയപ്പെട്ടവരും അവര്‍ക്ക്‌ ഓശാന പാടുന്നവരും ആയിരിക്കും. എന്ന് മാത്രമല്ല പ്രവാചക മതത്തെ ഭരണകൂടത്തിനു മുന്നില്‍ തെറ്റിദ്ധരിപ്പിക്കാനും അതിനു വേണ്ടി കുത്തിത്തിരിപ്പ് ഉണ്ടാക്കാനും അവര്‍ ശ്രമിക്കും.  ചൂഷണങ്ങളെയും അനീതിയെയും അവര്‍ കണ്ടില്ലെന്നു നടിക്കുന്നു. ചെറിയ ചെറിയ കാര്യങ്ങള്‍ പര്‍വ്വതീകരിച്ച് ജന ജീവിതം ദുസ്സഹമാക്കുന്നു. ബൈബിള്‍ അവരെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ് .

"കുരുടന്മാരായ വഴികാട്ടികളേ, നിങ്ങള്‍ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവര്‍ച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു. കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക."

ക്രിസ്ത്യന്‍ വിശ്വാസ പ്രകാരം യേശു ദൈവ പുത്രനാണ്, ആരാധ്യനാണ്. ഇസ്ലാമിക വിശ്വാസമനുസരിച്ച് അദ്ദേഹം മുഹമ്മത് നബിയെപ്പോലെ മഹാനായ ഒരു പ്രവാചകന്‍ ആണ്. ഖുര്‍ആന്‍ പറയുന്നു “മര്‍യമിന്റെ പുത്രന്‍ മസീഹ് ഒരു ദൈവദൂതന്‍ അല്ലാതെ മറ്റാരുമായിരുന്നില്ല. അദ്ദേഹത്തിനു മുമ്പും നിരവധി ദൈവദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുള്ളതാകുന്നു. അദ്ദേഹത്തിന്റെ മാതാവ്‌ തികഞ്ഞ ഒരു സത്യവതിയായിരുന്നു” യേശു മാത്രമല്ല അദ്ദേഹത്തിന്റെ മാതാവ്‌ മറിയമും ഇസ്ലാമിക ലോകത്ത്‌ ഏറെ ആദരിക്കപ്പെടുന്നവരത്രേ. മുഴുവന്‍ മനുഷ്യര്‍ക്കും(സ്ത്രീകള്‍ക്ക് മാത്രമല്ല) മാതൃകയായി ഖുര്‍ആന്‍ പറഞ്ഞ രണ്ടു സ്ത്രീകളില്‍ ഒന്ന് കന്യാമറിയം ആണ്.

ജന്മദിനം മതപരമായ ഒരാഘോഷമായി ഇസ്ലാം കാണുന്നില്ല. ചിലര്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാറുണ്ടെങ്കിലും അതിനു ഇസ്ലാമിക അടിത്തറ ഒന്നുമില്ല. യേശു ദൈവപുത്രനാണോ അല്ലേ, ജന്മദിനം ആഘോഷിക്കണോ വേണ്ടേ എന്നൊക്കെ നമുക്ക്‌ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാം. പക്ഷെ അദ്ദേഹം എന്ത് ചെയ്തു എന്നതില്‍ അഭിപ്രായാന്തരം ഉണ്ടാവേണ്ടതില്ല. ഭാരം പേറുന്ന മനുഷ്യനെ സഹായിക്കുക. അവന്റെ ജീവിതം ദുസ്സഹമാക്കുന്ന പൗരോഹിത്യത്തിനെതിരെ പൊരുതുക. അവനെ മോചിപ്പിക്കുക. അതാകട്ടെ ഈ ക്രിസ്മസിന്‍റെ സന്ദേശം ... ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍ ...

Saturday, December 18, 2010

ശബരിമലയും മുസ്ലിം പള്ളികളും

എന്‍ഡോസള്‍ഫാന്‍ പ്രശ്നവും ഹേമന്ദ്‌ കര്‍ക്കരെയുടെ മരണവും മറ്റും എന്റെ പ്രിയ സുഹൃത്ത് റാജിയുമായി ചാറ്റ് ചെയ്യുകയായിരുന്നു. പെട്ടെന്ന് റാജി പറഞ്ഞു:

Raji A Raoof : u know what i was thinking...
now its sabari mala season....
and so many swami's are going by walking on road's to sabarimala
and we have so many mosques on the road side
and they dont have any temple on roadsides...
so..maybe we cud advertise and provide and shelter and food and drinks for swami's to rest
all mosques in kerala
Hafeez : good idea... but....

അതായത്‌ ശബരിമല സീസണില്‍ ധാരാളം സ്വാമിമാര്‍ മലക്ക്‌ പോകുന്നു. നമുക്ക്‌ റോഡരികില്‍ ധാരാളം പള്ളികളുണ്ട്. റോഡരികില്‍ ക്ഷേത്രങ്ങള്‍ കുറവാണ് താനും. എന്തുകൊണ്ട് സ്വാമിമാര്‍ക്ക് വിശ്രമിക്കാനും അല്പം വെള്ളം കുടിക്കാനുമൊക്കെ സൗകര്യം ഈ പള്ളികളില്‍ ചെയ്തുകൂടാ ?
റാജി പറഞ്ഞപ്പോള്‍ ഇതൊരു നല്ല ആശയമാണ് എന്ന് എനിക്കും തോന്നി.

പക്ഷെ പതിവുപോലെ പൂച്ചക്കാരു മണികെട്ടും എന്നതാണ് ഇവിടെയും പ്രശ്നം. മുസ്ലിം സംഘടനകള്‍ ആണ് ഇവിടെയും വില്ലനാകാന്‍ പോകുന്നത്. ഒരു കൂട്ടര്‍ നല്ല ഉദ്ദേശ്യം വച്ച് ഇങ്ങനെ ചെയ്യാന്‍ ശ്രമിച്ചാല്‍ അതിനെതിരെ രഹസ്യമായോ പരസ്യമായോ മറ്റു കൂട്ടര്‍ പ്രചരണം നടത്തും. സംഘടനകള്‍ തമ്മിലുള്ള മല്‍സരം മാത്രമാണ് ഇവര്‍ക്ക് കാര്യം. തങ്ങളുടെ പ്രചാരണങ്ങളും പ്രസംഗങ്ങളും പൊതു സമൂഹത്തെ എങ്ങനെ ബാധിക്കുന്നുവെന്നോ പൊതുസമൂഹം ഇതിനെ എങ്ങനെ നോക്കികാണുന്നുവെന്നോ അവര്‍ ചിന്തിക്കാറില്ല. തൊടുപുഴയിലെ പ്രൊഫസര്‍ക്ക് രക്തം നല്‍കിയ സോളിഡാരിറ്റിക്കുണ്ടായ അനുഭവവും ഓണസദ്യ കഴിക്കാമോ എന്ന വിവാദവുമൊക്കെ ഉദാഹരണം. ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാം എന്നു ലോകപ്രസിദ്ധ പന്ധിതന്‍ യൂസുഫുല്‍ ഖറദാവിയുടെ ഫത്‌വ പ്രബോധനം വാരിക പ്രസിദ്ധീകരിച്ചതിനെതിരെ മറ്റൊരു സംഘടനാ നേതാവിന്റെ പ്രസംഗം യൂട്യൂബില്‍ കണ്ടു. ഞാന്‍ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. കറകളഞ്ഞ ഏക ദൈവവിശ്വാസമാണ് ഇസ്ലാമിന്റെ അടിത്തറ. ഇത് മാറ്റിവച്ച് ഒന്നും ചെയ്യണമെന്നു എനിക്ക് അഭിപ്രായമില്ല. പക്ഷെ ഇതിന്റെ പരിധിയില്‍ നിന്നുകൊണ്ട് എത്രത്തോളം പരസ്പരം സഹകരിക്കാം എന്ന് ചിന്തിക്കേണ്ടതുണ്ട്. മനസ്സ്‌ കൂടുതല്‍ വിശാലമാവേണ്ടതുണ്ട്.

മറ്റെല്ലാ കര്യത്തിലുമെന്നപോലെ മത സൗഹാര്‍ദത്തിന്റെ വിഷയത്തിലും രണ്ടറ്റത്തു നില്‍ക്കാനാണ് എല്ലാര്ക്കും താല്പര്യം. ഒന്നുകില്‍ മറ്റുള്ളവരുമായി യാതൊരുവിധ ഇടപഴകലും ഇല്ലാത്ത ഒരു നിലപാട്. അതല്ലെങ്കില്‍ സ്വന്തം വിശ്വാസത്തിനു എതിരായ കാര്യങ്ങളും മതസൌഹാര്‍ദ്ദത്തിന്റെ പേരില്‍ ചെയ്യുന്ന ഒരു വിഭാഗം. ഉദാഹരണത്തിന് മുസ്ലിംകള്‍ ഓണസദ്യ കഴിക്കുന്നതും ഓണ-ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും തെറ്റാണെന്ന്  മുസ്ലിംകളില്‍ ചിലര്‍ വാദിക്കുന്നു. അതുപോലെ ബ്രാഹ്മണന്‍ സ്വന്തം വീട്ടുകാരറിയാതെ മുസ്ലിം സുഹ്രുത്തിന്റെ വീട്ടില്‍ പോയി ചിക്കന്‍ ബിരിയാണി കഴിക്കുന്നതും റമദാന്‍ മാസം(നോമ്പ് കാലം) മുസ്ലിം ആരുമറിയാതെ  ഹിന്ദു സുഹ്രുത്തിന്റെ വീട്ടില്‍ പോയി വയറുനിറയെ സദ്യയുണ്ണുന്നതും ആണ് മത സൗഹാര്‍ദ്ദം എന്ന്  ചിലര്‍ കരുതുന്നു. ഈ രണ്ടു നിലപാടും ആരോഗ്യകരമായി എനിക്ക് തോന്നുന്നില്ല. സ്വന്തം അസ്തിത്വവും വ്യക്തിത്വവും നില നിര്ത്തികൊണ്ട്  സൌഹ്യദം സാധ്യമാണ് എന്നാണ് എന്റെ കാഴ്ചപ്പാട്.  അനുഭവവും അതുതന്നെ പറയുന്നു.

എന്തായാലും സ്വാമിമാര്‍ക്ക് വിശ്രമിക്കാനും വെള്ളം കുടിക്കാനുമൊക്കെ സൗകര്യം പള്ളികളില്‍ ചെയ്യാനായാല്‍ അതൊരു നല്ല ചുവടുവെപ്പായിരിക്കും. പരസ്പരം അടുക്കാനുള്ള ഒരു ചാന്‍സും നഷ്ടപ്പെട്ടുകൂടാ. ഇതിനു ആര് മുന്നിട്ടിറങ്ങും എന്നതാണ് ചോദ്യം ? ക്രിസ്ത്യന്‍ യാത്രാ സംഘത്തിനു സ്വന്തം പള്ളിയില്‍ പ്രാര്‍ത്ഥനക്ക് സൗകര്യം ചെയ്തുകൊടുത്ത പ്രവാചകന്റെ മാതൃക മുന്നിലുണ്ട് .

 എന്റെ കാഴ്ചപ്പാടില്‍ പിശകുണ്ടെങ്കില്‍ തിരുത്തണം.....
'

Thursday, December 16, 2010

ബ്ലോഗ്‌ മാന്ത്രികം.


 
ബ്ലോഗ്‌ മാന്ത്രികം എന്ത്? എന്തിന്?

സ്വന്തമായി ഒരു ബ്ലോഗ്‌ തുടങ്ങണമെന്നും അത് നാലാള്‍ വായിക്കണമെന്നുമുള്ള ആഗ്രഹം കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും ഉണ്ടാവുക സ്വാഭാവികം. ഇങ്ങനെ ആറ്റുനോറ്റ് ഉണ്ടാക്കുന്ന ബ്ലോഗ്‌ ഒരു പൂച്ചക്കുട്ടിയും തിരിഞ്ഞു നോക്കാതെ വരുമ്പോള്‍ ബ്ലോഗര്‍ക്കുണ്ടാവുന്ന മനോവിഷമങ്ങള്‍ പ്രവചനാതീതമാണ്. ഇതുണ്ടാക്കുന്ന പ്രശങ്ങളെ കുറിച്ച് ബ്ലോഗറായ നിങ്ങളോട് പ്രത്യേകം പറയേണ്ടതില്ലല്ലോ..

ഹിറ്റ് കൗണ്ടര്‍ രണ്ടക്കം കടക്കാതിരിക്കുക. ആരും ഫോളോ ചെയ്യാതിരിക്കുക. എന്നിവയില്‍ തുടങ്ങുന്നു പ്രശ്നങ്ങള്‍ . പുതിയ പോസ്റ്റിനുള്ള മരുന്നൊന്നും കിട്ടാതെ വരുമ്പോഴുള്ള തലവേദന,തലകറക്കം. ശൂന്യമായ കമന്റ് ബോക്സ് കാണുമ്പോഴുള്ള ബോധക്ഷയം, കണ്ണില്‍ ഇരുട്ട് കയറല്‍ , കമ്പ്യൂട്ടര്‍ തല്ലിപ്പൊളിച്ച് ദൂരെ കളയാനുള്ള തോന്നല്‍ . പോസ്റ്റൊന്നും കിട്ടാതെ വരുമ്പോള്‍ വല്ല പാറ്റയെയോ പട്ടിയെയോ ഫോട്ടോയെടുത്ത് പോസ്റ്റാമെന്നു കരുതി കാമറയുമായി വരുമ്പോഴേക്ക് അവ മാനരക്ഷാര്‍ത്ഥം ഓടുന്നത് കാണുമ്പോഴുള്ള സങ്കടം. ഏറെ പ്രതീക്ഷയോടെ ഒരുപാടു സമയമെടുത്ത് എഴുതിയ പോസ്റ്റ് തന്റേതല്ലാത്ത കാരണത്താല്‍ ഹിറ്റാകാതെ വരുമ്പോഴുള്ള നൈരാശ്യം, ഇന്റര്‍നെറ്റ് എക്സ്പ്ലോററിനോടുള്ള അലര്‍ജി. നാലാള് കൂടുന്ന ബ്ലോഗിലൊക്കെ പോയി കമന്റി പോന്നിട്ടും ഒരുത്തനും തിരുഞ്ഞു നോക്കാതെ വരുമ്പോഴുള്ള വിഷമം, ബൂലോഗ വിരക്തി. സ്വന്തം സുഹൃത്തുക്കള്‍ പോലും ഫോളോ ചെയ്യാതെ വരുമ്പോള്‍ തോന്നുന്ന ആത്മഹത്യാ പ്രവണത. മൊത്തം പോസ്റ്റിന്റെ എണ്ണത്തിന്റെ പകുതിപോലുമില്ല കമന്റുകളുടെ എണ്ണം എന്ന് മനസ്സിലാവുമ്പോള്‍ സ്വന്തത്തോടു തോന്നുന്ന അസാമാന്യമായ പുച്ഛം.
 "ഇനിയും നിര്‍ത്തിയില്ലേ?", "വേറെ പണിയൊന്നും ഇല്ലേ?","എഴുതാന്‍ അറിയില്ലെങ്കില്‍ എഴുതരുത്. പ്ലീസ്‌" എന്നിങ്ങനെയുള്ള കമന്റുകള്‍ കാണുമ്പോഴുള്ള ഹൃദയ സ്തംഭനം, മാനഹാനി. നൂറുകണക്കിന് ഫോളോവേഴ്സ് ഉള്ള ബ്ലോഗ്‌ കാണുമ്പോള്‍ കണ്ണ് തളളുക, സ്വന്തം തലക്കടിക്കുക, ഭാര്യയോടും മക്കളോടും ചൂടാവുക, കീബോര്‍ഡ് തല്ലിപൊളിക്കുക, മൌസ് എടുത്ത്‌ എറിയുക എന്നീ പ്രശ്നങ്ങള്‍ , ബ്ലോഗ്‌ നാലാള്‍ വായിക്കാന്‍ വേണ്ടി പഠിച്ചതും കോപ്പി അടിച്ചതുമായ സകല അടവും പയറ്റി രക്ഷയില്ല എന്ന് മനസ്സിലാവുമ്പോള്‍ ഈ ബൂലോഗത്തിനു ഒരു ഭാരമായി എന്തിനിങ്ങനെ ബ്ലോഗറായി ജീവിക്കുന്നു എന്ന ചിന്ത (സ്വാഭാവികം), ബ്ലോഗ്‌ ഡിലീറ്റ് ചെയ്തു സന്യാസത്തിന് പോയാലോ എന്ന ആലോചന (വളരെ സ്വാഭാവികം).


എന്നിങ്ങനെ ബ്ലോഗര്‍മാര്‍ പുറത്ത്‌ പറയാന്‍ മടിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും അവസാനത്തെ പ്രത്യാശയും പ്രതിവിധിയുമാണ് ബ്ലോഗ്‌ മാന്ത്രികമെന്ന പേരില്‍ ഞങ്ങള്‍ ചെയ്തുകൊടുക്കുന്നത്. സുപ്രസിദ്ധ ബ്ലോഗ്‌ മാന്ത്രികന്‍ അശൈഖ് സുല്‍ത്താന്‍ ഹഫീസിബുനുഹംസ വലിയവീട്ടില്‍ ചെറിയകുഞ്ഞിക്കോയ മുസ്ലിയാര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബൂലോഗത്ത്‌ പ്രവര്‍ത്തിച്ചുവരുന്നു. ഇതിനോടകം ബ്ലോഗ്‌ മാന്ത്രികത്തിലൂടെ നിരവധി ബ്ലോഗുകളില്‍ സമാധാനവും സന്തോഷവും പ്രദാനം ചെയ്ത് പ്രയാണം തുടരുന്ന അദ്ദേഹം ഇന്ന് ഇന്ത്യയിലും വിദേശത്തുമുള്ള ബ്ലോഗര്‍മാര്‍ക്ക് സുപരിചിതനായിരിക്കുന്നു എന്നത് കേവലം യഥാര്‍ത്ഥ്യമത്രേ. ദിവസത്തില്‍ ഇരുപത്തിനാലു മണിക്കൂറും ലാപ്ടോപ്പിന് മുന്നില്‍ തപസ്സിരുന്നു ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ , നെറ്റ്സ്കേപ്പ് നാവിഗേറ്റര്‍ , മോസില്ല തീ കുറുക്കന്‍ , ഗൂഗിള്‍ ക്രോം പോരാത്തതിന് ആപ്പിള്‍ സഫാരി എന്നിവയിലൂടെ ഗൂഗിള്‍ , അള്‍ട്ടാവിസ്റ്റ, യാഹൂ, ആഹൂ , ഓഹോ എന്നിവയില്‍ ദീര്‍ഘകാലം സേര്‍ച്ച്‌ ചെയ്ത് കിട്ടിയ അമൂല്യ വിജ്ഞാനീയങ്ങള്‍ ആറ്റിക്കുറുക്കിയാണ് ബ്ലോഗ്‌ മാന്ത്രികം തയ്യാറാക്കിയത്.

മടിച്ചു നില്‍ക്കാതെ ഇന്നുതന്നെ മണിയോര്‍ഡര്‍ അയക്കൂ. നിങ്ങളുടെ ബ്ലോഗിനെ രക്ഷിക്കൂ.. നിങ്ങളുടെ ബ്ലോഗ്‌ കമന്റുകള്‍കൊണ്ട് നിറയുന്ന മഹാത്ഭുതത്തിനു സാക്ഷിയാകൂ....

NB: എന്നെ ബന്ധപ്പെടുന്നവരുടെ ബ്ലോഗുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കപ്പെടുന്നതായിരിക്കും (പുറത്ത്‌ പറഞ്ഞു നാറ്റിക്കില്ല)





മണിയോര്‍ഡര്‍ / ഡി ഡി / ചെക്ക് അയച്ച ശേഷം ഇതുകൂടി വായിക്കുക.
(ശ്രധേയന്റെ ഏലസ്സ് മാഹാത്മ്യം എന്ന പോസ്ടിനോടു കടപ്പാട് )


.

Monday, December 13, 2010

Who Killed Karkare (കര്‍ക്കരെയെ കൊന്നതാര് ) ?

മുംബൈ ഭീകരാക്രമണം നടന്ന് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനാ മേധാവി ഹേമന്ത് കര്‍ക്കരെയുടെ വധവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ വീണ്ടും സജീവമാകുന്നു. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് സംശയങ്ങളുയര്‍ന്നെങ്കിലും കര്‍ക്കരെയുടെ രക്തസാക്ഷിത്വത്തെ ചോദ്യംചെയ്യുന്നതിന് തുല്യമാണെന്ന വ്യാഖ്യാനത്തിലൂടെ ഇത് അവഗണിക്കപ്പെടുകയായിരുന്നു. എസ്. എം. മുശരിഫിന്റെ ' ഹു കില്‍ഡ് കര്‍ക്കരെ. ദ റിയല്‍ ഫേയ്‌സ് ഓഫ് ഇന്ത്യന്‍ ടെററിസം' എന്ന പുസ്തകത്തെ ആധാരമാക്കി മുന്‍ ബിഹാര്‍ എം.എല്‍.എ രാധാകാന്ത് യാദവ്, ജ്യോതി ബഡേക്കര്‍ എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജികളില്‍ വാദപ്രതിവാദം ബോംബെ ഹൈകോടതിയില്‍ നടന്നുവരുകയാണ്. മുശരിഫ് എന്ന പേര്‌ കേട്ട് ഇയാള്‍ മുന്‍ പാക്‌ പ്രസിഡന്റ് മുഷാറഫിന്റെ ബന്ധുക്കാരനാണെന്നോ ഭീകരമുദ്രയില്‍ നിന്ന് ഇസ്ലാമിനെ രക്ഷിക്കാന്‍ പുറപ്പെട്ട ഒരു 'മൊല്ലാക്ക' ആണെന്നോ കരുതിയവര്‍ക്ക് തെറ്റി. ഇസ്ലാമുമായി ഒരു ബന്ധവുമില്ലാത്ത ഒരു IPS ഓഫീസറാണ് കക്ഷി. ആള് സാധാരണക്കാരനല്ല. വിശിഷ്ട സേവനത്തിന്‌ രാഷ്ട്രപതിയുടെ പോലീസ്‌ അവാര്‍ഡ് അടക്കം ധാരാളം അംഗീകാരം നേടിയ ആളാണ് മഹാരാഷ്ട്രയുടെ മുന്‍ IG കൂടിയായ ഇദ്ദേഹം.

ഭരണകൂട ഭീകരതയെ അനാവരണം ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ കൃതി. മുംബൈ ഭീകരാക്രമണത്തെ കുറിച്ച് ഐ ബിക്ക് മുന്‍കൂട്ടി വിവരം കിട്ടിയിരുന്നുവെങ്കിലും അവര്‍ അത് തടഞ്ഞില്ല എന്ന് മാത്രമല്ല, ആ വിവരം ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം വാദിക്കുന്നു. മുംബൈ ഭീകരാക്രമണം നമ്മള്‍ കരുതുന്ന പോലെ ഒരൊറ്റ സംഭവമല്ലെന്നും രണ്ടു ഗ്രൂപ്പുകള്‍ അതില്‍ പങ്കാളികളാണെന്നും അദ്ദേഹം തെളിവുകള്‍ സഹിതം പറയുന്നു. താജ് ഹോട്ടലില്‍ ആക്രമണം നടത്തിയ പാക്‌ ഭീകരരുടെ ലക്ഷ്യം ഇന്ത്യയെ അസ്ഥിരപ്പെടുത്തുക എന്നതായിരുന്നെങ്കില്‍ ഈ ആ്രകമണത്തിനൊപ്പം സമാന്തരമായി വി.ടി റെയില്‍വേ സ്‌റ്റേഷന്‍, കാമ ഹോസ്‌പിറ്റല്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയ ഗ്രൂപ്പിന്റെ ലക്‌ഷ്യം ഹേമന്ദ് കര്‍ക്കരെയുടെ ജീവനായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ചുമ്മാ പറയുകയല്ല ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ പാടവത്തോടെ തെളിവുകള്‍ നിരത്തുകയും ചെയ്യുന്നു. ഭീകരതയെ സംബന്ധിച്ച് ഭരണകൂട ഭാഷ്യങ്ങള്‍ മാത്രം വിഴുങ്ങി ശീലിച്ച നമ്മുടെ കഴുത്തിനു പിടിക്കുകയാണ് അദ്ദേഹം. എന്തായാലും സ്വത്രന്ത്രവും സുതാര്യവുമായ ഒരു അന്വേഷണത്തിനു മാത്രമേ സത്യം പുറത്ത്‌ കൊണ്ടുവരാനാവൂ.

അദ്ദേഹം തന്റെ പുസ്തകത്തെ പരിചയപ്പെടുത്തി നടത്തിയ പ്രസംഗം താഴെ കൊടുക്കുന്നു. ആ പുസ്തകം വായിച്ചിട്ടില്ലാത്തവര്‍ക്കും അദ്ദേഹത്തിന്റെ വാദങ്ങള്‍ എന്തെന്ന്‍ മനസ്സിലാക്കാന്‍ ഇത് ഉപകരിക്കും.

i think this is a "must watch"











Saturday, December 11, 2010

സച്ചിനെ കണ്ടു പഠിക്കൂ....

സിനിമാ നടന്മാരെ പോലെയും ക്രിക്കറ്റ് കളിക്കാരെ പോലെയും പ്രശസ്തരായ ആള്‍ക്കാര്‍ക്ക് ഈ സമൂഹത്തോട് വല്ല ബാധ്യതയുമുണ്ടോ? അതോ കേവലം കശുണ്ടാക്കള്‍ മാത്രമാണോ അവരുടെ പണി? എന്താ ഇപ്പൊ ഇങ്ങനെ ഒരു ചിന്ത എന്നല്ലേ... സചിന്‍ ടെണ്ടുല്‍ക്കരെ കുറിച്ച് വന്ന ഒരു വാര്‍ത്തയാണ് കാരണം. ഒരു മദ്യകമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാവാനുള്ള ക്ഷണം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നിരസിച്ചത്രേ. ഇതുവഴി 20 കോടി രൂപയാണ് സച്ചിന്‍ വേണ്ടെന്നു വച്ചിരിക്കുന്നത്. സച്ചിനെന്താ കാശ് പുളിക്കുമോ? പക്ഷെ അതല്ല കാര്യം. ആരോഗ്യത്തിന് ഹാനികരാമായ ഇത്തരം ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറാവാന്‍ തന്നെ കിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഇത് വായിച്ചപ്പോള്‍ ഉടനെ എന്റെ മനസ്സിലേക്ക് വന്നത് "വൈകീട്ടെന്താ പരിപാടി " എന്ന നമ്മുടെ സൂപ്പര്‍താരത്തിന്റെ ഡയലോഗ് ആണ്. തന്നെ പോലെ ജന മനസ്സുകളില്‍ സ്ഥാനമുള്ള ആള്‍ക്കാര്‍ ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കാമോ എന്നത് അദ്ദേഹത്തിനു പ്രശ്നമേ അല്ല. എന്നുമാത്രമല്ല അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കേരളത്തിലെ എല്ലാരും മദ്യപിക്കുന്നവര്‍ ആണത്രേ. ഇതിനെയെല്ലാം ന്യായീകരിക്കാന്‍ ഉന്നയിക്കുന്ന മറ്റൊരു വാക്കാണ് കപട സദാചാരം എന്നത്. 

മദ്യം വരുത്തുന്ന ദൂഷ്യഫലങ്ങള്‍ ഇന്ന് ആര്‍ക്കും അജ്ഞാതമല്ല. മദ്യം പാപങ്ങളുടെ മാതാവാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഏതെങ്കിലും മതം ഇതിനെ പ്രോത്സാഹിപ്പിച്ചതായി അറിയില്ല. ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വരെ മദ്യത്തിനെതിരെ സംസാരിക്കുന്നു. മദ്യത്തെ കുറിച്ച് മതങ്ങള്‍ പറഞ്ഞതൊക്കെ മാറ്റി വക്കുക. ആരോഗ്യ പ്രശ്നങ്ങളെയും അവഗണിക്കുക. എന്നാലും ഇത് കുടുംബങ്ങളില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ അവഗണിക്കാന്‍ സൂപ്പര്‍ സ്റ്റാറിനാവുമോ? എത്ര കുടുംബിനികളാണ് ഇതുമൂലം കണ്ണീര് കുടിക്കുന്നത്‌ ? . സിനിമകളില്‍ കരഞ്ഞും കരയിപ്പിച്ചും ജനപ്രീതി നേടിയ ആള്‍ക്ക് ഇത് കപട സദാചാരവാദികള്‍ ഉണ്ടാക്കുന്ന പ്രശ്നമാണെന്ന് പറഞ്ഞ് ഈ കുടുംബിനികളുടെ കണ്ണീര്‍ കണ്ടില്ലെന്നു നടിക്കാനാവുമോ?

എന്തായാലും സച്ചിനെ അഭിനന്ദിക്കാതെ വയ്യ. പണത്തിനു മുകളിലും ചിലതുണ്ട്‌ എന്ന് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു.

Thursday, December 9, 2010

വാദപ്രതിവാദമല്ല സംവാദം


സ്കൂളില്‍ പഠിച്ചിരുന്ന കാലം തൊട്ടേ ഞാന്‍ ഒരിക്കലും ക്ലാസില്‍ ഒന്നാമനായിരുന്നില്ല.  എന്റെ ക്ലാസില്‍ എന്നേക്കാള്‍ നന്നായി പഠിക്കുന്ന ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. ഒരിക്കലെങ്കിലും ഒന്നാമതെത്തണമെന്നു കലശമായ ആഗ്രഹം കൊണ്ടുനടക്കുന്ന ആ കാലത്താണ് ഒരു മലയാള പരീക്ഷ വരുന്നത്. എന്തുതന്നെയായാലും ഇത്തവണ വിട്ടുകൊടുത്തുകൂടാ..

പരീക്ഷ എളുപ്പമുള്ളതായിരുന്നു. അതില്‍ ഒരു ചോദ്യം  സംവാദം എന്ന വാക്കിന്റെ അര്‍ഥം എഴുതാന്‍ ആയിരുന്നു . ചെറുപ്പംമുതലേ സുന്നി- മുജാഹിദ് സംവാദങ്ങള്‍ കണ്ടും കേട്ടും വളര്‍ന്ന എനിക്ക് ആ വാക്കിന്റെ അര്‍ത്ഥത്തെ കുറിച്ച് ഒരു സംശയവും ഉണ്ടായിരുന്നില്ല. പരീക്ഷയും വല്യൂവേഷനും കഴിഞ്ഞു  പേപര്‍ തരാന്‍ നേരത്ത്‌ മലയാളം പഠിപ്പിച്ചിരുന്ന ലീല ടീച്ചര്‍ പതിവുപോലെ അടുത്ത് വിളിച്ച് സ്നേഹപൂര്‍വ്വം ശാസിച്ചു. "എന്തെങ്കിലുമൊക്കെ തെറ്റിചെങ്കിലേ നിനക്ക് സമാധാനമാവൂ !... സംവാദം എന്നതിനര്‍ത്ഥം വാദപ്രതിവാദം എന്നല്ല. സൌഹൃദ സംഭാഷണം, ചര്‍ച്ച എന്നൊക്കെയാണ് . അതുകൊണ്ട് അതിനു പകുതി മാര്‍ക്കേ തരൂ..." അപ്പൊ പിന്നെ ഞാന്‍ കേട്ട "സംവാദ"ങ്ങളോ എന്ന ചോദ്യമാണ് മനസ്സില്‍ വന്നത്. പക്ഷെ ചോദിച്ചില്ല.

അങ്ങനെ പതിവുപോലെ ഞാന്‍ വീണ്ടും രണ്ടാമനായി. എന്നാലെന്താ .. ഒരു വലിയ പാഠം അന്ന് പഠിച്ചു.
വാദപ്രതിവാദമല്ല  സംവാദം....

(സുന്നി- മുജാഹിദ് എന്തെന്ന് അറിയാത്തവര്‍ -ഇവ രണ്ടു മുസ്ലിം സംഘടനകള്‍ ആണെന്നും ഇവര്‍ തമ്മിലുള്ള സംവാദങ്ങള്‍ പലപ്പോഴും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ ആകാറുണ്ടെന്നും മാത്രം മനസ്സിലാക്കുക.)

Friday, December 3, 2010

ലവ് ജിഹാദ്‌ : കേസ്‌ ഡയറി പൂട്ടുമ്പോള്‍ ....

ലവ് ജിഹാദുമായി ബന്ധപ്പെട്ട അവസാന കേസും കേരള ഹൈക്കോടതി അവസാനിപ്പിച്ചു. പക്ഷെ അത് കേരളീയ സമൂഹത്തില്‍ ഏല്‍പ്പിച്ച മുറിവ് ഉണങ്ങുമോ എന്ന ചോദ്യം അവശേഷിക്കുന്നു.

 കേരളത്തിലും കര്‍ണ്ണാടകയിലും മുസ്ലിം ചെറുപ്പക്കാര്‍ ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രേമം നടിച്ച് മതം മാറ്റത്തിന് പ്രേരിപ്പിക്കുന്നു. ഇവര്‍ക്ക് ഒരു സംഘടന ഉണ്ട്. കോളേജുകളിലും ജോലി സ്ഥലത്തും മറ്റും  ഇവര്‍ സജീവമാണ്.  കോളേജ് കുമാരി മാരെയും ഉദ്യോഗസ്ഥര്‍ ആയ യുവതികളെയും ആണ് ഇവര്‍ നോട്ടം ഇട്ടിരിക്കുന്നത്. ഇതര മതത്തില്‍ പെട്ട പെണ്‍കുട്ടികളെ പ്രണയിക്കുവാനും, വലയില്‍ വീഴ്ത്തി വിവാത്തിലേക്ക് എത്തിക്കുവാനും ആണ് സന്ഘടനയുടെ നിര്‍ദേശം. രണ്ടു ആഴ്ചയ്ക്കുള്ളില്‍ പ്രണയത്തില്‍ വീഴാത്ത പെണ്‍കുട്ടികളെ ഉപേക്ഷിക്കുവാനും, പ്രണയിച്ചു എത്രയും വേഗം തന്നെ വിവാഹത്തില്‍ എത്തിക്കുവാനും, അത് കഴിഞ്ഞു ഏതാനും മാസക്കാലം കൊണ്ടു മത പരിവര്‍ത്തനം ചെയ്യുവാനും, വീടുകരില്‍ നിന്നും അകറ്റി നിര്‍ത്തുവാനും, കുറഞ്ഞത് മൂന്നു നാല് കുട്ടികള്‍ എങ്കിലും ഉണ്ടാക്കുവാനും ആണ് ഈ സംഘടന നിഷ്കര്‍ഷിക്കുന്നത്.  ഇവര്‍ക്ക്‌ വിദേശ സഹായം ലഭിക്കുന്നുണ്ട്. പാക്കിസ്ഥാന്‍ ആണ് ആസ്ഥാനം. മുസലിം ചെറുപ്പക്കാര്‍ക്ക് ഈ സംഘടന മൊബൈല്‍ഫോണും ബൈക്കും എല്ലാം സൌജന്യമായി നല്‍കും. ഇങ്ങനെ ഒരു പെണ്‍കുട്ടി വലയിലായാല്‍ ലക്ഷം രൂപ പ്രതിഫലം.  നാലായിരത്തോളം പെണ്‍കുട്ടികള്‍ ഇങ്ങനെ ഇസ്ലാമീകരിക്കപ്പെട്ടു കഴിഞ്ഞു. എന്നിങ്ങനെയായിരുന്നു പ്രചാരണങ്ങള്‍ . ഹിന്ദുസ്ത്രീകളുടെ ഗർഭപാത്രത്തിൽ നിന്നും മുജാഹിദികളെ (ജിഹാദ് ചെയ്യുന്നവർ) സൃഷ്ടിക്കാൻ ആണ്  ലൗ ജിഹാദ് പ്രസ്ഥാനം ആരംഭിച്ചത് എന്നും 2007 മുതൽ ഇതര മതസ്ഥരായ 4000 പെൺകുട്ടികളെ നിർബന്ധിത മതം‌മാറ്റത്തിനു വിധേയമാക്കി എന്നുപോലും  ക്ഷേത്രസം‌രക്ഷണസമിതി ആരോപിച്ചു.


.............................


തങ്ങളുടെ മക്കളെ എങ്ങനെ ഈ ജിഹാദികളില്‍ നിന്ന് രക്ഷിക്കുമെന്ന് മാതാപിതാക്കള്‍ വ്യാകുലപ്പെട്ടു.  മുസ്ലിം ചെറുപ്പക്കാരെ സൂക്ഷിക്കണമെന്ന് മാതാ പിതാക്കള്‍ പെണ്‍കുട്ടികള്‍ക്ക് ഉപദേശം നല്‍കിത്തുടങ്ങി. ക്ലാസിലെ മുസ്ലിം കുട്ടികളോട് ഇടപെടുന്നത് സൂക്ഷിച്ചുവേണം. അവരെ വിശ്വസിച്ചുകൂടാ.  കാമ്പസുകളില്‍ ലഘുലേഖകളും മറ്റും വിതരണം ചെയ്യപ്പെട്ടു. പത്രങ്ങള്‍ മത്സരിച്ച് പരമ്പരകള്‍ എഴുതി. ചാനലുകള്‍ വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞു.  ഒരു പ്രത്യേക സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി  തികച്ചും വര്‍ഗീയമായ പ്രചാരണങ്ങള്‍ ഒട്ടേറെ നടന്നു. സാംസ്കാരിക നായകന്മാരെ പതിവുപോലെ 'അമ്പല നടയിലും കണ്ടില്ല പിന്നെ അരയാല്‍ തറയിലും കണ്ടില്ല'. ഒരു മുസ്ലിം യുവാവ്‌ അമുസ്ലിം യുവതിയോട് സംസാരിക്കുന്നത് പോലും സംശയത്തോടെ നോക്കിക്കാണാന്‍ തുടങ്ങി.  കോടതിക്കും സംശയമായി. അന്വേഷിക്കണമെന്ന് ജഡ്ജി. അങ്ങനെ അന്വേഷണം തുടങ്ങി. എന്നിട്ടോ?
അങ്ങനെയൊരു സംഘടന പ്രവര്‍ത്തിക്കുന്നതായി ഒരു ചെറിയ തെളിവ് പോലും കിട്ടിയില്ല. നാലായിരത്തോളം "ഇരകളെ " മനോരമ 'കണ്ടെത്തി'യെങ്കിലും കോടതിയില്‍ ഒന്നും   നിലനിന്നില്ല. അവസാനം അങ്ങനെയൊന്നില്ല എന്ന തീര്‍പ്പിലുംഎത്തി.



 ഇത് കേട്ട് നിങ്ങള്‍ തെറ്റിദ്ധരിക്കരുത് ഈ പ്രചാരണങ്ങള്‍ തുടങ്ങിയതും നടത്തിയതും ഹിന്ദു വര്‍ഗീയ വാദികളാണെന്നു. ലവ് ജിഹാദ്‌ കാമ്പയിന്‍ ആരംഭിച്ചതു മലയാള മനോരമയും കലാ കൌമുദിയും കേരള ശബ്ദവുമാണ്.  ക്രൈസ്തവ സഭയും ഹിന്ദു ഐക്യവേദിയും പിന്നീട് ഇത് ഏറ്റുപിടിച്ചു. ക്രിസ്ത്യന്‍ ജാഗ്രതാ സമിതി ലഘുലേഖ പ്രസിദ്ധീകരിച്ചു. 

ഇത്രക്കും അസംബന്ധമായ ഒരു ആരോപണം ഒരു ജനതയുടെ മേല്‍ കെട്ടിവച്ച് ആഘോഷിക്കുമ്പോള്‍ മാധ്യമങ്ങള്‍ അല്‍പം കൂടി പക്വത കാണിക്കണമായിരുന്നു. മനോരമ പത്രം അതിന്റെ ചരിത്രത്തില്‍ ഇത്രത്തോളം അധ;പതിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. പമ്പര വിഡ്ഢിത്തങ്ങള്‍ പരമ്പരയായി പ്രസിദ്ധീകരിച്ചു. കഥകള്‍ പൊടിപ്പും തൊങ്ങലും വച്ച്(മനോരമ സ്റ്റൈല്‍ ) വിവരിച്ചു. ഇല്ലാത്ത പൂച്ചയെ ഇരുട്ടില്‍ തപ്പുന്ന ഏര്‍പ്പാട് കുറെ കാലം അവര്‍ തുടര്‍ന്നു. സംഘ പരിവാര്‍ പോലും അവരുടെ ലഘുലേഖയില്‍ ഉദ്ധരിച്ചതു മനോരമ വിവരണങ്ങള്‍ ആണ്..

ഇപ്പോഴിതാ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ലവ് ജിഹാദുമായി ബന്ധപ്പെട്ട അവസാന കേസും കോടതി നിര്‍ത്തുന്നു. ഫയലുകള്‍ അടക്കുന്നു. മനോരമയുടെ ജിഹാദ്‌ കെട്ടടങ്ങി. നാലായിരത്തിന്റെ കണക്കൊന്നും കേള്‍ക്കുന്നില്ല. അസംബന്ധം പ്രചരിപ്പിച്ച ആ പത്രങ്ങളൊക്കെ 'മലയാളത്തിന്റെ സുപ്രഭാതം' ആയും 'പത്രത്തോടൊപ്പം ഒരു സംസ്കാരം പ്രചരിപ്പിച്ചും' ഇന്നും നമ്മുടെ വീട്ടുപടിക്കല്‍ എത്തുന്നു. മാധ്യമങ്ങള്‍ നടത്തിയതൊക്കെ നുണപ്രചരണം ആണെന്ന് വ്യക്തം. പക്ഷെ അപ്പോഴേക്കും  പലരുടെയും മനസ്സുകളില്‍ പലരെ കുറിച്ചും പല ധാരണകളും രൂപപ്പെട്ടിരുന്നു. മനസ്സുകളില്‍ സംശയവും അവിശ്വാസവും വളര്‍ന്നിരിക്കുന്നു. അത് തന്നെയാണ് 'ലവ് ജിഹാദിന്റെ ' ഉപജ്ഞാതാക്കള്‍ ലക്‌ഷ്യം വച്ചതും.
Related Posts Plugin for WordPress, Blogger...