സാങ്കേതികമായി ഞാന്‍ ഇപ്പോള്‍ ഹജ്ജ് നിര്‍വഹിച്ചുകഴിഞ്ഞു. പക്ഷേ എന്തോ ഒന്നിന്റെ അഭാവം എനിക്ക് അനുഭവപ്പെട്ടു. അതെന്നെ അസ്വസ്ഥനാക്കി. ഹജ്ജിലെ ഓരോ കര്‍മ്മവും വളരെ സൂക്ഷ്മതയോടെയും ഭയഭക്തിയോടെയും കൂടിയാണ് നിര്‍വഹിച്ചതെന്ന് എനിക്കറിയാം. എന്നിട്ടും എന്തോ ഒന്ന് ചെയ്യാന്‍ വിട്ടുപോയതുപോലുള്ള ഒരു തോന്നല്‍ എന്നില്‍ ഇച്ഛാഭംഗം സ്രഷ്ടിച്ചു.........
....... “ക്ഷമിക്കണം ഞാനൊന്നു ചോദിച്ചോട്ടെ!” വളരെ വിനയത്തോടും ക്ഷമാപണ സ്വരത്തിലും അയാള്‍ ചോദിച്ചു.
കണ്ണട വെച്ചുതന്നെ ഞാന്‍ എന്റെ ശിരസ്സ് ശരിയാക്കി.
“ചോദിച്ചോളൂ !” ദീര്‍ഘനിശ്വാസത്തോടെ ഞാന്‍ പറഞ്ഞു.
“നിങ്ങള്‍ ഒരു അമേരിക്കക്കാരനാണോ?”
“അതെ” അടുത്ത ചോദ്യം എന്തായിരിക്കുമെന്നറിയാവുന്നതുകൊണ്ട് മടുപ്പോടെ ഞാന്‍ ഒരു നെടുവീര്‍പ്പുകൂടിയിട്ടു.
അനന്തരം അയാള്‍ അല്‍പംകൂടി എന്നോടു അടുത്തിരുന്ന് വളരെ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു “താങ്കളെങ്ങനെയാണ് മുസ്ലിമായതെന്നു ഒന്ന് പറഞ്ഞു തരാമോ?”
കഴിഞ്ഞ ഏഴു ദിവസങ്ങളില്‍ , ഈ ചോദ്യം ഓരോ തവണ എന്നോടു ചോദിക്കുമ്പോഴും എന്റെ മറുപടിയുടെ ദൈര്‍ഘ്യം ക്രമേണ കുറഞ്ഞു വന്നിരുന്നു.ആദ്യ തവണ എന്റെ കഥ പറയാന്‍ അര മണിക്കൂറെടുത്തു. പക്ഷെ ഇപ്പോള്‍ ഞാനത് അര മിനിട്ടാക്കി കുറച്ചു. ഇരുത്തത്തിന്റെ രൂപം മാറ്റാതെ, കണ്ണുകള്‍ തുറക്കാതെ ഞാന്‍ താഴെ പറയുന്ന രത്നച്ചുരുക്കം അയാള്‍ക്ക് നല്‍കി.
“ക്രിസ്ത്യാനിയാണ് ഞാന്‍ ജനിച്ചത്. ദൈവം എന്ന ആശയത്തോട് യുക്തിപരമായ ചില സംശയങ്ങള്‍ ഉണ്ടായതുകാരണം പതിനെട്ടാം വയസ്സില്‍ ഒരു നാസ്തികനായി. പിന്നീടുള്ള പത്തുവര്‍ഷം നാസ്തികനായിതന്നെ തുടര്‍ന്നു. ഇരുപത്തെട്ടാം വയസ്സില്‍ ഒരു ഖുര്‍ആന്‍ വ്യാഖ്യാനം വായിക്കാനിടയായി. എന്റെ സംശയങ്ങള്‍ക്ക് ഞാന്‍ ഖുര്‍ആനില്‍ തൃപ്തികരമായ മറുപടി കണ്ടെത്തിയെന്നു മാത്രമല്ല, അത് തുടര്‍ന്നു വായിച്ചതിന്റെ ഫലമായി ദൈവവിശ്വാസിയുമായി. അങ്ങനെ ഞാനൊരു മുസ്ലിമായി”.
എന്റെയീ ‘സിനോപ്സിസ്’ പറഞ്ഞുതീര്‍ത്തതോടെ, അപമര്യാദയാംവിധം ഹ്രസ്വമായ ഈ മറുപടി കേട്ട് അയാള്‍ സ്ഥലം വിട്ടുവോ എന്നറിയാന്‍ ഞാന്‍ ഇടംകണ്ണിട്ട് നോക്കി. എന്നെ അത്ഭുതപ്പെടുത്തികൊണ്ട്, അയാളുടെ കവിളിലൂടെ കണ്ണുനീര്‍ ഒഴുകുന്നതാണ് ഞാന്‍ കണ്ടത്. എന്റെ അമ്പരപ്പ് പിന്നെ പറയാനുണ്ടോ?
ആ നിമിഷത്തില്‍, ഇത്ര നിര്‍വികാരമായും ദുരഹങ്കാരത്തോടെയും പെരുമാറിയതിന് ഞാന്‍ ദൈവത്തോടു മാപ്പിരന്നു. വിശ്വാസത്തോടുള്ള ശക്തമായ സ്നേഹം ഇത്രയെളുപ്പത്തില്‍ കരയിക്കുകയും ഞാന്‍ പറഞ്ഞതുപോലുള്ള വികാരനിശൂന്യമായ കഥയില്‍ പോലും ദൈവത്തിന്റെ മഹത്വവും കാരുണ്യവും ദര്‍ശിക്കുകയും ചെയ്യുന്ന എന്റെയീ വിനീതനായ സഹോദരനെപോലെ എന്നെയും മാറ്റിത്തരേണമെന്നു അവനോടു പ്രാര്‍ഥിക്കുകയും ചെയ്തു. ഞാന്‍ നേരെയിരുന്ന്‍ അയാളുടെ മുഖത്തേക്ക് നോക്കി.
“എന്താണ് നിങ്ങളുടെ പേര്‍ ? ഏത് നാട്ടുകാരനാണ് നിങ്ങള്‍?” ഞാന്‍ ചോദിച്ചു.
“എന്റെ പേര്‍ അഹമ്മദ്. ബംഗ്ലാദേശുകാരനാണ്.” ഒരു ചെറുപുഞ്ചിരിയോടെ അയാള്‍ മറുപടി നല്‍കി. എന്നിട്ട് കണ്ണുതുടച്ചു.
“താങ്കളെ കണ്ടുമുട്ടിയതില്‍ വളരെ സന്തോഷം,അഹമ്മദ്. എന്റെ പേര് ജഫ്രി. യുനൈറ്റഡ് സ്റ്റേറ്റ്സിലെ കന്‍സാസ് സംസ്ഥാനത്ത് നിന്നു വരുന്നു.” ഞങ്ങള്‍ അല്‍പം വിശദമായി പരിചയപ്പെട്ടശേഷം അഹമ്മദ് പൊടുന്നനെ ആഹ്ലാദപൂര്‍വ്വം ചോദിച്ചു: “ഇത്തവണത്തേത് ആവേശകരമായ ഹജ്ജായിരുന്നു അല്ലേ, സഹോദരന്‍ ജെഫ്രീ?”
ഞാനൊന്നും മിണ്ടിയില്ല.
“ഓര്‍ത്തു നോക്കൂ, നാമിവിടെ എത്തിയ ദിവസം” അയാള്‍ തുടര്‍ന്നു:
“നിങ്ങള്‍ക്ക് ചുറ്റും തീര്‍ഥാടകര്‍ വിളിച്ചുപറയുന്നത് കേട്ടിരുന്നില്ലേ? ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്.’
താങ്കള്‍ക്കറിയാമോ ഞങ്ങളുടെ നാട്ടില്‍ ‘ലബ്ബൈക്കി’ന്റെ അര്‍ത്ഥമെന്താണെന്ന്?”
“ക്ഷമിക്കണം എനിക്ക് ബംഗ്ലാദേശിനെ കുറിച്ച് ഒന്നുമറിയില്ല” ഞാന്‍ പറഞ്ഞു.
അയാള്‍ വളരെ സൂക്ഷ്മമായി എന്റെ നേരെ നോക്കികൊണ്ട് പറഞ്ഞു:
“ഞങ്ങളുടെ നാട്ടില്‍, ഒരധ്യാപകന്‍ ക്ലാസില്‍ വെച്ച് ഒരു വിദ്യാര്‍ത്ഥിയെ വിളിച്ചാല്‍ അവനുടനെ അറ്റന്‍ഷനില്‍ നിന്ന് ‘ലബ്ബൈക്ക്, ടീച്ചര്‍, ലബ്ബൈക്ക്’ എന്ന് പറയും. ‘ഞാന്‍ തയ്യാര്‍, പറഞ്ഞോളൂ! ഞാന്‍ ചെയ്യാം’ എന്നാണതിനര്‍ത്ഥം. അല്ലാഹുവിനോട് മുസ്ലിംകളായ നാം സ്വീകരിക്കെണ്ടുന്ന നിലപാടും ഇതുതന്നെ. അങ്ങനെയായിരുന്നു പ്രവാചകന്‍മാരുടെ രീതി. അല്ലാഹു ഇബ്രാഹിം നബിയോട് ഹജ്ജിന് ആഹ്വാനം നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍, അദ്ദേഹത്തോടൊപ്പം മക്കയില്‍ ആരുമുണ്ടായിരുന്നില്ല- അദ്ദേഹത്തിന്റെ കുടുംബവും ഏതാനും ആട്ടിടയന്‍മാരും ഉണ്ടായിരുന്നിരിക്കാം. അത് ഞാനോ നിങ്ങളോ ആയിരുന്നെങ്കില്‍ നാം സംശയിച്ച്, ‘ചുറ്റുവട്ടത്ത് ആരും കേള്‍ക്കാനില്ലാതെ ഹജ്ജിനു വിളിക്കുന്നതിനെന്തര്‍ത്ഥം’ എന്ന് ചോദിക്കുമായിരുന്നു. പക്ഷെ ഇബ്രാഹിം നബിയുടെ വിശ്വാസവും ദൈവത്തിലുള്ള പ്രതീക്ഷയും വമ്പിച്ചതായിരുന്നു. അതുകൊണ്ട് ഒരു നിമിഷം പോലും അദ്ദേഹം ശങ്കിച്ച് നിന്നില്ല. പകരം ആളൊഴിഞ്ഞ ആ പ്രദേശത്ത് ഉടന്‍ ‘ആദാന്‍’ മുഴക്കുകയാണുണ്ടായത്. അല്ലയോ സഹോദരന്‍ ജഫ്രീ, തന്റെ വിളിക്ക് ഉത്തരം നല്‍കിക്കൊണ്ട് ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഇന്ന് ഇവിടെ സമ്മേളിച്ചതും നാം രണ്ടുപേര്‍, അമേരിക്കക്കാരനായ താങ്കളും ബംഗ്ലാദേശുകാരനായ ഞാനും, സഹോദരങ്ങളെപ്പോലെ മിനായിലേക്കുള്ള ഒരു ബസ്സില്‍ ഇരിക്കുന്നതും ഇബ്രാഹീം നബി കണ്ടിരുന്നെങ്കില്‍!”
ഇപ്പോള്‍ വികാരവിക്ഷോഭം എന്റെ ഊഴാമായിരുന്നു. എനിക്ക് എന്നെകുറിച്ച് വല്ലാത്ത ലജ്ജ തോന്നി. ഞാന്‍ കരഞ്ഞുപോകുമെന്നായി. തീര്‍ഥാടനത്തില്‍ ബാക്കിയായതെന്നു എനിക്ക് തോന്നിയ കര്‍മ്മം ഏതെന്ന് എനിക്കിപ്പോള്‍ പിടികിട്ടി. ഒത്തൊരുമ, സാഹോദര്യ ബോധം, ഇസ്‌ലാം വിശ്വാസികളുടെ മേല്‍ ചുമത്തുന്ന സ്നേഹം എന്നിവയുടെ അഭാവമായിരുന്നു എന്റെ ഹജ്ജ് കര്‍മ്മത്തിലെ പോരായ്മ എന്ന് എനിക്ക് മനസ്സിലായി. (Even angels ask- Jeffrey Lang)
വീണ്ടുമൊരു ഹജ്ജും ബലിപെരുന്നാളും വന്നണയുമ്പോള്‍ എന്താണ് ഇവയുടെ സന്ദേശം എന്ന് ഓര്‍ത്തപ്പോള്‍ ആദ്യം മനസ്സിലേക്ക് വന്നത് ജെഫ്രി ലംഗിന്റെ ഈ വരികളാണ്. പ്രവാചകന്‍ ഇബ്രാഹിമുമായി ബന്ധപ്പെട്ട ആരാധനാ കര്‍മ്മമാണ് ഹജ്ജ്. ഇസ്‌ലാമും ക്രിസ്തുമതവും ജൂതമതവും കൂടിച്ചേരുന്ന ബിന്ദുവാണ് ഇബ്രാഹീം(ബൈബിളിലെ അബ്രഹാം). ഇബ്രാഹിം നബിയെ ബഹുമാനിക്കുന്നത് മുസ്ലിംകള്‍ മാത്രമല്ല, ക്രൈസ്തവര്‍ക്കും ജൂതര്‍ക്കും അദ്ദേഹം ബഹുമാന്യനാണ്. ഇബ്രാഹിം നബിയുടെ കാലം വരെ ഈ മൂന്നു മതങ്ങളും ഒന്നായിരുന്നു. അതിനു ശേഷമാണ് ഭിന്നതകള്‍ ഉടലെടുത്തത്. ലോകത്ത് പലപ്പോഴും ഭിന്ന ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഈ മൂന്ന് വിഭാഗത്തിനും ഒരു പൊതു പൈതൃകം ഉണ്ടെന്ന കാര്യം കൌതുകകരമാണ്. അതിനാല്‍ ഖുര്‍ആന്‍ പറഞ്ഞു “ നിങ്ങള്‍ പരസ്പരം യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തുവിന്‍ ... നിങ്ങളുടെ പിതാവായ ഇബ്രാഹീമിന്‍റെ പാത പിന്‍പറ്റുകയും ചെയ്യുവിന്‍ .” ഏവരും അംഗീകരിക്കുന്ന വ്യകതിയായിരുന്നല്ലോ ഇബ്രാഹിം. ആദ്യം പരസ്പരം യോജിപ്പുള്ള കാര്യങ്ങളില്‍ ഒന്നിക്കുകയും അതില്‍ നിന്നുകൊണ്ട് വിയോജിപ്പുള്ള കാര്യങ്ങളില്‍ സംവദിക്കാനുമാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്.
വ്യത്യസ്ത മത വിഭാഗങ്ങള്‍ ജീവിക്കുന്ന ഒരു നാട്ടില്‍ മതകീയമായ ആഘോഷങ്ങള്‍ക്ക് എന്താണ് പ്രസക്തി? പരസ്പരം അറിയാനും അടുക്കാനും ഉള്ള അവസരങ്ങള്‍ അത് സൃഷ്ടിക്കുന്നു എന്നതാണെന്ന് ഞാന്‍ കരുതുന്നു. ഈ അവസരങ്ങള്‍ നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. പരസ്പരം അറിയുന്നതിലൂടെ കൂടുതല്‍ നന്നായി പരസ്പരം അടുക്കാന്‍ നമുക്ക് കഴിയും, കഴിയണം. ഇപ്പോള്‍ പെരുന്നാള്‍ സമയമാണ്. കുറച്ച് കഴിഞ്ഞു ക്രിസ്തുമസ് വരുന്നു. ഈ അവസരങ്ങള്‍ മറ്റുള്ളവരെ കുറിച്ച് അറിയാനും അടുക്കാനും നാം ഉപയോഗിക്കുക. ഓഫറുകള്‍ ധാരാളമുള്ള ഈ കാലത്ത് ഫോണുകള്‍ പരസ്പരം സംസാരിക്കുകയും ഹൃദയങ്ങള്‍ പരസ്പരം സംസാരിക്കാതിരിക്കുകയും ചെയ്യുന്നു എന്നതാണ് ദുഖകരമായ കാര്യം. അന്യരുടെ ഹൃദയങ്ങളിലേക്ക് കയറിച്ചെല്ലാന്‍ നമുക്ക് കഴിയട്ടെ.
എല്ലാര്‍ക്കും ഹൃദ്യമായ പെരുന്നാള്‍ ആശംസകള്‍ .......
.
ഉഗ്രന്‍ ...........
ReplyDeleteപ്രിയ ഹഫീസ്,
ReplyDeleteസന്ദര്‍ഭോചിതമായ ഓര്‍മപ്പെടുത്തല്‍. ജെഫ്രി ലാംഗിന്റെ പുസ്തകത്തിലെ ഏറ്റവും വികാരതീവ്രമായ ഭാഗമാണ് അദ്ദേഹത്തിന്റെ ഹജ്ജിനെക്കുറിച്ച് പറയുന്ന ഭാഗം. അകൃത്രിമമായ അവതരണം. 20 ലതികം പേജില്‍ വിശദീകരിച്ച അവയിലെ എന്നെ ആകര്‍ഷിച്ച ഭാഗവും ഇത് തന്നെ. മനസ്സിന്റെ സങ്കുചിതത്വവും അഹന്തയും ഒഴിവാക്കുന്നത് വരെ ഹജ്ജ് ആസ്വദിക്കാന്‍ കഴിയില്ല എന്ന് വലിയ പാഠമാണ് അദ്ദേഹം നല്‍കുന്നത്.
ഈ പോസ്റ്റ് എന്റെ ബ്ലോഗിലും ഞാന്‍ നല്‍കുന്നു.
എല്ലാ ഭാവുകങ്ങളും.. സന്ദര്‍ഭോചിതം.
ReplyDeleteപെരുന്നാൾ ആശംസകൾ
ReplyDeleteتقبل اللہ منا ومنکم
ReplyDeleteعید مبارک
وکل عام انتم بالخیر
ത്യാഗത്തിന്റെ സ്മരണകളുമായി കടന്ന്‍ വരുന്ന ഈ സുദിനത്തില്‍ ആശംസകള്‍....
വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. നന്ദി. جزاك الله خيرا
ReplyDeleteഹഫീസ്,
ReplyDeleteഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ആശംസകള്‍
HRIDAYAM NIRANJA PERUNNAAL AASHAMSAKAL.....
ReplyDeleteThanal ,CKLatheef , Kamar ,haina, ഒരു നുറുങ്ങ്,KK Alikoya,ഇന്ത്യന്‍ , jayarajmurukkumpuzha,
ReplyDeletethanks for visiting..