Wednesday, October 13, 2010

പൊന്നുരുക്കുന്നേടത്ത് പൂച്ചക്കല്ലാതെ മറ്റാർക്കാണ് കാര്യം?


സിവിക് ചന്ദ്രൻ  രചിച്ച ഒരു നാടകമാണ്  " പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?". നിലവിലെ കക്ഷി രാഷ്ട്രീയ ചെളിക്കുണ്ടില്‍ വിമോചന സ്വപ്നം പോലും നഷ്ടപ്പെട്ടു, ഇടതുകാലിലെ മന്ത് വലതിലെക്കും പിന്നെ തിരിച്ചും മാറ്റികൊണ്ടിരിക്കുന്ന ജനങ്ങളോട് അവരുടെ നിലപാട് പുന പരിശോധിക്കാനും ജനാധിപത്യത്തിലെ ജനങ്ങളുടെ അധികാരത്തെക്കുറിച്ച്‌ ബോധവാന്മാരാവാനും ആഹ്വാനം ചെയ്യുന്ന നല്ല ഒരു നാടകമാണത്.

രാഷ്ട്രീയക്കാര്‍ക്ക്‌ വിനയം കൈവരുന്ന, സ്ഥലകാല ബോധാമുണ്ടാവുന്ന(election time)സമയമാണല്ലോ ഇത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുകയാണ്. ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ് എന്ന് മനസ്സിലാക്കിയ ഗാന്ധിയുടെ സ്വപ്നമായിരുന്നു ഗ്രാമസ്വരാജ്. യദാര്‍ത്ഥ വികസനം ഗ്രാമ സ്വരാജിലൂറെ മാത്രമേ നടപ്പാവൂ എന്നും ഗാന്ധി കരുതി.
ഒരു രാഷ്ട്രത്തിനു മുഴുവനായി ഒരു വികസന സങ്കല്‍പം എന്നതിന് പകരം ഓരോ ഗ്രാമത്തിനും അതിന്റെ സാധ്യതകളും പരിമിതികളും പരിഗണിച്ചുകൊണ്ടുള്ള ഒരു വികസനം എന്നതായിരുന്നു അത്.
ഭരണ ഘടനയിലെ 73, 74 ഭേദഗതികള്‍ പഞ്ചായത്തിനെ കുറിച്ചുള്ളതായിരുന്നു
1995 ല്‍ പഞ്ചായത്ത്‌ -നഗരപാലിക ബില്‍ കേരള നിയമസഭ പാസാക്കി. പഞ്ചായത്ത്‌ കക്ഷി രാഷ്ട്രീയ കളിക്കുള്ളതല്ല പകരം യദാര്‍ത്ഥ ജനസേവനത്തിനുള്ളതാണ് എന്ന് സിദ്ധാന്തിക്കുന്നതാണ് ആ ബില്‍. അതിന്റെ അടിസ്ഥാനത്തില്‍ 1997-98 സാമ്പത്തിക വര്ഷം മുതല്‍ സംസ്ഥാനത്തിന്റെ മൊത്തം ബജറ്റിന്റെ മൂന്നിലൊന്ന് തുകയും നല്‍കുന്നത് പഞ്ചായത്തുകള്‍ക്കാണ്.  പക്ഷെ കുരങ്ങിന്റെ കയ്യില്‍ പൂമാല എന്ന പോലെയാണ് ഇത് ഭവിച്ചത്.

മിക്ക പഞ്ചായത്തുകളും ഇവ വേണ്ട പോലെ ഉപയോഗിച്ചില്ല എന്നാണു കണക്കുകള്‍ കാണിക്കുന്നത്.( ഏതാണ്ട്  25-30% ) മാത്രമാണ് ഉപയോഗിക്കുന്നത് . ബാക്കി ഫണ്ട് ലാപ്സായിപോകുകയാണ്. ഈ ഫണ്ട് നികുതിപ്പണം മാത്രമല്ല, ഭീമമായ പലിശ നല്‍കി രാഷ്ട്രം കടം വാങ്ങുന്ന ഫണ്ട് ആണ് എന്നും കൂടി ഓര്‍ക്കണം. എന്നുമാത്രമല്ല നടപ്പാക്കുന്ന എല്ലാ പദ്ധതിയിലും അഴിമതി, മുകള്‍ത്തട്ടിലെ നേതാക്കള്‍ തൊട്ട് താഴെ തട്ടിലെ ഉദ്യോഗസ്ഥനും കോണ്ട്രാക്ടര്‍ക്കും .. അങ്ങനെ  ഓരോരുത്തര്‍ക്കും വിഹിതം.
ഇതല്ലാം കഴിഞ്ഞു ജനത്തിനു കിട്ടുന്ന നക്കാപിച്ച കാശ് കൊണ്ട് എന്ത് വികസനം നടത്താനാണ്? അങ്ങനെ പദ്ധതികള്‍ പാതി വഴിയില്‍ കിടക്കും. എന്റെ ഒരു അടുത്ത സുഹൃത്ത് ഈയിടെ പറഞ്ഞത് "രാഷ്ട്രീയക്കാര്‍ കുറച്ച് അഴിമതി നടത്തിയാലും വേണ്ടില്ല വല്ല വികസന പ്രവര്‍ത്തനവും നത്തിയാല്‍ നല്ലത്" എന്നാണ്. അഴിമതി രഹിത വികസനം എന്നത് അസാധ്യമാണ് എന്ന് പലരും വിശ്വസിക്കുന്നു. അഥവാ അനുഭവങ്ങള്‍ അവരെ അങ്ങനെ വിശ്വസിക്കാന്‍ നിര്‍ബന്ധിക്കുന്നു.

അസഹനീയമായ മറ്റൊരു കാര്യം സ്വജനപക്ഷപാതം ആണ്. ജനങ്ങളുടെ ആവശ്യം പരിഗണിച്ചല്ല പാര്‍ട്ടിക്കാരുടെ ആവശ്യം പരിഗണിച്ചാണ് പദ്ധതികള്‍ അനുവദിക്കുന്നത്. പാവപ്പെട്ടവന്‍ തല ചായ്ക്കാന്‍ കൂരയില്ലതെയും കുടിവെള്ളമില്ലാതെയും കഷ്ടപ്പെടുമ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് കാര്യങ്ങള്‍ എല്ലാം സാധിച്ചു കിട്ടുന്നു. ഇ എം എസ് ഭാവന പദ്ധതി എന്ന് കേട്ടാല്‍ തോന്നും അത് പാര്‍ട്ടി ഫണ്ടില്‍നിന്നാണ് പണം നല്‍കുന്നത് എന്ന്. എന്റെയും നിങ്ങളുടെയും നികുതിയാണ് അത്. ഇടതും വലതും ഇവിടെ സമമാണ്. നായനാര്‍ ആണെന്ന് തോന്നുന്നു ഒരിക്കല്‍ ചോദിച്ചു "ഞങ്ങളുടെ പാര്‍ട്ടിക്കാര്‍ക്ക് ഞങ്ങള്‍ അധികാരത്തില്‍ ഉള്ള കാലതതല്ലാതെ പിന്നെ നിങ്ങളുടെ കാലത്ത്‌ കൊടുക്കുമോ ?" എന്ന്. ഇങ്ങനെയൊക്കെ ഒരു റോഡോ പാലമോ പണിതാല്‍ പിന്നെ ഫ്ലക്സ്‌ ബോഡിന്റെ പ്രളയമാണ്. വികസനത്തിന്റെ അവകാശം സ്ഥാപിക്കാന്‍.

ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ ഒരു പ്രത്യേകത സോളിഡാരിറ്റിയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും നേതൃത്വത്തില്‍ ജനകീയ വികസന മുന്നണികള്‍ മല്‍സരിക്കുന്നു എന്നതാണ്. ആകെ രണ്ടായിരത്തോളം സീറ്റില്‍ മാത്രമേ അവര്‍  മത്സരിക്കുന്നുള്ളൂ. അതില്‍ത്തന്നെ എത്ര എണ്ണത്തില്‍ ജയിക്കും എന്നതൊക്കെ കണ്ടറിയണം. പക്ഷെ അവര്‍ ഉയര്‍ത്തുന്ന ആശയങ്ങള്‍ വളരെ ശ്രദ്ധേയമാണ്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒരു കൂട്ടയ്മ ഓരോ പ്രദേശത്തും ഉണ്ടാവേണ്ടതുണ്ട്. അവര്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്.
--------------------------------------------------------
1.            വികസനപ്രവര്‍ത്തനങ്ങളും പദ്ധതികളും ഏറ്റെടുത്ത് നടത്തുന്നത് ജനകീയ സമിതികളായിരിക്കണം.കോണ്‍ട്രാക്ടര്‍മാരെയും മറ്റു ഇടത്തട്ടുകാരെയും പൂര്‍ണ്ണമായും മാറ്റി നിര്‍ത്തണം. അവയുടെ സുഗമമായ നടത്തിപ്പിന് എഞ്ചിനീയര്‍മാരോ മറ്റോ തടസ്സം നില്‍ക്കുകയാണെങ്കില്‍ അവരെ സമൂഹമദ്ധ്യത്തില്‍ തുറന്ന് കാണിക്കുകയും അവര്‍ക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും വേണം.
2.            പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പണം ജനങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുന്നതാകയാല്‍ വിശദമായ കണക്ക് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും വിശദമായ കണക്ക് ജനങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കപ്പെടണം.
3.            പദ്ധതികള്‍ അനുവദിക്കുന്നതും നടപ്പാക്കുന്നതും ജനങ്ങളുമായി കൂടിയാലോചിച്ചു കൊണ്ടായിരിക്കണം. വ്യക്തികളോ പാര്‍ട്ടിക്കാരോ കോണ്‍ട്രാക്ടറോ ആവരുത്.
4.            വ്യക്തികള്‍ക്ക് അനുവദിക്കപ്പെടുന്ന എല്ലാ സഹായങ്ങളും ലഭിക്കുന്നത് സമൂഹത്തിലെ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്കായിരിക്കണം. അതിനായി ജനങ്ങളെ ഒരുമിച്ചു കൂട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. ജാതി, മത, കക്ഷി, പാര്‍ട്ടി പരിഗണനകള്‍ക്ക് അതീതമായിരിക്കണം വ്യക്തികളുടെ തെരഞ്ഞെടുപ്പ്.
5.            ഇപ്പോള്‍ അനുവദിക്കപ്പെടുന്ന സംഖ്യയില്‍ ചെറിയ ശതമാനം മാത്രമേ ചെലവഴിക്കപ്പെടുന്നുള്ളു. ബാക്കിയൊക്കെയും ലാപ്സായി പോവുകയാണ്. ഭരിക്കുന്നവരുടെ ഗുരുതരമായ അശ്രദ്ധയും ആലസ്യവും അവഗണനയുമാണിതിനു കാരണം. ഈയവസ്ഥക്ക് അറുതിയുണ്ടാവണം.
6.            മദ്യം, മയക്കുമരുന്ന്, ലൈംഗിക അരാജകത്വം പോലുള്ള സാമൂഹിക തിന്മകളും കുറ്റകൃത്യങ്ങളും തടയുന്നതില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാന്‍് സാധിക്കും. ഇതില്‍ ഒരു വിധ അശ്രദ്ധയോ അവഗണനയോ ഉണ്ടാകാവതല്ല.
7.            വര്‍ഗ്ഗീയത, സാമുദായിക ധ്രുവീകരണം,ജാതി സംഘര്‍ഷം, രാഷ്ട്രീയ സംഘട്ടനങ്ങള്‍ പോലുള്ളവയ്ക്കെതിരെ ശക്തമായ ബോധവല്‍ക്കരണം സംഘടിപ്പിക്കണം. നാട്ടില്‍ സമാധാനവും ശാന്തിയും ഉറപ്പു വരുത്താന്‍ എല്ലാ വാര്‍ഡുകളിലും ഡിവിഷനുകളിലും മുഴുവന്‍ ജാതി, മത, സമുദായ, രാഷ്ട്രീയ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി സൌഹൃദവേദികളുണ്ടാക്കണം.
8.            വികസനത്തില്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് മുഖ്യപരിഗണന നല്‍കുക.ഭക്ഷണം, വസ്ത്രം,പാര്‍പ്പിടം, വെള്ളം, വെളിച്ചം, വിദ്യാഭ്യാസം, ചികില്‍സ, തൊഴില്‍ പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കണം പ്രഥമ പരിഗണന.
9.            ഭരണനിര്‍വ്വഹണത്തിലെ സ്ത്രീ പങ്കാളിത്തം അര്‍ത്ഥപൂര്‍ണ്ണവും യാഥാര്‍ത്ഥ്യനിഷ്ഠവുമാണെന്ന് ഉറപ്പ് വരുത്തുക. അവരെ ബിനാമികളാക്കി പുരുഷന്മാര്‍ ഭരിക്കുന്ന അവസ്ഥക്ക് അറുതി വരുത്തുക.
10.          വികസനം പ്രകൃതിവിരുദ്ധമാവാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുക. പുഴകള്‍ക്കും തോടുകള്‍ക്കും കുളങ്ങള്‍ക്കും നീര്‍ചാലുകള്‍ക്കും വയലുകള്‍ക്കും മലകള്‍ക്കും പോറല്‍ പററാതിരിക്കാന്‍ ജാഗ്രത പാലിക്കുക.അവയൊക്കെ നമ്മെപ്പോലെ വരും തലമുറകള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന ബോധം വളര്‍ത്തുക. വായുവിലും വെള്ളത്തിലും മണ്ണിലും വിണ്ണിലും വിഷം കലര്‍ത്താത്ത വികസനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്.കാര്‍ഷിക മേഖലക്ക് പ്രാധാന്യം നല്‍കുക.
-----------------------------------------------
ഇതില്‍ എനിക്ക് ഏറ്റവും ഇഷപ്പെട്ട കാര്യം ജന പങ്കാളിത്തത്തോടെയുള്ള വികസനം എന്നതാണ്. അതായത്‌  വീട് നിര്‍മ്മിക്കുന്നതിനും റോഡുണ്ടാക്കുന്നതിലും ജനങ്ങളും പങ്കെടുക്കുക അങ്ങനെ ചെലവ് കുറയ്ക്കാം എന്ന് മാത്രമല്ല പൊതു മുതലിനോട് പൗരന്‍മാര്‍ക്കുള്ള സ്നേഹം വളര്‍ത്തുകയും ചെയ്യാം. (പൊതുമുതല്‍ നശിപ്പിചാണല്ലോ വിപ്ലവ പാര്‍ട്ടികളുടെ പരിചയം ). ഇത് സോളിഡാരിറ്റി ചെയ്തുകാണിച്ച ഒരു മാതൃകയാണ്.  അവരുടെ സമ്മേളനത്തോടനുബന്ധിച്ച് പാവങ്ങള്‍ക്ക്‌ വീട് നിര്‍മ്മിച്ച് നല്‍കിയപ്പോള്‍  , നാല്‍പതിനായിരം രൂപ പിരിച്ചെടുത്ത്  പ്രവര്‍ത്തകരുടെ അധ്വാനവും ചേര്‍ത്ത്‌  ഒരു ലക്ഷത്തിന്റെയും ഒന്നര ലക്ഷത്തിന്റെയും വീടുകള്‍ നിര്‍മ്മിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞു. ഇങ്ങനെ ഇ എം എസ് ഭവന ഫണ്ടില്‍ നിന്ന് കിട്ടുന്നത്  ഒരു ലക്ഷമാനെങ്കില്‍ നാട്ടുകാരുടെ അധ്വാനവും ചേര്‍ത്ത്‌  ഒന്നര ലക്ഷത്തിന്റെയും രണ്ടു ലക്ഷത്തിന്റെയും വീടുകള്‍ പണിയാന്‍ നമുക്ക്‌ കഴിയും.  ഒരു ലക്ഷം ഫണ്ട് കൊണ്ട് രണ്ടു ലക്ഷത്തിന്റെ വികസനം സാധ്യമാക്കണം.  ഇന്ന് തിരിച്ചാണ് നടക്കുന്നത്.

മറ്റൊരു നല്ല അനുഭവം കൂടി പങ്കുവെക്കുന്നത്  നന്നായിരിക്കും. കഴിഞ്ഞ ഇലക്ഷനില്‍തന്നെ ജനകീയ മുന്നണി പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് വാര്‍ഡുകളില്‍ മത്സരിച്ച്  ജയിച്ചിരുന്നു. അതിലൊരു വാര്‍ഡു മെമ്പര്‍ക്ക്  റോഡുണ്ടാക്കാന്‍ 1,68,000  രൂപ  അനുവദിച്ചുകിട്ടി. അദ്ദേഹം 1,50,000  രൂപക്ക്‌  തന്നെ റോഡു പൂര്‍ത്തിയാക്കി ബാകി തുക പഞ്ചായത്തില്‍ തിരിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു. പഞ്ചായത്തിന് അതൊരു പുതിയ അനുഭവമായിരുന്നു. അവര്‍ തുക തിരിച്ചു വാങ്ങാന്‍ തയ്യാറായില്ല.  ആ തുകക്ക് കൂടി പിന്നീട് റോഡ്‌ നീളം കൂടി. ഒരു പക്ഷെ കേരളത്തിലെ ആദ്യത്തെ അനുഭവമായിരിക്കും ഇത്. ഫണ്ട് തികയുന്നില്ല എന്ന് പറഞ്ഞ് ധാരാളം പദ്ധതികള്‍ വഴിമുട്ടി നില്‍ക്കുന്ന നാടിലാണ് ഇതെന്നോര്‍ക്കണം.  നേരായ ആസൂത്രണവും സത്യസന്ധതയുമുണ്ടെങ്കില്‍ പലതും സാധ്യമാണ് എന്നാണ് ഇതിന്റെ പാഠം.

ഇലക്ഷനില്‍  ജയിച്ചാലും ഇലെങ്കിലും ഒരര്‍ത്ഥത്തില്‍ ജനകീയ മുന്നണികള്‍ വിജയിച്ചിരിക്കുന്നു. ഇതിനെ മാധ്യമം പത്രത്തോട് ഉപമിക്കാനാണ് എനിക്ക് താല്പര്യം.  വാര്‍ത്താ മാധ്യമ രംഗത്ത്‌ മാധ്യമം പത്രം നേടിയ വിജയം മാധ്യമത്തിനു കൂടുതല്‍ സര്‍ക്കുലേഷന്‍ ഉണ്ട്‌ എന്നതല്ല. മറിച്ച് അതിന്റെ ശൈലി കൊണ്ട് മുമ്പ്‌ മുഖ്യധാര പത്രങ്ങള്‍ അവഗണിച്ചിരുന്ന പല കാര്യങ്ങളെയും കണ്ടില്ലെന്ന് നടിക്കാനാകാത്ത സമ്മര്‍ദത്തിലേക്ക് ഇതര മുഖ്യധാരാ മാധ്യമങ്ങളെ കൂടി ചെന്നെത്തിച്ചു എന്നതാണ്.

ഇതുപോലുള്ള ഒരു മാറ്റമാണ് ജനകീയ വികസനമുന്നണികൊണ്ട് ഉണ്ടാവുക എന്ന് ഞാന്‍ കരുതുന്നു. അല്ലാതെ മത്സരിക്കുന്ന ആദ്യ തവണ തന്നെ ഗംഭീര വിജയം വരിക്കുക എന്നതൊക്കെ എളുപ്പമല്ല. വിശേഷിച്ചും അതിന്റെ പ്രവര്‍ത്തകര്‍ക്ക് ഇലക്ഷന്‍ പ്രചാരണം ആദ്യമായാണ്‌. പ്രചാരണത്തിലെ കാര്യങ്ങളും തന്ത്രങ്ങളും അവര്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
പക്ഷെ ഇപ്പോള്‍ത്തന്നെ വികസന മുന്നണിക്കെതിരെ മത്സരിക്കാന്‍ പരമാവധി നല്ല വ്യക്തികളെ അന്വേഷിച്ചു രാഷ്ട്രീയ പാര്‍ട്ടികള്‍ പരക്കം പായുന്നത് നാം കണ്ടു. മുന്‍പ്‌ അവര്‍ ഏറ്റെടുക്കാന്‍ മടിച്ചിരുന്ന പല കാര്യങ്ങളും ഇനി അവര്‍ക്ക്‌ ഏറ്റെടുക്കേണ്ടിവരും. പാരിസ്ഥിതികമായ പ്രശ്നങ്ങളെ കുറിച്ച് അവര്‍ സംസാരിച്ചു തുടങ്ങി. ഈ വിഷയത്തില്‍ പാളിച്ച പറ്റി എന്ന് ലീഗ് നേതാവ്‌ ഷാജിക്ക്‌ തുറന്നു പറയേണ്ടിവന്നു. വീടില്ലാതവനും താങ്ങിലാതവനും ആദിവാസിക്കും വേണ്ടി ശബ്ദിക്കാന്‍ ആളുണ്ടായിക്കൊണ്ടിരിക്കുന്നു. കാത്തിരുന്നു കാണാം...

സിവിക്‌ ചന്ദ്രന്‍റെ നാടകം അവസാനിക്കുന്നത് ഇങ്ങനെയാണ്

നാം വോട്ടർമാർക്ക്, പൌരന്മാർക്ക്, ജനങ്ങൾക്കുണ്ട് തലച്ചോറ്
നാം നമ്മുടെ സ്വന്തം കൊടി ഉയർത്തുന്നു
ജനകീയ രാഷ്ട്രീയത്തിന്റെ കൊടി
നാം നമ്മുടെ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുന്നു
നമ്മളിലൊരാളിനെ നമ്മുടെ പ്രതിനിധിയായി തെരഞ്ഞെടുക്കുന്നു
അണ്ടനും അടകോടനും ഇനി നമ്മെ ഭരിക്കട്ടേ
വെള്ളം കോരിയും വിറകു വെട്ടിയും ഭരിക്കട്ടെ.
കോറസ് രണ്ട് സംഘമാകുന്നു
ഒന്നാം സംഘം:
പൂച്ചേ പൂച്ചേ പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?
രണ്ടാം സംഘം:
പൊന്നുരുക്കുന്നേടത്ത് പൂച്ചക്കല്ലാതെ മറ്റാർക്ക് കാര്യം?
ഒന്നാം സങ്ഹം:
വോട്ടറേ, വോട്ടറേ ജനാധിപത്യത്തിൽ ജനങ്ങൾക്കെന്ത് കാര്യം?
രണ്ടാം സംഘം:
ജനാധിപത്യത്തിൽ ജനങ്ങൾക്കല്ലാതെ മറ്റാർക്ക് കാര്യം?

2 comments:

 1. താങ്കള്‍ പറഞ്ഞതിനെ ഞാന്‍ അനുകൂലിക്കുന്നു.... സര്‍വ്വ സമ്മതനായ സ്ഥാനാര്‍ഥികളെ രംഗത്തിരക്കുന്നതില്‍ അവര്‍ പലേടത്തും പരാജയപ്പെട്ടു.
  "....വ്യതിഹത്യ നടത്താന്‍ സാധിക്കാത്തത്ര നല്ല വ്യക്തികളെയാണ് വികസന സമിതിക്കാര്‍ സ്ഥാനാര്‍ഥി കളാക്കിയത് എന്നത് ശെരിയായിരിക്കാം. പക്ഷെ വിരലിലെണ്ണാവുന്ന സ്ഥലങ്ങളിലൊഴിച്ചു, അവര്‍ നിര്‍ത്തിയ സ്ഥാനാര്‍ഥികളുടെ ജനപിന്തുണ എത്രതോളമുണ്ടെന്നു ഒരിക്കല്‍ പോലും അന്വേഷിച്ചില്ല... പ്രസ്ഥാനക്കാര്‍ മാത്രമായിരുന്നില്ല അത് തീരുമാനിക്കേണ്ടത്... സധാരണക്കാരായ നിഷ്പക്ഷ്മതികളോട് അന്വേഷിക്കാമായിരുന്നു... ജോലി, കുടുംബം, പിന്നെ പ്രസ്ഥാനം ഇത് മാത്രമായി നടക്കുന്ന, ജനകീയ പ്രശ്നങ്ങളില്‍ ഒരിക്കല്‍ പോലും ഇടപെടാതിരുന്ന, അയല്‍ക്കാരുമായിപോലും വലിയ അടുപ്പമില്ലാത്ത ഒരാള്‍ക്ക് എങ്ങിനെ ഒരു വാര്‍ഡിനെ പ്രധിനിധീകരിക്കാനാവും.. അവരെ തിരസ്ക്കരിച്ച വോട്ടറെ എങ്ങിനെ കുറ്റപ്പെടുത്തും? ......"

  visit http://riyasthescribe.blogspot.com to read more

  ReplyDelete
 2. @നാടോടി
  ബ്ലോഗ്‌ വായിച്ചതിലും പ്രതികരിച്ചതിലും സന്തോഷം അറിയിക്കുന്നു.
  ജനങ്ങള്‍ തിരസ്കരിച്ചു എന്നത് ഒരു ആശയം ശരിയോ തെറ്റോ എന്നതിന്റെ മാനദണ്ഡം ആക്കികൂടാ. താങ്കളും അങ്ങനെ കരുതുന്നില്ലെന്നാണ് ഞാന്‍ മനസ്സിലാകുന്നത്. ജനകീയ മുന്നണിക്ക്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട് എന്ന് തന്നെയാണ് ഞാനും കരുതുന്നത്. ആദ്യത്തെ അനുഭവമായത് കൊണ്ടായിരിക്കാം. അനുഭവത്തില്‍ നിന്ന് പഠിക്കുമെന്ന് പ്രതീക്ഷിക്കാം.

  ReplyDelete

Related Posts Plugin for WordPress, Blogger...