Thursday, November 25, 2010

അറിവ്‌ വിവരം വിദ്യാഭ്യാസം


(ബി ടെക് മൂന്നാം വര്‍ഷം കോളേജ്‌ മാഗസിന്‍ പ്രസിദ്ധീകരിച്ചത് )

Tuesday, November 23, 2010

കുഞ്ഞുമോള്‍

“മ്മാ.. മ്മാ.. ന്നെ മൊതല കടിച്ച്.”
അടുക്കളയില്‍ തിരക്കിലായിരുന്ന രഹ്നായുടെ മാക്സി പിടിച്ച് വലിച്ചുകൊണ്ട് കുഞ്ഞുമോള്‍ പറഞ്ഞു. പക്ഷെ അത് ശ്രദ്ധിക്കാന്‍ രഹ്നക്ക് അപ്പോള്‍ സമയമുണ്ടായിരുന്നില്ല.
“ഹയ്..ഹയ് മാക്സി വിട്.... മൊതല എന്നല്ല പറയേണ്ടത്‌ ‘മുതല’,‘മുതല’ ക്രോകോഡയില്‍”
അവള്‍ തിരുത്തി. മോള്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ചിണുങ്ങികൊണ്ട് അവള്‍ പറഞ്ഞു.
“ശരിക്കും വല്യ മോതലേണ് ന്നെ കടിച്ചത്”
ഇത്തവണ രഹ്നക്ക് ശരിക്കും ദേഷ്യം വന്നു.
“നീയിവിടെ ചുറ്റിപ്പറ്റി നില്‍ക്കാതെ ആ മുറ്റത്ത് പോയി കളിച്ചു നോക്കൂ....ഉമ്മാക്കിവിടെ ഒത്തിരി പണിയുണ്ട്. ടി.വിയില്‍ ഓരോന്ന് കണ്ടിട്ട് വരും!”
ഉച്ചക്ക്‌ ഊണിനെത്തുന്ന അനിയത്തിയേയും ഭര്‍ത്താവിനെയും സല്‍ക്കരിക്കാനുള്ള വിഭവങ്ങള്‍ ഒരുക്കുന്ന തിരക്കിലായിരുന്നു അവള്‍. മോള്‍ കുറച്ച് നേരം കൂടി അവിടെ ചുറ്റിപ്പറ്റി നിന്നു. പിന്നെ പതുക്കെ ഉപ്പയുടെ അടുത്തേക്ക് പോയി.

ഉപ്പയുടെ ചുറ്റും കുറെ ആള്‍ക്കാര്‍ ഇരിക്കുന്നുണ്ട്. കാര്യമായ എന്തോ സംസാരത്തിലാണ്. ഉപ്പ എപ്പോഴും തിരക്കിലാണ്. എന്ന് വച്ച് മോള്‍ക്ക്‌ പറയാതിരിക്കാന്‍ പറ്റുമോ?
“പ്പാ.... ന്നെ മൊതല കടിച്ച്.”
ഉപ്പ അവളെ നോക്കി ചിരിച്ചു. അടുത്തേക്ക് ആംഗ്യം കാട്ടി വിളിച്ചു. കൂടെ ഇരുന്ന വലിയ കണ്ണട വച്ച കഷണ്ടിക്കാരന്‍ മോളെ നോക്കി പറഞ്ഞു
“ചീത്ത കുട്ടികളെയേ മുതല കടിക്കൂ. നല്ല കുട്ടികളെ ഒന്നും ചെയ്യില്ല. രാത്രി ഉറങ്ങാതെ കരയുന്ന കുട്ടികളെ സിംഹം പിടിക്കും! മോള്‍ നല്ല കുട്ടിയല്ലേ?”
ഇതാണ് ഉപ്പയുടെ പ്രശ്നം. മോളൊരു ദിവസം രാത്രി കരഞ്ഞെന്നു വച്ച് അതെല്ലാരോടും പറയാനെന്തിരിക്കുന്നു? മോള്‍ നല്ല കുട്ടി തന്നെ. പക്ഷെ പിന്നെന്തിനാണ് മോളെ ‘മൊതല’ കടിച്ചത്? അവള്‍ പതുക്കെ തിരിച്ച് നടന്നു.....

                 - - - - - - - - - - - - - - - - - - - - - - -
“മോളെവിടെ” അനിയത്തി ചോദിച്ചു. “ഇതവള്‍ക്കാണ്‌” വലിയൊരു പൊതി അവള്‍ ഉയര്‍ത്തിക്കാട്ടി.
“അവള്‍ ഇവിടെ എവിടെയെങ്കിലും കാണും.” രഹ്ന പറഞ്ഞു. “ഞാന്‍ വിളിക്കാം, മോളേ...ഇതാരാ വന്നതെന്ന് നോക്കിയേ”
“അവളുറങ്ങാ..” അകത്തെ റൂമില്‍ കയറിയ അനിയത്തിയാണ് അത് കണ്ടുപിടിച്ചത്‌. “അവളീനേരം ഉറങ്ങാറില്ലല്ലോ.. വിളിക്കൂ..” കുലുക്കി വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല.
                                      - - - - - - - - - - - - - - - -
“എന്തേ ഇത്ര വൈകിയത്‌?” ഡോക്ടര്‍ ചോദിച്ചു. “അണലിയാണ്..വിഷം കുറെ കയറിപ്പോയി.... രക്ഷപ്പെടുന്ന കാര്യം.....” ഡോക്ടര്‍ തല താഴ്ത്തി.. “കുറച്ചു നേരത്തെ എത്തിയിരുന്നെങ്കില്‍....” ഡോക്റ്റര്‍ നടന്നകന്നു.

ആശുപത്രി കട്ടിലില്‍ കിടന്നു കുഞ്ഞുമോള്‍ അപ്പോഴും അവ്യക്തമായി പറയുന്നുണ്ടായിരുന്നു. “ ഞാമ്പറഞ്ഞിലേ.... ഞാമ്പറഞ്ഞിലേ.. ന്നെ മൊതല കടിച്ച്.... ന്നെ....മൊതല... ഞാമ്പറഞ്ഞിലേ....”

Monday, November 15, 2010

ഹജ്ജും പെരുന്നാളും           സാങ്കേതികമായി ഞാന്‍ ഇപ്പോള്‍ ഹജ്ജ്‌ നിര്‍വഹിച്ചുകഴിഞ്ഞു. പക്ഷേ എന്തോ ഒന്നിന്റെ അഭാവം എനിക്ക് അനുഭവപ്പെട്ടു. അതെന്നെ അസ്വസ്ഥനാക്കി. ഹജ്ജിലെ ഓരോ കര്‍മ്മവും വളരെ സൂക്ഷ്മതയോടെയും ഭയഭക്തിയോടെയും കൂടിയാണ് നിര്‍വഹിച്ചതെന്ന് എനിക്കറിയാം. എന്നിട്ടും എന്തോ ഒന്ന് ചെയ്യാന്‍ വിട്ടുപോയതുപോലുള്ള ഒരു തോന്നല്‍ എന്നില്‍ ഇച്ഛാഭംഗം സ്രഷ്ടിച്ചു.........


....... “ക്ഷമിക്കണം ഞാനൊന്നു ചോദിച്ചോട്ടെ!” വളരെ വിനയത്തോടും ക്ഷമാപണ സ്വരത്തിലും അയാള്‍ ചോദിച്ചു.
കണ്ണട വെച്ചുതന്നെ ഞാന്‍ എന്റെ ശിരസ്സ്‌ ശരിയാക്കി.
“ചോദിച്ചോളൂ !” ദീര്‍ഘനിശ്വാസത്തോടെ  ഞാന്‍ പറഞ്ഞു.
“നിങ്ങള്‍ ഒരു അമേരിക്കക്കാരനാണോ?”
“അതെ” അടുത്ത ചോദ്യം എന്തായിരിക്കുമെന്നറിയാവുന്നതുകൊണ്ട് മടുപ്പോടെ ഞാന്‍ ഒരു നെടുവീര്‍പ്പുകൂടിയിട്ടു.


അനന്തരം അയാള്‍ അല്‍പംകൂടി എന്നോടു അടുത്തിരുന്ന് വളരെ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു “താങ്കളെങ്ങനെയാണ് മുസ്ലിമായതെന്നു ഒന്ന് പറഞ്ഞു തരാമോ?”

              കഴിഞ്ഞ ഏഴു ദിവസങ്ങളില്‍ , ഈ ചോദ്യം ഓരോ തവണ എന്നോടു ചോദിക്കുമ്പോഴും എന്റെ മറുപടിയുടെ ദൈര്‍ഘ്യം ക്രമേണ കുറഞ്ഞു വന്നിരുന്നു.ആദ്യ തവണ എന്റെ കഥ പറയാന്‍ അര മണിക്കൂറെടുത്തു. പക്ഷെ ഇപ്പോള്‍ ഞാനത് അര മിനിട്ടാക്കി കുറച്ചു. ഇരുത്തത്തിന്റെ രൂപം മാറ്റാതെ, കണ്ണുകള്‍ തുറക്കാതെ ഞാന്‍ താഴെ പറയുന്ന രത്നച്ചുരുക്കം അയാള്‍ക്ക്‌ നല്‍കി.
“ക്രിസ്ത്യാനിയാണ് ഞാന്‍ ജനിച്ചത്‌. ദൈവം എന്ന ആശയത്തോട് യുക്തിപരമായ ചില സംശയങ്ങള്‍ ഉണ്ടായതുകാരണം പതിനെട്ടാം വയസ്സില്‍ ഒരു നാസ്തികനായി. പിന്നീടുള്ള പത്തുവര്‍ഷം നാസ്തികനായിതന്നെ തുടര്‍ന്നു. ഇരുപത്തെട്ടാം വയസ്സില്‍ ഒരു ഖുര്‍ആന്‍ വ്യാഖ്യാനം വായിക്കാനിടയായി. എന്റെ സംശയങ്ങള്‍ക്ക്‌ ഞാന്‍ ഖുര്‍ആനില്‍ തൃപ്തികരമായ മറുപടി കണ്ടെത്തിയെന്നു മാത്രമല്ല, അത് തുടര്‍ന്നു വായിച്ചതിന്റെ ഫലമായി ദൈവവിശ്വാസിയുമായി. അങ്ങനെ ഞാനൊരു മുസ്ലിമായി”.

           എന്റെയീ ‘സിനോപ്സിസ്‌’ പറഞ്ഞുതീര്‍ത്തതോടെ, അപമര്യാദയാംവിധം ഹ്രസ്വമായ ഈ മറുപടി കേട്ട് അയാള്‍ സ്ഥലം വിട്ടുവോ എന്നറിയാന്‍ ഞാന്‍ ഇടംകണ്ണിട്ട് നോക്കി. എന്നെ അത്ഭുതപ്പെടുത്തികൊണ്ട്, അയാളുടെ കവിളിലൂടെ കണ്ണുനീര്‍ ഒഴുകുന്നതാണ് ഞാന്‍ കണ്ടത്‌. എന്റെ അമ്പരപ്പ് പിന്നെ പറയാനുണ്ടോ?
          ആ നിമിഷത്തില്‍, ഇത്ര നിര്‍വികാരമായും ദുരഹങ്കാരത്തോടെയും പെരുമാറിയതിന് ഞാന്‍ ദൈവത്തോടു മാപ്പിരന്നു. വിശ്വാസത്തോടുള്ള ശക്തമായ സ്നേഹം ഇത്രയെളുപ്പത്തില്‍ കരയിക്കുകയും ഞാന്‍ പറഞ്ഞതുപോലുള്ള വികാരനിശൂന്യമായ കഥയില്‍ പോലും ദൈവത്തിന്റെ മഹത്വവും കാരുണ്യവും ദര്‍ശിക്കുകയും ചെയ്യുന്ന എന്റെയീ വിനീതനായ സഹോദരനെപോലെ എന്നെയും മാറ്റിത്തരേണമെന്നു അവനോടു പ്രാര്‍ഥിക്കുകയും ചെയ്തു. ഞാന്‍ നേരെയിരുന്ന്‍ അയാളുടെ മുഖത്തേക്ക് നോക്കി.

“എന്താണ് നിങ്ങളുടെ പേര്‍ ? ഏത്‌ നാട്ടുകാരനാണ് നിങ്ങള്‍?” ഞാന്‍ ചോദിച്ചു.
“എന്റെ പേര്‍ അഹമ്മദ്‌. ബംഗ്ലാദേശുകാരനാണ്.” ഒരു ചെറുപുഞ്ചിരിയോടെ അയാള്‍ മറുപടി നല്‍കി. എന്നിട്ട് കണ്ണുതുടച്ചു.
“താങ്കളെ കണ്ടുമുട്ടിയതില്‍ വളരെ സന്തോഷം,അഹമ്മദ്. എന്റെ പേര് ജഫ്രി. യുനൈറ്റഡ് സ്റ്റേറ്റ്സിലെ കന്‍സാസ് സംസ്ഥാനത്ത് നിന്നു വരുന്നു.” ഞങ്ങള്‍ അല്‍പം വിശദമായി പരിചയപ്പെട്ടശേഷം അഹമ്മദ്‌ പൊടുന്നനെ ആഹ്ലാദപൂര്‍വ്വം ചോദിച്ചു: “ഇത്തവണത്തേത് ആവേശകരമായ ഹജ്ജായിരുന്നു അല്ലേ, സഹോദരന്‍ ജെഫ്രീ?”
ഞാനൊന്നും മിണ്ടിയില്ല.
“ഓര്‍ത്തു നോക്കൂ, നാമിവിടെ എത്തിയ ദിവസം” അയാള്‍ തുടര്‍ന്നു:
“നിങ്ങള്‍ക്ക് ചുറ്റും തീര്‍ഥാടകര്‍ വിളിച്ചുപറയുന്നത് കേട്ടിരുന്നില്ലേ? ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്.’
താങ്കള്‍ക്കറിയാമോ ഞങ്ങളുടെ നാട്ടില്‍ ‘ലബ്ബൈക്കി’ന്റെ അര്‍ത്ഥമെന്താണെന്ന്?”

“ക്ഷമിക്കണം എനിക്ക് ബംഗ്ലാദേശിനെ കുറിച്ച് ഒന്നുമറിയില്ല” ഞാന്‍ പറഞ്ഞു.
അയാള്‍ വളരെ സൂക്ഷ്മമായി എന്റെ നേരെ നോക്കികൊണ്ട് പറഞ്ഞു:


ഞങ്ങളുടെ നാട്ടില്‍, ഒരധ്യാപകന്‍ ക്ലാസില്‍ വെച്ച് ഒരു വിദ്യാര്‍ത്ഥിയെ വിളിച്ചാല്‍ അവനുടനെ അറ്റന്‍ഷനില്‍ നിന്ന് ‘ലബ്ബൈക്ക്, ടീച്ചര്‍, ലബ്ബൈക്ക്’ എന്ന് പറയും. ‘ഞാന്‍ തയ്യാര്‍, പറഞ്ഞോളൂ! ഞാന്‍ ചെയ്യാം’ എന്നാണതിനര്‍ത്ഥം. അല്ലാഹുവിനോട് മുസ്ലിംകളായ നാം സ്വീകരിക്കെണ്ടുന്ന നിലപാടും ഇതുതന്നെ. അങ്ങനെയായിരുന്നു പ്രവാചകന്‍മാരുടെ രീതി. അല്ലാഹു ഇബ്രാഹിം നബിയോട് ഹജ്ജിന് ആഹ്വാനം നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍, അദ്ദേഹത്തോടൊപ്പം മക്കയില്‍ ആരുമുണ്ടായിരുന്നില്ല- അദ്ദേഹത്തിന്റെ കുടുംബവും ഏതാനും ആട്ടിടയന്‍മാരും ഉണ്ടായിരുന്നിരിക്കാം. അത് ഞാനോ നിങ്ങളോ ആയിരുന്നെങ്കില്‍ നാം സംശയിച്ച്, ‘ചുറ്റുവട്ടത്ത് ആരും കേള്‍ക്കാനില്ലാതെ ഹജ്ജിനു വിളിക്കുന്നതിനെന്തര്‍ത്ഥം’ എന്ന് ചോദിക്കുമായിരുന്നു. പക്ഷെ ഇബ്രാഹിം നബിയുടെ വിശ്വാസവും ദൈവത്തിലുള്ള പ്രതീക്ഷയും വമ്പിച്ചതായിരുന്നു. അതുകൊണ്ട് ഒരു നിമിഷം പോലും അദ്ദേഹം ശങ്കിച്ച് നിന്നില്ല. പകരം ആളൊഴിഞ്ഞ ആ പ്രദേശത്ത്‌ ഉടന്‍ ‘ആദാന്‍’ മുഴക്കുകയാണുണ്ടായത്. അല്ലയോ സഹോദരന്‍ ജഫ്രീ, തന്റെ വിളിക്ക് ഉത്തരം നല്‍കിക്കൊണ്ട് ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഇന്ന് ഇവിടെ സമ്മേളിച്ചതും നാം രണ്ടുപേര്‍, അമേരിക്കക്കാരനായ താങ്കളും ബംഗ്ലാദേശുകാരനായ ഞാനും, സഹോദരങ്ങളെപ്പോലെ മിനായിലേക്കുള്ള ഒരു ബസ്സില്‍ ഇരിക്കുന്നതും ഇബ്രാഹീം നബി കണ്ടിരുന്നെങ്കില്‍!”
            ഇപ്പോള്‍ വികാരവിക്ഷോഭം എന്റെ ഊഴാമായിരുന്നു. എനിക്ക് എന്നെകുറിച്ച് വല്ലാത്ത ലജ്ജ തോന്നി. ഞാന്‍ കരഞ്ഞുപോകുമെന്നായി. തീര്‍ഥാടനത്തില്‍ ബാക്കിയായതെന്നു എനിക്ക് തോന്നിയ കര്‍മ്മം ഏതെന്ന് എനിക്കിപ്പോള്‍ പിടികിട്ടി. ഒത്തൊരുമ, സാഹോദര്യ ബോധം, ഇസ്‌ലാം വിശ്വാസികളുടെ മേല്‍ ചുമത്തുന്ന സ്നേഹം എന്നിവയുടെ അഭാവമായിരുന്നു എന്റെ ഹജ്ജ്‌ കര്‍മ്മത്തിലെ പോരായ്മ എന്ന് എനിക്ക് മനസ്സിലായി. (Even angels ask- Jeffrey Lang)
വീണ്ടുമൊരു ഹജ്ജും ബലിപെരുന്നാളും വന്നണയുമ്പോള്‍ എന്താണ് ഇവയുടെ സന്ദേശം എന്ന് ഓര്‍ത്തപ്പോള്‍ ആദ്യം മനസ്സിലേക്ക് വന്നത് ജെഫ്രി ലംഗിന്റെ ഈ വരികളാണ്. പ്രവാചകന്‍ ഇബ്രാഹിമുമായി ബന്ധപ്പെട്ട ആരാധനാ കര്‍മ്മമാണ് ഹജ്ജ്‌. ഇസ്‌ലാമും ക്രിസ്തുമതവും ജൂതമതവും കൂടിച്ചേരുന്ന ബിന്ദുവാണ് ഇബ്രാഹീം(ബൈബിളിലെ അബ്രഹാം). ഇബ്രാഹിം നബിയെ ബഹുമാനിക്കുന്നത് മുസ്ലിംകള്‍ മാത്രമല്ല, ക്രൈസ്തവര്‍ക്കും ജൂതര്‍ക്കും അദ്ദേഹം ബഹുമാന്യനാണ്. ഇബ്രാഹിം നബിയുടെ കാലം വരെ ഈ മൂന്നു മതങ്ങളും ഒന്നായിരുന്നു. അതിനു ശേഷമാണ് ഭിന്നതകള്‍ ഉടലെടുത്തത്‌. ലോകത്ത്‌ പലപ്പോഴും ഭിന്ന ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഈ മൂന്ന് വിഭാഗത്തിനും ഒരു പൊതു പൈതൃകം ഉണ്ടെന്ന കാര്യം കൌതുകകരമാണ്. അതിനാല്‍ ഖുര്‍ആന്‍ പറഞ്ഞു “ നിങ്ങള്‍ പരസ്പരം യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തുവിന്‍ ... നിങ്ങളുടെ പിതാവായ ഇബ്രാഹീമിന്‍റെ പാത പിന്‍പറ്റുകയും ചെയ്യുവിന്‍ .” ഏവരും അംഗീകരിക്കുന്ന വ്യകതിയായിരുന്നല്ലോ ഇബ്രാഹിം. ആദ്യം പരസ്പരം യോജിപ്പുള്ള കാര്യങ്ങളില്‍ ഒന്നിക്കുകയും അതില്‍ നിന്നുകൊണ്ട് വിയോജിപ്പുള്ള കാര്യങ്ങളില്‍ സംവദിക്കാനുമാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. 
വ്യത്യസ്ത മത വിഭാഗങ്ങള്‍ ജീവിക്കുന്ന ഒരു നാട്ടില്‍ മതകീയമായ ആഘോഷങ്ങള്‍ക്ക് എന്താണ് പ്രസക്തി? പരസ്പരം അറിയാനും അടുക്കാനും ഉള്ള അവസരങ്ങള്‍ അത് സൃഷ്ടിക്കുന്നു എന്നതാണെന്ന് ഞാന്‍ കരുതുന്നു. ഈ അവസരങ്ങള്‍ നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. പരസ്പരം അറിയുന്നതിലൂടെ കൂടുതല്‍ നന്നായി പരസ്പരം അടുക്കാന്‍ നമുക്ക്‌ കഴിയും, കഴിയണം. ഇപ്പോള്‍ പെരുന്നാള്‍ സമയമാണ്. കുറച്ച്  കഴിഞ്ഞു ക്രിസ്തുമസ് വരുന്നു. ഈ അവസരങ്ങള്‍ മറ്റുള്ളവരെ കുറിച്ച് അറിയാനും അടുക്കാനും നാം ഉപയോഗിക്കുക. ഓഫറുകള്‍ ധാരാളമുള്ള ഈ കാലത്ത്‌ ഫോണുകള്‍ പരസ്പരം സംസാരിക്കുകയും ഹൃദയങ്ങള്‍ പരസ്പരം സംസാരിക്കാതിരിക്കുകയും ചെയ്യുന്നു എന്നതാണ് ദുഖകരമായ കാര്യം. അന്യരുടെ ഹൃദയങ്ങളിലേക്ക് കയറിച്ചെല്ലാന്‍ നമുക്ക്‌ കഴിയട്ടെ.

 എല്ലാര്‍ക്കും ഹൃദ്യമായ പെരുന്നാള്‍ ആശംസകള്‍ .......   .

Tuesday, November 9, 2010

പനോരമ


നീണ്ടു കിടക്കുന്ന മല നിരകള്‍ , വലിയ കെട്ടിടങ്ങള്‍ ,  വിശാലമായ കടല്‍ത്തീരം എന്നിവയൊക്കെ മുഴുവനായി ഒരു ഫോട്ടോയില്‍  ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കും എന്ന് നമ്മില്‍ പലരും പലപ്പോഴും ചിന്തിചിട്ടുണ്ടാവും. ഇങ്ങനെയുള്ള വളരെ വിശാലമായ view angle ഉള്ള ചിത്രങ്ങള്‍ക്കാണ് പനോരമ എന്ന് പറയുക. view angle എത്രത്തോളം വിശാലമാവാം?  180 ഡിഗ്രി  view angle ഉള്ള ചിത്രങ്ങള്‍ ഇന്ന് ഒരു പുതുമയല്ലാതായിരിക്കുന്നു.   360 ഡിഗ്രി view angle ഉള്ള ചിത്രങ്ങള്‍ ഇന്ന് സുലഭമാണ്. എന്ന് വച്ചാല്‍ സാധാരണ ഒരു ഫോട്ടോ കാണുന്ന കാഴ്ചക്ക്‌ ഉപരി നിങ്ങള്‍ ഒരു സ്ഥലത്ത്‌  നിന്ന് ചുറ്റും നോക്കിയാല്‍ എന്തൊക്കെ കാണാവോ അതെല്ലാം ഒരു പനോരമ നോക്കിയാല്‍ നിങ്ങള്‍ക്ക്‌ കാണാം.


പനോരമ കാണാന്‍ നല്ല രസമാണെങ്കിലും നിര്‍മ്മാണം അത്ര സുഖകരമല്ല. ഇപ്പോള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ കൂടുതല്‍ എളുപ്പത്തില്‍ നടത്താം. നമ്മുടെ ഫോട്ടോഷോപ്പിലും ഇത് സാധ്യമാണ്.

സാധാരണ കാമറ ഉപയോഗിച്ച് വളരെ വിശാലമായ കാഴ്ചകള്‍ പകര്‍ത്തുക സാധ്യമല്ല.  അതിനാല്‍ ഒരു സ്ഥലത്തിന്റെ പനോരമ തയ്യാറാക്കാന്‍ ആ സ്ഥലത്തിന്റെ വിവിധ ഭാഗങ്ങളുടെ  ധാരാളം ഫോട്ടോകള്‍ എടുത്ത ശേഷം അവ മെര്‍ജ് ചെയ്യുകയാണ് പതിവ്‌. എത്ര അധികം ഫോട്ടോകള്‍ ഉപയോഗിക്കുന്നുവോ അത്രയും ചിത്രത്തിന്റെ മികവ് കൂടും. ഒരു ഫോട്ടോയുടെ വളരെ ചെറിയ ഒരു ഭാഗമാണ് ഉപയോഗിക്കുക.


 ഇങ്ങനെ ധാരാളം ഫോട്ടോകള്‍ കൂട്ടിച്ചേര്‍ത്ത് ഒരു വലിയ ചിത്രമാക്കുന്നു. ഒരു പനോരമ തയാറാക്കുന്നതിനിടയില്‍ ഉള്ള ചിത്രം താഴെ കാണാം.ഇങ്ങനെയൊക്കെയാണ് പനോരമകള്‍ നിര്‍മ്മിക്കുന്നത്. ഇനി മനോഹരമായ ചില പനോരമകള്‍  കാണാന്‍ താഴെ ലിങ്കുകളില്‍ ക്ലിക്കൂ....

ക്ളിക്കുവിന്‍ തുറക്കപ്പെടും എന്നാണല്ലോ...

ഇന്ത്യാ ഗേറ്റ് 
ചാര്‍മിനാര്‍ 
ഗോല്‍ക്കൊണ്ട ഫോര്‍ട്ട് ഹൈദരാബാദ് 
രാജ് ഘട്ട് 
ബുര്‍ജ്‌ ഖലീഫ ദുബായ്
പൂക്കോട്ട് തടാകം വയനാട്‌  
ലോട്ടസ് ടെമ്പിള്‍ 
ബുദ്ധ പ്രതിമ (ഹുസൈന്‍ സാഗര്‍ തടാകം, ഹൈദരാബാദ്)


കടപ്പാട് --

കെ പി സുകുമാരന്‍ സാറിന്റെ ബ്ലോഗില്‍ നിന്നാണ്  പനോരമകളുടെ ഈ സൈറ്റ്‌ ആദ്യമായി കണ്ടത്‌. ഇങ്ങനെ പല രസകരമായ കാര്യങ്ങളും അദ്ദേഹം പോസ്റ്റ്‌ ചെയ്യാറുണ്ട്. അദേഹത്തെ ഇവിടെ വായിക്കാം.

Wednesday, November 3, 2010

തെരെഞ്ഞെടുപ്പിന്റെ ബാക്കിപത്രം

പതിവുപോലെ കൊട്ടും കുരവയും ആഘോഷങ്ങളുമൊക്കെയായി തെരഞ്ഞെടുപ്പ് കഴിഞ്ഞു. യു ഡി എഫിന്റെ നേതാക്കളെ പോലും അമ്പരപ്പിക്കുന്ന വിജയം അവര്‍ക്ക്‌ കിട്ടി. എന്നാല്‍ ഇടതുപക്ഷത്തിന്റെ അടിത്തറക്ക് ഒരു കുഴപ്പവുമില്ലെന്നും നില മെച്ചപ്പെടുകയാണ് ഉണ്ടായതെന്നും പിണറായി വിജയന്‍ .

യഥാര്‍ത്ഥത്തില്‍ പഞ്ചായത്ത്‌ തെരെഞ്ഞെടുപ്പില്‍ വിഷയമാവേണ്ട കാര്യങ്ങള്‍ ഒന്നുംതന്നെ ഇത്തവണ പേരിനുപോലും ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടികളും പത്രങ്ങളും ചാനലുകളും മല്‍സര ബുദ്ധിയോടെ പ്രവര്‍ത്തിച്ചു.  തെരഞ്ഞെടുപ്പ് നടന്നത് തദ്ദേശസ്ഥാപനങ്ങളിലേക്കാണെങ്കിലും ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെന്നപോലെ തികഞ്ഞ രാഷ്ട്രീയ പ്രചാരണങ്ങളാണ് നടന്നത് . സഭ രാഷ്ട്രീയത്തില്‍ ഇടപെടാമോ? തോമസ്‌ ഐസകും സതീശനും നടത്തിയ സംവാദത്തില്‍ ആര് ജയിച്ചു? മാര്‍ട്ടിനു  സി പി എമ്മുമായാണോ കോണ്ഗ്രസ്സുമയാണോ കൂടുതല്‍ അടുപ്പം? വര്‍ഗീയ കക്ഷികളുടെ കൂടെ ആരൊക്കെ എവിടെയൊക്കെ കൂട്ട് കൂടി ? മഞ്ഞളാം കുഴി അലി സിപിഎമ്മില്‍ നിന്ന് പോയത്‌ എന്തിനാണ്? അലി കീടമാണോ അതോ കുഞ്ഞാലിക്കുട്ടി സായ്‌വ് പറഞ്ഞപോലെ സുന്ദരനാണോ? എന്നിത്യാദി കാര്യങ്ങളില്‍ ഗവേഷണം നടത്തികൊണ്ടിരിക്കുന്നവര്‍ക്ക് പഞ്ചായത്തിലെ റോഡിന്റെയും കിണറിന്റെയും കാര്യം പറയാന്‍ സമയം കിട്ടിയില്ലെങ്കില്‍ അവരെ കുറ്റം പറഞ്ഞുകൂടാ.. ആനക്കാര്യത്തിനിടക്കാണോ നിന്റെ ഒരു ചേനകാര്യം ? ഒന്ന് പോടേ...രാഷ്ട്രീയാതീതമായി ജനകീയ പ്രശ്‌നങ്ങളുടെ പരിഹാരവും വികസനവുമാണ് ത്രിതല പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇഷ്യൂ ആവേണ്ടതെന്നൊക്കെ ഓര്‍ഡിനന്‍സില്‍ പറഞ്ഞിരിക്കും, ഗാന്ധി സ്വപ്നം കണ്ടിരിക്കും. പക്ഷെ അതിനൊന്നും ഞങ്ങള്‍ക്ക്‌ മനസ്സില്ല(എല്ലാ സ്വപ്നവും നടക്കാനുള്ളതാണോ! ). ജനങ്ങള്‍ക്ക് കടിച്ചു പറിക്കാന്‍ തല്ക്കാലം ചില വിഷയങ്ങള്‍ എറിഞ്ഞു കൊടുത്താല്‍ മതി. ബാകി ചാനലുകളും പത്രങ്ങളും നോക്കിക്കോളും.

നേരാംവണ്ണം കുടിവെള്ളം കിട്ടാത്ത പ്രദേശങ്ങള്‍ കേരളത്തിലുണ്ടെന്നു കേട്ടപ്പോള്‍ എനിക്ക് അത്ഭുതമായിരുന്നു. നാട്ടിലെ എന്റെ സുഹൃത്ത് വിളിച്ചപ്പോള്‍ പറഞ്ഞു എന്റെ വാര്‍ഡിലും അങ്ങനെ ഒരു പ്രദേശം ഉണ്ടെന്ന്. വേനല്‍ക്കാലത്ത്‌ ദീര്‍ഘദൂരം നടന്നാണ് അവര്‍ വെള്ളം കൊണ്ടുവരുന്നത്. വോട്ട് ചോദിക്കാനെത്തുന്നവരോട് അവര്‍ക്ക്‌ ഒന്നേ ചോദിക്കാനുള്ളൂ ഞങ്ങള്‍ക്ക്‌ വേനലില്‍ വെള്ളം കിട്ടാന്‍ വല്ല സംവിധാനവും പഞ്ചായത്തിനു ചെയ്യാന്‍ കഴിയുമോ? ഈ നാട്ടുകരോടാണ്   സഭയുടെ രാഷ്ടീയ ഇടപെടലും അലിയുടെ ഗ്ലാമറും  പറയുന്നത്. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യരുത്‌ എന്നല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വിഷയം ആകാന്‍ പാടില്ലാത്തതാണ് ഇത്. നിയമസഭാ തെരെഞ്ഞെടുപ്പോ ലോകസഭാ തെരെഞ്ഞെടുപ്പോ  ഒക്കെ ആണെങ്കില്‍ ഓക്കേ.കക്ഷി രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കാന്‍  ആന്ധ്രയിലൊക്കെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ക്ക് പാര്‍ട്ടി ചിഹ്നങ്ങള്‍ (കൈപത്തി, അരിവാള്‍ചുറ്റിക) ഉപയോഗിക്കാറില്ലത്രേ .

ജനാധിപത്യം അതിന്റെ ശരിയായ ലക്ഷ്യത്തില്‍ എത്തിക്കാന്‍  ജനങ്ങളെ പ്രാപ്തരാക്കേണ്ടതുണ്ട് .  ഇതില്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണ്‌. ജന വികാരം രേഖപ്പെടുത്തുക എന്നതിനപ്പുറം നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ജന വികാരം രൂപപ്പെടുത്തുക എന്ന തലത്തിലേക്ക്‌ എത്തേണ്ടതുണ്ട്.
പൊതുജനം കഴുതയാണെന്നു ആരോ പറഞ്ഞിട്ടുണ്ട്. ജനങ്ങളെ രാഷ്ട്രീയ പാര്‍ട്ടികള്‍ അങ്ങനെ ആക്കുകയാണ്. അതിനെ ഒരു നല്ല കഴുത ആക്കാനെങ്കിലും നമുക്ക്‌ ശ്രമിക്കാം.

വാല്‍കഷ്ണം --

കാലങ്ങളായി ലീഗിന്റെ ചിഹ്നമാണ് കോണി. വോട്ടു ചെയ്ത് പുറത്തിറങ്ങിയ വൃദ്ധ ലീഗുകാരനോട്:    "മോനേ.. ബാലറ്റ് പേപ്പര്‍ കണ്ടപ്പോള്‍ ന്റെ നെഞ്ച് ആളിപ്പോയി. പടച്ചോനേ... നമ്മുടെ കോണിയതാ മറിഞ്ഞു കിടക്കുന്നു! ഞാന്‍ പിന്നെ ഒന്നും നോക്കീല..അതിനു തന്നെ കുത്തി..."
ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് റെയില്‍ പാളം ചിഹ്നമായതാണ് പണി പറ്റിച്ചത്. സാമാന്യം വോട്ട് 'മറിഞ്ഞു കിടന്ന കോണി'ക്ക് കിട്ടി എന്നാണ്  കേള്‍ക്കുന്നത്.

Monday, November 1, 2010

IIT കഥ പറയുമ്പോള്‍ ........

"The United States imports oil from Saudi Arabia, cars from japan, TVs from Korea, and whiskey from Scotland. So what do we import from India? We import people, really smart people. They seems to share a common credential, they are graduates of Indian Institute of Technology, better known as IIT."
IIT യെ കുറിച്ച BBC ഡോകുമെന്ററി തുടങ്ങുന്നത് ഇങ്ങനെയാണ്.

പക്ഷെ ഇതായിരുന്നില്ല IIT തുടങ്ങുമ്പോള്‍ രാഷ്ട്ര ശില്‍പ്പികളുടെ മനസ്സില്‍ ഉണ്ടായിരുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം, ഇന്ത്യയുടെ സങ്കേതിക വളര്‍ച്ചക്ക്‌ ഉന്നത സാങ്കേതിക കലാലയങ്ങള്‍ ആവശ്യമാണെന്ന രാഷ്ട്ര നേതാക്കളുടെ സങ്കല്‍പത്തില്‍ നിന്നാണ് IIT എന്ന ആശയം രൂപം കൊള്ളുന്നത്. ഇന്ത്യയെ സാങ്കേതിക മികവില്‍ ലോകത്തിന്‍റെ മുന്‍നിരയിലെത്തിക്കാന്‍ IIT കള്‍ക്ക്‌ സാധിക്കും എന്ന് അവര്‍ കണക്കുകൂട്ടി. അങ്ങനെ IIT എന്ന ആശയത്തെ കുറിച്ച് പഠിക്കാന്‍ ഒരു കമ്മറ്റി നിയോഗിക്കപ്പെട്ടു. അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബി സി റോയ്‌ അതിലെ പ്രധാനപ്പെട്ട ഒരു അംഗമായിരുന്നു. രാജ്യത്തിന്റെ നാലു ദിക്കിലും ഓരോ IIT സ്ഥാപിക്കാനാണ് കമ്മറ്റി നിര്‍ദേശിച്ചത്.

അങ്ങനെ ആദ്യ IIT ഖരഗ്‌പൂരില്‍(1951) സ്ഥാപിതമായി. സ്വാതന്ത്ര്യസമര സേനാനികളെ തടവിലിടാന്‍ ബ്രിടീഷുകാര്‍ ഉപയോഗിച്ചിരുന്ന ഹിജ്‌ലി ജയിലാണ് ആദ്യ IIT ആയി മാറിയത്‌. ഭഗത് സിംഗ് ഉള്‍പ്പെടെ പ്രശസ്തരായ പലരും ഇവിടെ ജയില്‍ വാസം വരിച്ചിട്ടുണ്ട്. അന്യായമായും അകാരണമായും സ്വാതന്ത്ര്യസമര സേനാനികളെ ഒരിക്കല്‍ കൂട്ടത്തോടെ വെടിവച്ചുകൊന്ന ചരിത്രവും ഹിജ്‌ലി ജയിലിനു പറയാനുണ്ട്. ഇന്ത്യയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് അവിടെ നിന്ന് തുടങ്ങണമെന്ന് നെഹ്‌റു ആഗ്രഹിച്ചു. അതുകൊണ്ടാണ് IIT ഖരഗ്‌പൂരില്‍ ആദ്യ convocationല്‍ പങ്കെടുത്തുകൊണ്ട് നെഹ്‌റു ഇങ്ങനെ പറഞ്ഞത്‌ "Here in the place of that Hijli Detention Camp stands the fine monument of India, representing India's urges, India's future in the making. This picture seems to me symbolical of the changes that are coming to India"


( IIT ഖരഗ്‌പൂര്‍ ആയി മാറിയ ഹിജ്‌ലി ജയില്‍)

അതിനു ശേഷം റഷ്യയുടെ സഹായത്തോടെ IIT Bombay (1958)സ്ഥാപിച്ചു. ശീത യുദ്ധം നടക്കുന്ന ആ കാലത്ത്‌ റഷ്യന്‍ സഹായത്തോടെ IIT ഉണ്ടാക്കിയത് അമേരിക്കക്ക് പിടിച്ചില്ല. അവരും സഹായം വാഗ്ദാനം ചെയ്തു. അങ്ങനെ IIT Kanpur (1959) ഉണ്ടായി. ജര്‍മന്‍ സഹായത്തോടെയാണ് IIT Madras (1959) ഉണ്ടായത്‌. ഇപ്പോള്‍ IIT Hyderabad ഉണ്ടായിക്കൊണ്ടിരിക്കുന്നത് ജപ്പാന്‍ സഹകരണത്തോടെയും.


(IIT Madras ലെ ഹോസ്റ്റല്‍ മെസ്സ് )

വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിത സൌകര്യങ്ങളാണ് IITയില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരുക്കിയിരിക്കുന്നത്. വിശാലമായ, എല്ലാ വിധ സൌകര്യങ്ങളോടും കൂടിയ കാമ്പസ്‌, മുഴു സമയ ഇന്റര്‍നെറ്റ്, അങ്ങനെ തുടങ്ങി കാമ്പസില്‍ ബസ്സ് തൊട്ടു ചികിത്സ വരെ സൗജന്യമാണ്. ഒരു വിദ്യാര്‍ത്ഥിക്ക് ചെലവാകുന്നതിന്റെ 20 ശതമാനം മാത്രമാണ് വിദ്യാര്‍ത്ഥിയില്‍ നിന്ന് ഈടാക്കുന്നത്. ബാകി 80 ശതമാനവും ഗവണ്‍മെന്റ്‌ സബ്സിഡി നല്‍കുകയാണ്.

സാമൂഹികമായും സാമ്പത്തികമായും ഉയര്‍ന്നവര്‍ ആണ് കൂടുതലും IIT കളില്‍ എത്തുന്നത്. പ്രവേശന പരീക്ഷ കടന്നുവരാന്‍ വളരെ നല്ല കോചിങ്ങും മറ്റും വേണം എന്നതുതന്നെ കാരണം. പാവപ്പെട്ടവന് താങ്ങാവുന്ന ഒരു സംഗതിയല്ല അത്. സമൂഹത്തിലെ പാവപ്പെട്ടവനും കീഴ്ജാതിക്കാരനും IIT ഇന്നും ഒരു സ്വപ്നമായി തുടരുന്നു. ഇപ്പോള്‍ റിസര്‍വേഷന്‍ ഒക്കെ ഉണ്ട്. റിസര്‍വേഷന്‍ എന്നും ഒരു വിവാദ വിഷയമാണ്. ഇപ്പോള്‍ അതിലേക്ക് കടക്കുന്നില്ല.

IITകളിലെത്തുന്നവരുടെ സാമ്പത്തിക നിലവാരം മനസ്സിലാക്കാന്‍ നല്ല ഒരു ഉദാഹരണം ഞാന്‍ പറയാം. IIT Madrasലും IIT Kharagpurലും Cafe Coffee Day(CCD) ഞാന്‍ കണ്ടിട്ടുണ്ട്. CCD സാധാരണക്കാരന്റെ ചായക്കട അല്ല. അവിടെ ഒരു കട്ടന്‍ കാപ്പിക്ക് മുപ്പത്‌ രൂപയോളമാകും. അതാണെന്നു തോന്നുന്നു അവിടത്തെ വില കുറഞ്ഞ ഇനം. ഇത്തരം ഒരു ഷോപ്പ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ലാഭകരമായി നടന്നുപോകുന്നു എങ്കില്‍ അവിടത്തെ വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക നിലവാരത്തെ കുറിച്ച് നിങ്ങള്‍ക്ക്‌ ഊഹിക്കാം. ഞാന്‍ CCDക്ക് എതിരൊന്നുമല്ല. IIT Madrasലെ എന്റെ ഇഷ്ട സ്ഥലങ്ങളില്‍ ഒന്നാണത്. :-)

എടുത്തു പറയേണ്ട ഒരു സംഗതി IIT യിലെ work culture ആണ്. ഇവിടെ പഠനത്തിനും ഗവേഷണത്തിനും രാത്രിയോ പകലോ എന്ന വ്യത്യാസമില്ല. നമ്മുടെ സാധാരണ കോളേജുകള്‍ വൈകുന്നേരം അഞ്ചുമണി കഴിഞ്ഞാല്‍ ശൂന്യമാകും. എന്നാല്‍ IIT എപ്പോഴും സജീവമാണ്. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല അധ്യാപകരും അധ്യയന സമയം കഴിഞ്ഞും ലാബില്‍ കാണും. ഇപ്പോള്‍ ഞാനിരിക്കുന്ന ഖരഗ്‌പൂരിലെ VLSI ലാബ് പൂട്ടാറെയില്ല. ഏത്‌ പാതി രാത്രിക്കും അതില്‍ ആളുണ്ടാകും.

വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വാതന്ത്ര്യം ആണ് മറ്റൊരു സവിശേഷത. ഇവിടെ നിങ്ങള്‍ സര്‍വത്ര സ്വതന്ത്രരാണ്. നിങ്ങളെ ഭരിക്കാന്‍ ആരും വരില്ല. നിയമങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങള്‍ നിയമത്തിനു വേണ്ടിയല്ല.

IIT വിദ്യാര്‍ഥികളുടെ സാമൂഹിക അവബോധമാണ് മറ്റൊരു പ്രശ്നം. സാധാരണ ആള്‍ക്കാരുടെ ധാരണ ഇവര്‍ മുഴുവന്‍ പുസ്തക പുഴുക്കളും പുറം ലോകത്തെ കുറിച്ച് അറിവില്ലാത്തവരും ആണെന്നാണ്. ആ ധാരണ ശരിയല്ല. എല്ലാ വിധത്തിലുള്ള ആള്‍ക്കാരും ഇതിനകത്തുണ്ട്. നല്ല സാമൂഹിക രാഷ്ട്രീയ അവബോധമുള്ളവരും ഇതൊന്നുമില്ലാത്തവരും ഇതൊന്നും വേണ്ടെന്നു വാദിക്കുന്നവരും എല്ലാം.

ലോകത്തിലെ ഏറ്റവും നല്ല അമ്പതു കോളേജുകളില്‍ എത്താനൊന്നും IIT കള്‍ക്ക്‌ കഴിഞ്ഞില്ലെന്കിലും സാങ്കേതികമായി വളരെ ഉയര്‍ന്ന നിലവാരമുള്ള എഞ്ചിനീയര്‍മാരെ സ്ര്ഷ്ടിക്കാന്‍ IIT കള്‍ക്ക്‌ കഴിഞ്ഞു എന്ന് നിസ്സംശയം പറയാം. വിദേശത്തുള്ളതും സ്വദേശത്തുള്ളതുമായ ഒട്ടുമിക്ക എല്ലാ കമ്പനികളുടെയും ഗവേഷണങ്ങളുടെയും തലപ്പത്തുള്ളവര്‍ ഇവരാണ്. പക്ഷെ ഇത് ഇന്ത്യക്ക്‌ എത്രത്തോളം ഗുണകരമായി എന്ന് ചിന്തിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു. അങ്ങനെ ചിന്തിക്കാത്തവരും ഉണ്ട്. എന്തിനു ഇത്ര ദേശീയ വാദിയാവുന്നു? ലോകത്തിനു ഗുണമുണ്ടോ എന്ന് നോക്കിയാല്‍ പോരെ എന്നതാണ് അവരുടെ പക്ഷം.
IIT ബിരുദ ധാരികളില്‍ 1/3 ആണ് ഇന്ത്യയില്‍ ജോലി ചെയ്യുന്നത്. ബാക്കി 2/3ഉം വിദേശത്തേക്ക്‌ പോവുകയാണ് (മിക്കവാറും US ) എന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ വിദേശത്തു പോവുന്നവരെ കൊണ്ട് രാജ്യത്തിനു യാതൊരു ഗുണവുമില്ലെന്നു കരുതരുത്‌. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതില്‍ ഇവരടക്കമുള്ള പ്രവാസികള്‍ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷെ ഇതില്‍ പരിമിതമാണോ അവരുടെ ഉത്തരവാദിത്തം? അല്ലെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ ഇന്ത്യയില്‍ അവര്‍ക്ക്‌ ഏതാത്തോളം അവസരങ്ങള്‍ ഉണ്ട് എന്നതും ഒരു വലിയ പ്രശ്നമാണ്.

കമ്പനികളില്‍ ജോലി ചെയ്യാന്‍ വേണ്ടി മാത്രമല്ല വിദേശത്തു പോകുന്നത്. ധാരാളം പേര്‍ ഉന്നത വിദേശ യൂണിവേഴ്സിറ്റികളില്‍ ടീച്ചിംഗും റിസര്‍ച്ചും നടത്തുന്നു. എന്ന് മാത്രമല്ല, പല പ്രശസ്ത യൂനിവേര്‍സിറ്റികളിലെയും വന്‍തോക്കുകള്‍ ആണിവര്‍ . ലോകപ്രസിദ്ധമായ പല റിസര്‍ച്ച് ഗ്രൂപിന്റെയും പ്രധാന ഘടകം ഇവരാണ്. പക്ഷെ, ഇതിന്റെയൊന്നും ക്രെഡിറ്റ് ഇന്ത്യക്ക്‌ കിട്ടുന്നില്ല. ഗവേഷണങ്ങളിലും മറ്റു കണ്ടുപിടുത്തങ്ങളിലും അമേരിക്ക മുന്നില്‍ നില്‍ക്കുന്നു എന്ന് പറയുമ്പോള്‍ , ഇന്ത്യ വളര്‍ത്തിയ ഇന്ത്യയുടെ മക്കളാണ് അതില്‍ വലിയൊരു പങ്ക് വഹിക്കുന്നത് എന്നാ അറിവ്‌ ഒരേ സമയം അഭിമാനകരവും അതേസമയം നിരാശജനകവുമാണ്.

IIT അതിന്റെ ദൌത്യം നിറവേറ്റിയോ ഇല്ലേ എന്ന് വിധി പറയാന്‍ ഞാന്‍ ആളല്ല. അത് ഈ കുറിപ്പിന്റെ ലക്ഷ്യവുമല്ല. മനസ്സില്‍ തോന്നിയ ചിലത് കുറിച്ചു എന്നുമാത്രം. നെഹ്‌റുവിന്റെ മുമ്പ്‌ ഉദ്ധരിച്ച പ്രസംഗത്തിന്റെ മറ്റൊരു ഭാഗം കൂടി ശ്രദ്ധയില്‍ പെടുത്തികൊണ്ട് ഇത് അവസാനിപ്പിക്കാം. "your director i think, or someone said something about employment of the graduates who go out of the institute. If we take all the trouble to put up this expensive institute, train up people here and then do not utilizes the services of those people, then there is something very wrong about the government apparatus, or whoever supposed to deal with this matter, or the planning commission or whatever it is...."

പിന്‍മൊഴി--

താറാവ് അടയിരിക്കുമോ എന്നെനിക്കറിയില്ല. എന്റെ വീട്ടില്‍ താറാവിന്റെ മുട്ട കോഴിക്ക്‌ അടയിരിക്കാന്‍ വച്ച്കൊടുത്തത്‌ ഓര്‍ക്കുന്നു. മുട്ട വിരിഞ്ഞു ദിവസങ്ങള്‍ക്ക് ശേഷം തള്ളക്കോഴി കുഞ്ഞുങ്ങളുമായി പുറത്തിറങ്ങിയപ്പോള്‍ മുന്നില്‍ മഴ പെയ്തു വെള്ളം നിറഞ്ഞ, വിശാലമായ ഒരു കുളം. താറാവിന്റെ കുഞ്ഞുങ്ങള്‍ ഉടനെ ഇറങ്ങി നീന്തി... അക്കരെക്ക്..
താന്‍ അടയിരുന്ന് വിരിയിചെടുത്ത കുഞ്ഞുങ്ങള്‍ നീന്തി അകലുന്നത് കണ്ടു നിസ്സഹായതയോടെ തള്ളക്കോഴി ഇക്കരെ..


Related Posts Plugin for WordPress, Blogger...