Sunday, April 24, 2011

ശ് ..ഒച്ച വെക്കല്ലേ അവര്‍ പഠിക്കുകയാണ് ...

എന്‍ഡോസള്‍ഫാന്‍ പഠന റിപ്പോര്‍ട്ട് വരുന്നത് വരെ അത് നിരോധിക്കാന്‍ പറ്റില്ലെന്ന പ്രധാന മന്ത്രിയുടെ പ്രസ്താവന പ്രതിഷേധങ്ങള്‍ക്ക്‌ ഇടയാക്കിയിരിക്കുകയാണ്. വി. എസ് എന്‍ഡോസള്‍ഫാന്‍ സമരത്തെ രാഷ്ട്രീയ വല്‍കരിച്ചു എന്ന് ആരോപിച്ച് സംയുക്ത സമരത്തില്‍നിന്നു യു.ഡി.എഫ് പിന്മാറുകയും ചെയ്തു. “പഠന റിപ്പോര്‍ട്ട് വരട്ടെ” എന്നാണ് അവരും പറയുന്നത്.ഇത് പറയുന്നത് കേട്ടാല്‍ തോന്നും എന്തോ വലിയ ഒരു സംഗതിയാണ് വരാന്‍പോകുന്നത് എന്ന്. “ന്റെ ആട് പെറട്ടെ” എന്ന് പാത്തുമ്മ പറയുന്നത് പോലെ ...

മല എലിയെ പ്രസവിക്കുന്നത് പോലെയാണ് ഒട്ടുമിക്ക എല്ലാ പഠന റിപ്പോര്‍ട്ടുകളുടെയും സ്ഥിതി. ഒരു പ്രശ്നം ഉണ്ടാവുകയും ജനങ്ങള്‍ കുറെ കാലം മുറവിളി കൂട്ടുകയും ചെയ്യുമ്പോള്‍ തല്‍ക്കാലം രക്ഷപ്പെടാന്‍ - കണ്ണില്‍ പൊടിയിടാന്‍ - ഒരു കമ്മീഷനെ വെക്കും,വിഷയം പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ . അങ്ങനെ ആ കമ്മീഷന്‍ പഠിക്കും, വീണ്ടും പഠിക്കും. വീണ്ടും വീണ്ടും പഠിക്കും. എന്നിട്ട് കുറെ കാലം കഴിഞ്ഞ്‌ ആ വിഷയത്തിന്റെ ഗൌരവം ചോര്‍ന്നു പോയ ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കും (ഇതിനിടക്ക് ഖജനാവില്‍ നിന്ന് നല്ലൊരു പങ്ക് തീര്ത്തിട്ടുണ്ടാവും). അങ്ങനെ റിപ്പോര്‍ട്ട് റെഡി! ഗവണ്മെന്റ് ഉടനെ അത് വാങ്ങി ഫ്രീസറില്‍ വെക്കും. (റിപ്പോര്‍ട്ടുകള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഇന്ത്യയില്‍ ഉള്ള അത്ര നല്ല ഫ്രീസര്‍ ലോകത്ത്‌ വേറെ എവിടെയും ഇല്ല). ഇനി ആരേലും ഒക്കെ ഇത് ഓര്‍ത്തെടുത്ത് ചോദിച്ചാല്‍ മന്ത്രിമാര്‍ പറയും “ഞങ്ങള്‍ റിപ്പോര്‍ട്ട് പഠിച്ചുകൊണ്ടിരിക്കുകയാണ്” ഇവര്‍ എത്ര പഠിച്ചാലും പഠിച്ചാലും തീരില്ല. പിന്നെയും പറഞ്ഞുകൊണ്ടിരിക്കും.“ഞങ്ങള്‍ റിപ്പോര്‍ട്ട് പഠിച്ചുകൊണ്ടിരിക്കുകയാണ്” (ഇങ്ങനെ പഠിക്കാന്‍ അറിയുമായിരുന്നെങ്കില്‍ രാഷ്ട്രീയത്തില്‍ വരുമോ എന്ന് ഉള്ളില്‍ ചിരിക്കുന്നുണ്ടാവും) ഇനി അവര്‍ ഉദ്ദേശിച്ച രൂപത്തില്‍ അല്ല റിപ്പോര്‍ട്ട് എങ്കില്‍ ഈ കമ്മീഷനെ പിരിച്ചു വിട്ടു വേറെ ഒന്നിനെ നിയമിക്കുകയും ആകാം..പിന്നെയും ജനങ്ങള്‍ മുറവിളി കൂട്ടിയാല്‍ റിപ്പോര്‍ട്ട് സഭയില്‍ ചര്‍ച്ചക്ക്‌ വെക്കും. അങ്ങനെ നമ്മുടെ മഹാന്മാരായ നേതാക്കള്‍ ചായയും കുടിച് അത് രണ്ടു ദിവസം ചര്‍ച്ച ചെയ്യും. അതോടെ സംഗതി ക്ലോസ് ! കാരണം ഒട്ടുമിക്ക പഠന റിപ്പോര്‍ട്ടുകളും കേവല പഠനങ്ങള്‍ ആയിരിക്കും ഒരു ആക്ഷന്‍ പ്ലാന്‍ അതിന്റെ കൂടെ ഉണ്ടാവില്ല.(ഉദാ: സച്ചാര്‍കമ്മിറ്റി) അപ്പോള്‍ എന്ത് ചെയ്യും ?? ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്ത് നടപടികള്‍ സ്വീകരിക്കണം എന്ന് പഠിക്കാന്‍ വേറെ ഒരു കമ്മീഷനെ വെക്കാം !! എങ്ങുനുണ്ട് ബുദ്ധി !!

അങ്ങനെ എത്രയെത്ര റിപ്പോര്‍ട്ടുകളാണ് പൊടി പിടിച്ചു കിടക്കുന്നത്? എത്ര റിപ്പോര്‍ട്ടുകള്‍ നല്ല രൂപത്തില്‍ വായിക്കപ്പെട്ടു ? ചര്‍ച്ച ചെയ്യപ്പെട്ടു ? ഫലപ്രദമായി നടപ്പിലാക്കിയവ എത്ര? എന്നിങ്ങനെ കണക്കെടുക്കുന്നത് കൌതുകകരം ആയിരിക്കും. ഓരോ കമ്മീഷന്റെയും പേരില്‍ പൊടിക്കുന്നത് കോടികള്‍ ആണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ട്, ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്, നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നിങ്ങനെ  നമുക്ക്‌ സുപരിചിതമായതും അല്ലാത്തതുമായ പഠന റിപ്പോര്‍ട്ടുകളുടെ ഗതി എന്തായി എന്ന് നന്നായി ഒന്ന് ആലോചിച്ചു നോക്കൂ.

അതുകൊണ്ട് ദയവായി ഇനിയും ഈ ജനങ്ങളെ പഠന റിപ്പോര്‍ട്ട് എന്ന് പറഞ്ഞു പറ്റിക്കരുത്. ജന ജീവിതത്തെ ദുസ്സഹമാക്കുന്ന കാര്യങ്ങളില്‍ പെട്ടെന്ന് തീരുമാനം എടുക്കാന്‍ ഭരണ കൂടത്തിനു കഴിയണം. പഠന റിപ്പോര്‍ട്ടോ ചര്‍ച്ചയോ ഇല്ലാതെ പെട്ടെന്ന് അംഗീകരിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്യുന്ന ഒരേ ഒരു കാര്യം എം.പി മാരുടെയും എം.എല്‍.എ മാരുടെയും ശമ്പള വര്‍ധനവ്‌ ആണ്. അധികാരി വര്‍ഗ്ഗത്തിനു വേഗത ഇല്ലാ എന്ന് നിങ്ങള്‍ പറയരുത്. കണ്ടു പഠിക്കൂ...

പിന്കുറി :- പാഴായി പോകുന്ന പഠന റിപ്പോര്‍ട്ടുകളെ കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു കമ്മീഷനെ ഉടനടി നിയമിക്കണം എന്ന് ഞാന്‍ ശക്തമായി ആവശ്യപ്പെടുന്നു ..ഹി.... ഹി
Related Posts Plugin for WordPress, Blogger...