
"സത്യവിശ്വാസികളെ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര് ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു”(തൗബ :34)
ബൈബിള്‍ വളരെ ശക്തമായ ഭാഷയില്‍ പൗരോഹിത്യ മതത്തെ വിമര്‍ശിക്കുന്നത് കാണാം.

പ്രവാചക നിയോഗത്തെ പറ്റി ഖുര്‍ആന്‍ പറയുന്നത് “മനുഷ്യരുടെ മുതുകുകളെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരം ഇറക്കിവെക്കാന്‍ , അവരെ വരിഞ്ഞു മുറുക്കിയിരിക്കുന്ന ചങ്ങലക്കെട്ടുകളെ പൊട്ടിച്ചെറിയാന്‍ ” എന്നാണ്. ഇതേ ആശയം യേശു പറഞ്ഞതായി കാണാം
"അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍ ; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും. ഞാന്‍ സൌമ്യതയും താഴ്മയും ഉള്ളവന് ആകയാല്‍ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിന് ; എന്നാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്കു ആശ്വാസം കണ്ടത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.”
വിമോചനത്തിന്റെ പാതയാണ് പ്രവാചക മതത്തിന്റെത് . ഖുര്‍ആന്‍ ചോദിക്കുന്നു:
"ഞങ്ങളുടെ നാഥാ, അക്രമികളുടേതായ ഈ നാട്ടില്‍നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ, നിന്നില്‍നിന്നുള്ള ഒരു രക്ഷകനെ നീ ഞങ്ങള്‍ക്കു നല്കേണമേ, നിന്നില്‍നിന്നുള്ള ഒരു സഹായിയെ നീ ഞങ്ങള്‍ക്കു തരേണമേ!' എന്നു പ്രാര്‍ഥിച്ചുകൊണ്ടിരുന്ന ദുര്‍ബലരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും മോചനമാര്‍ഗത്തിലും നിങ്ങളെന്തുകൊണ്ട് പൊരുതുന്നില്ല?''(4: 75).
പൗരോഹിത്യമതം അധികാരി വര്‍ഗ്ഗത്തിനു പ്രിയപ്പെട്ടവരും അവര്‍ക്ക് ഓശാന പാടുന്നവരും ആയിരിക്കും. എന്ന് മാത്രമല്ല പ്രവാചക മതത്തെ ഭരണകൂടത്തിനു മുന്നില്‍ തെറ്റിദ്ധരിപ്പിക്കാനും അതിനു വേണ്ടി കുത്തിത്തിരിപ്പ് ഉണ്ടാക്കാനും അവര്‍ ശ്രമിക്കും. ചൂഷണങ്ങളെയും അനീതിയെയും അവര്‍ കണ്ടില്ലെന്നു നടിക്കുന്നു. ചെറിയ ചെറിയ കാര്യങ്ങള്‍ പര്‍വ്വതീകരിച്ച് ജന ജീവിതം ദുസ്സഹമാക്കുന്നു. ബൈബിള്‍ അവരെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ് .
"കുരുടന്മാരായ വഴികാട്ടികളേ, നിങ്ങള്‍ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവര്‍ച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു. കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക."
ക്രിസ്ത്യന്‍ വിശ്വാസ പ്രകാരം യേശു ദൈവ പുത്രനാണ്, ആരാധ്യനാണ്. ഇസ്ലാമിക വിശ്വാസമനുസരിച്ച് അദ്ദേഹം മുഹമ്മത് നബിയെപ്പോലെ മഹാനായ ഒരു പ്രവാചകന് ആണ്. ഖുര്‍ആന്‍ പറയുന്നു “മര്‍യമിന്റെ പുത്രന് മസീഹ് ഒരു ദൈവദൂതന് അല്ലാതെ മറ്റാരുമായിരുന്നില്ല. അദ്ദേഹത്തിനു മുമ്പും നിരവധി ദൈവദൂതന്മാര് കഴിഞ്ഞുപോയിട്ടുള്ളതാകുന്നു. അദ്ദേഹത്തിന്റെ മാതാവ് തികഞ്ഞ ഒരു സത്യവതിയായിരുന്നു” യേശു മാത്രമല്ല അദ്ദേഹത്തിന്റെ മാതാവ് മറിയമും ഇസ്ലാമിക ലോകത്ത് ഏറെ ആദരിക്കപ്പെടുന്നവരത്രേ. മുഴുവന്‍ മനുഷ്യര്‍ക്കും(സ്ത്രീകള്‍ക്ക് മാത്രമല്ല) മാതൃകയായി ഖുര്‍ആന്‍ പറഞ്ഞ രണ്ടു സ്ത്രീകളില്‍ ഒന്ന് കന്യാമറിയം ആണ്.
