Friday, September 24, 2010

ലോകത്തിലെ നല്ല മനുഷ്യര്‍

IIT Hyderabad ലാണ്  പഠിക്കുന്നതെങ്കിലും project ന്‍റെ ആവശ്യത്തിനായി ഇടക്ക്‌  IIT Kharagpur ല്‍ പോകാറുണ്ട്.  ഖരഗ്‌പൂരില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള ഒരു യാത്രക്കിടയിലാണ്  ഞാന്‍ ആ കുടുംബത്തെ പരിചയപ്പെട്ടത്‌. ഭാര്യയും ഭര്‍ത്താവും കൂടെ ചെറിയ ഒരു പെണ്‍കുട്ടിയും, രണ്ടു വയസ്സുകാരി ഹിദായ. ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേര് ഞാന്‍ ഓര്‍ക്കുന്നില്ല. അവര്‍ ഹിന്ദിയാണ് സംസാരിച്ചിരുന്നത്. ഖരഗ്‌പൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയാണ് അവരും. തുടക്കത്തില്‍ ഞാന്‍ അവരെയോ അവര്‍ എന്നെയോ ശ്രദ്ധിച്ചിരുന്നില്ല. എന്റെ നേരെ അടുത്തുള്ള ബെര്‍ത്താണ് അവരുടേത്. ഹിദായ വളരെ ആക്ടിവ് ആയി ട്രെയിനില്‍ ഓടി ചാടി നടക്കുന്നുണ്ടായിരുന്നു. ഞാന്‍ അതൊന്നും കാര്യമാക്കാതെ രണ്ടു ചെവിയിലും ഇയര്‍ഫോണ്‍ തിരുകി കണ്ണുകളടച്ച് പാട്ട് കേട്ടുകൊണ്ടിരുന്നു.
               ചെറിയൊരു ബഹളം കേട്ടാണ് ഞാന്‍ സ്വപ്ന ലോകത്ത് നിന്ന് ഉണര്‍ന്നത്‌. അപ്പുറത്തെ ബെര്‍ത്തില്‍ ഉറങ്ങുകയായിരുന്ന ഒരു സ്ത്രീയെ ആ ബര്‍ത്തിന്റെ യദാര്‍ത്ഥ അവകാശി വിളിച്ച് എണീപ്പിക്കുകയാണ്. വളരെ പരവശയായി തന്റെ ചെറിയ കുഞ്ഞിനെയും പിടിച്ച് അവള്‍ എഴുനേറ്റു. ഉറക്കം തടസ്സപ്പെട്ടതിനാലാകാം ആ കുട്ടി കരയാന്‍ തുടങ്ങി. ഇരിക്കാന്‍ ഒരു സ്ഥലത്തിനായി അവര്‍ പ്രതീക്ഷയോടെ ഞങ്ങളെ നോക്കി. ഞാന്‍ ഒരു നിമിഷം ശങ്കിച്ചു. കണ്ടാല്‍  യാചകിയെ പോലെ വെടിപ്പില്ലാതെ വസ്ത്രം ധരിച്ച സ്ത്രീയും കുട്ടിയും. കുട്ടിയാണെങ്കില്‍ വലിയവായില്‍ കരയുന്നു. അതിന്റെ വൃത്തികെട്ട ഉടുപ്പ് പലയിടത്തായി കരിപുരണ്ടിരിക്കുന്നു. ഞാന്‍ എന്തെങ്കിലും പറയും മുമ്പേ ഹാദിയയുടെ അമ്മ അവര്‍ക്ക്‌ അവരുടെ ബെര്‍ത്തില്‍ ഇരിക്കാന്‍ അനുവാദം നല്‍കി. അപ്പോഴാണ് ഞാന്‍ അവരെ ശ്രദ്ധിച്ചത്. വളരെ ഐശ്വര്യമുള്ള ഒരു സ്ത്രീ. അവര്‍ ആ  യാചകിസ്തീയോടു കാര്യങ്ങളെല്ലാം ചോദിച്ച്  മനസ്സിലാകി.
         അവരെ ഭര്‍ത്താവ് ട്രെയിനില്‍ ഉപേക്ഷിച്ച് പോയതാണ്. എന്തോ തര്‍ക്കമുണ്ടായപ്പോള്‍ അവരറിയാതെ ഒരു സ്റ്റേഷനില്‍ ഭര്‍ത്താവ്‌ ഇറങ്ങി. ഇവര്‍ ഇപ്പോള്‍ വീട്ടിലേക്ക് പോവുകയാണ്. ഒറീസയിലെ ഒരു സ്ഥലം പറഞ്ഞു  നാട് ചോദിച്ചപ്പോള്‍ . ഇപ്പോള്‍ അവര്‍ക്ക്‌ സ്വന്തമായി സീറ്റില്ല. ടിക്കറ്റില്ല....

കുഞ്ഞ് ഇപ്പോഴും കരച്ചില്‍ മാറ്റിയിട്ടില്ല. ആ അമ്മയാണെങ്കില്‍ വളരെ പരുഷമായാണ് അതിനോടു പെരുമാറുന്നത്. ഹാദിയയുടെ അമ്മ അവളില്‍ നിന്ന് കുറച്ച് ബിസ്കറ്റ് വാങ്ങി കുട്ടിക്ക്‌ കൊടുത്തു. പക്ഷെ യാതൊരു ഫലവും ഉണ്ടായില്ല. അപ്പോഴാണ് എന്നെ അതിശയപ്പെടുത്തികൊണ്ട് അവര്‍ തന്റെ ബാഗില്‍ നിന്നും പാല്‍ എടുത്ത്‌ കൊടുക്കുന്നത് . ഹാദിയക്ക് വേണ്ടി കരുതിയതാവണം. പക്ഷെ ഇപ്പോഴും ആ കുട്ടി കുടിക്കാന്‍ കൂട്ടാക്കുന്നില്ല. ഉടനെ അവര്‍ ആ കുഞ്ഞിനെ വാങ്ങി സ്വന്തം മടിയില്‍ കിടത്തി ഒരു സ്പൂണ്‍ കൊണ്ട് കുട്ടിയുടെ വായിലേക്ക് കുറേശ്ശെ ഒഴിച്ചു കൊടുത്തു. കുഞ്ഞിന്റെ അമ്മ നന്ദിയോടെ നോക്കിയിരിക്കുന്നു. ഇടക്ക്‌ പാല്‍ കുടിക്കാത്തത്തിനു അതിനെ ശകാരിക്കുന്നുമുണ്ട് .
         ഞാന്‍ കൂടെയിരുത്താന്‍ സംശയിച്ചിരുന്ന വൃത്തികെട്ട ഉടുപ്പുള്ള കുട്ടിയെ ആ സ്ത്രീ  മടിയില്‍ വച്ച്  പാല്‍ കൊടുക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ പാതാളത്തോളം താഴുന്നതായി എനിക്ക് തോന്നി. എന്റെ  മനസ്സ്‌ എത്ര ചെറുതാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടു. പതിനൊന്നാം ക്ലാസിലോ മറ്റോ 'മറ്റെനിട്ടി' എന്നൊരു പാഠം വായിച്ചത് ഓര്‍മ്മ വന്നു. ഏതോ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം നടക്കുന്ന സമയത്ത്‌ എതിര്‍ പക്ഷത്തെ കൈകുഞ്ഞിനു ഒരു സ്ത്രീ മുലയൂട്ടുന്നതാണ് കഥ. അതിന്റെ മറ്റൊരു പതിപ്പാണ് ഞാന്‍ കാണുന്നത്. സമൂഹത്തിന്റെ വളരെ താഴെ തട്ടില്‍ ജീവിക്കുന്ന ഒരു വൃത്തികെട്ട കുട്ടിക്ക്‌ സ്വന്തം മടിയിലിരുത്തി പാല്‍ കൊടുക്കാന്‍ മേലേ തട്ടിലുള്ള ഒരു സ്തീ സ്വമേധയാ തയ്യാറായെങ്കില്‍ ലോകത്ത്‌ നല്ല മനുഷ്യര്‍ ധാരാളമുണ്ട് എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവ്‌ വേണം...
          ഒറീസയിലെ ഒരു സ്റേഷനില്‍ ആ അമ്മയും കുട്ടിയും ഇറങ്ങി. വഴിചെലവിനുള്ള പണവും കൊടുത്താണ് അവരെ നമ്മുടെ കഥാനായിക യാത്രയാക്കിയത്. അതിനു ശേഷം ഞാന്‍ അവരോടു കുറെ സംസാരിച്ചു. അവര്‍ നന്നായി ഇംഗ്ലീഷ്‌ സംസാരിക്കുന്നുണ്ട്.  അവര്‍ എം കോം വരെ പഠിച്ചതാണ്. ഭര്‍ത്താവ് എഞ്ചിനീയറും. പിന്നെ ഞങ്ങള്‍ തമ്മിലായി സംസാരം. അയാള്‍ IC design നെ കുറിച്ചും  manufacture നെ കുറിച്ചും ധാരാളം ചോദിച്ചുകൊണ്ടിരുന്നു. ഞാന്‍ എനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം പങ്കുവെച്ചു. അപ്പോള്‍ അവളുടെ കമന്റ്റ്  "ഇദ്ദേഹത്തിന്  electronics നോടാണ് എന്നെക്കാള്‍ താത്പര്യം. എന്നെ കുറിച്ച് പല കാര്യങ്ങളും അറിയില്ല എന്നാല്‍  electronics നെ കുറിച്ച് എല്ലാം അറിയാം. " ഇത് കേട്ട് ഞങ്ങള്‍ ചിരിച്ചു. ഞാനും ഒരു  electronics എഞ്ചിനീയര്‍ ആണല്ലോ.

             അവളുടെ വീട് ഖരഗ്‌പൂരും അയാളുടേത് ഹൈദരാബാദിലും. ഇത്ര അകലത്ത് നിന്നുള്ള വിവാഹത്തെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ മനസിന്റെ പോരുത്തമാണ് വലുത് എന്നായിരുന്നു മറുപടി. പിന്നെ തമ്മശയായി അയാള്‍ പറഞ്ഞു "നിങ്ങള്‍ കേരളീയര്‍ മലയാളം മാത്രം സംസാരിക്കുന്നതുകൊണ്ട് മറ്റു സംസ്ഥാനത്തുനിന്നു വിവാഹം കഴിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. എനിക്ക് ഹിന്ദിയും ഉറുദുവും തെലുങ്കും അറിയാവുന്നത് കൊണ്ട് എവിടെ നിന്നും കെട്ടാം!" ഇത് കേട്ട് അവള്‍ പറഞ്ഞു "നിങ്ങളുടെ കെട്ടൊക്കെ കഴിഞ്ഞതാ. ഇനി ആ ചിന്ത വേണ്ട." ഇങ്ങനെ സംസാരിച്ച് സമയം പോയത്‌ അറിഞ്ഞില്ല.  ഇറങ്ങാന്‍ നേരം ഹാദിയ എന്തൊക്കെയോ എന്നോടു ചോദിക്കുന്നുണ്ടായിരുന്നു. ലോകത്ത്‌ ധാരാളം ഭാഷകള്ണ്ടെന്നും  അവള്‍ സംസാരിക്കുന്ന ഹിന്ദി എനിക്ക് വേണ്ടപോലെ അറിയില്ലെന്നും എങ്ങനെ അവളെ ബോധ്യപ്പെടുത്തുമെന്നറിയാതെ ഞാന്‍ കുഴങ്ങി. കുഞ്ഞുശബ്ദത്തില്‍ "ഹുദാ ഹാഫിസ്‌ " എന്ന് പറഞ്ഞു അവര്‍ ഇറങ്ങിപ്പോയി. ലോകത്തിലെ നല്ല ഒരു കുടുംബത്തെ കണ്ട സന്തോഷത്തോടെ ഞാന്‍ എന്റെ ലോകത്തേക്കും...

10 comments:

 1. കൊള്ളാം. ബ്ളോഗ്‌ ലോകത്തേക്ക്‌ സ്വാഗതം. വളരെ നല്ല ധാരാളം ലേഖനങ്ങള്‍ പ്രതിഭാധനനായ ഹഫീസില്‍നിന്ന് ഭാവിയില്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
 2. ആദ്യത്തെ പോസ്റ്റ്‌ ഇപ്പോഴാണ് വായിക്കുന്നത്. തകര്‍പ്പന്‍ പോസ്റ്റുമായാണല്ലോ അരങ്ങേറ്റം! :)

  ട്രെയിന്‍ യാത്ര ശരിക്കും ഒരു അനുഭവം തന്നെയാണ്. നാം ജീവിക്കുന്ന ലോകം എത്ര ചെറുതാണെന്നും, എത്രയെത്ര നിരര്‍ത്ഥകമായ കാര്യങ്ങള്‍ക്കാണ് നാം സമയം ചെലവിടുന്നതെന്നും മനസ്സിലാക്കിത്തരുന്ന നിരവധി അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്.

  ReplyDelete
 3. പ്രിയ മുനീര്‍
  താങ്കളെ ഇവിടെ കണ്ടതില്‍ അതിയായ സന്തോഷമുണ്ട്. പരിചയപ്പെടനമെന്നു ആഗ്രഹമുണ്ടായിരുന്നു. പക്ഷെ നമ്മള്‍ കണ്ടുമുട്ടിയ ബ്ലോഗ്‌ അതിനു ചേര്‍ന്ന ഒന്നായിരുന്നില്ലല്ലോ..

  ReplyDelete
 4. ഹഫീസ്...ഇത്ര മിടുക്കനാണെന്ന് അറിഞ്ഞത് ബ്ലോഗ്‌ വായിച്ചപ്പോളാണ്
  മാ ശാ അല്ലാഹ്..........

  ReplyDelete
 5. ഈ കഥ ഞാന്‍ രണ്ടാമതും വായിച്ചു....[അറിയാതെ വായിച്ചതാ...അപ്പോള്‍ ഞാന്‍ ഓര്‍ത്തു ഇത് ഞാന്‍ വായിച്ച കഥയാണല്ലോ എന്ന്]നല്ല അനുഭവം അല്ലെ?
  ഞാന്‍ ഇത്തവണ ഡല്‍ഹിയില്‍ നിന്നു പോരുമ്പോള്‍ ഒരു മലയാളി....adhehathinnu സീറ്റില്ല ബെര്തില്ല
  രാത്രി എല്ലാരും ഉറങ്ങാന്‍ കിടന്നു
  അദ്ദേഹം ഹാര്‍ട്ട്‌ പേഷ്യന്റ് ആണത്രേ...
  ഞാന്‍ എന്റെ ബെര്‍ത്ത്‌ ഒഴിഞ്ഞു കൊടുത്തു
  എനിക്കാ മനുഷ്യന്‍ ഉറങ്ങാന്‍ സ്ഥലമില്ലാതെ എടങ്ങേറ് ആകുമ്പോള്‍ കിടക്കാന്‍ കഴിയുമായിരുന്നില്ല..
  അവസാനം....ഞാന്‍ ആകെ അവശയായി ...ഉറക്കം..ക്ഷീണം ..തല വേദന
  അല്ലാക്ക് വേണ്ടി മാത്രം ചെയ്തത് എങ്കിലും നിന്റെ അനുഭവം വായിച്ചപ്പോള്‍ എനിക്കെഴുതാതെ പറ്റണില്ല
  അള്ളാഹു നമ്മുടെ അമലുകള്‍ സ്വീകരിക്കട്ടെ
  അല്ലെ?
  ആമീന്‍
  ഹാദിയടെ ഉമ്മാടെ അത്രക്ക് ഉയരാന്‍ നല്ല ഭാഗ്യം വേണം
  അല്ലെ?

  ReplyDelete
 6. ഇതിപ്പോഴാ വായിക്കുന്നത്... :-)

  ReplyDelete

Related Posts Plugin for WordPress, Blogger...