Monday, January 10, 2011

എരിയുന്ന ചിത; സഖാവിന്‍റെ സമരം

കൊല്ലം ടി കെ എമ്മില്‍  ബി.ടെക് പഠിക്കുന്ന സമയം. തേര്‍ഡ്‌ ഇയര്‍ ആണെന്നാണ്‌  ഓര്‍മ. ഒരു ദിവസം ക്ലാസിലിരിക്കുമ്പോള്‍ SIO ജില്ലാ പ്രസിഡന്റ് ഫോണില്‍ വിളിച്ചു.( ഞാന്‍ അക്കാലത്ത്‌ SIO വിന്റെ ജില്ലാ സമിതി അംഗമായിരുന്നു). MBBS(member of backbench students) കാരനായതിനാല്‍ പതുക്കെ കുനിഞ്ഞിരുന്ന് കാള്‍ അറ്റന്‍ഡ് ചെയ്തു. "കരുനാഗപ്പള്ളിക്കടുത്ത് ഒരു കുട്ടി ആത്മഹത്യ ചെയ്തത് നീ പത്രത്തില്‍ വായിച്ചിരിക്കുമല്ലോ. . ഞാനിവിടെ കോഴിക്കോട് ആണുള്ളത്. നീ സെക്രട്ടറിയുടെ കൂടെ ആ വീട് സന്ദര്‍ശിക്കണം. "  ക്ലാസില്‍ ടീച്ചര്‍ ഉള്ളതിനാല്‍ അധികം സംസാരിച്ചില്ല. "ഓക്കേ " പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു.

രാവിലെ പത്രത്തില്‍ കണ്ട വാര്‍ത്ത ഞാന്‍ ഓര്‍ത്തു. ഒരു സ്വാശ്രയ കോളേജില്‍ MBA ക്ക് പഠിക്കുന്ന ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരിക്കുന്നു. അവളുടെ ലാപ്ടോപ്പ് മോഷണം പോയി. ലാപ്ടോപ്പ് ഇല്ലാതെ കോഴ്‌സ് ചെയ്യാന്‍ പറ്റില്ലെന്ന് കോളേജ്‌ . പുതിയ ലാപ്ടോപ്പ് വാങ്ങാന്‍ കാശില്ലാതെ മനം നൊന്ത് അവള്‍ ആത്മഹത്യ ചെയ്തു. കോളേജ്‌ ഹോസ്റ്റലില്‍നിന്ന് ലാപ്ടോപ്പ് മോഷണം പോയിട്ടും മാനേജ്‌മെന്റ്‌ കാര്യമായ നടപടി ഒന്നും എടുത്തില്ലെന്നും പുതിയ ലാപ്ടോപ്പ് വാങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്തി എന്നുമൊക്കെ പത്രത്തിലുണ്ടായിരുന്നു. ലാപ്ടോപ്പ് മോഷണം പോയത്‌ പോലീസ് അന്വേഷിക്കുന്നുണ്ട്, മരണത്തിന്റെ കാരണം മറ്റെന്തോ ആണെന്നും അതില്‍ ഞങ്ങള്‍ക്ക്‌ പങ്കൊന്നുമില്ല എന്ന് മാനേജ്മെന്‍റും. സ്വാശ്രയം ഒരു പ്രശ്നമായി കത്തി നില്‍ക്കുന്ന കാലമാണെന്നോര്‍ക്കണം .

വൈകുന്നേരം എന്റെ പ്രിയ സുഹൃത്ത് റാജിയുടെ കൂടെ കോളേജ്‌ വിട്ടിറങ്ങുമ്പോള്‍ അവിടെ ബൈക്കുമായി സെക്രട്ടറി അനീഷ്‌ കാത്തിരിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ കരുനാഗപ്പള്ളിയിലേക്ക്‌ പോയി. വഴിയിലുടനീളം എന്റെ മനസ്സ്‌ അസ്വസ്ഥമായിരുന്നു. ചെറുപ്പം തൊട്ടേ മരണം എന്ന് കേള്‍ക്കുന്നത് തന്നെ പേടിയാണ്. ഗത്യന്തരമില്ലെന്കില്‍ മാത്രമേ ഞാന്‍ മരണ വീട്ടില്‍ പോവാറുള്ളൂ. പോരാത്തതിന് ഇതാണെങ്കില്‍ ആത്മഹത്യയും! അവിടെ ചെല്ലുമ്പോള്‍ എന്തായിരിക്കും അവസ്ഥ? അവരോട് എന്താണ് പറയുക? മകള്‍ ആത്മഹത്യ ചെയ്‌താല്‍ മാതാപിതാക്കള്‍ എങ്ങനെ സഹിക്കും ? എങ്ങനെ അവരെ അഭിമുഖീകരിക്കും? എന്നെല്ലാം ആലോചിച്ച് ഞാന്‍ മൌനിയായിരുന്നു. അനീഷിന്റെ വാക്കുകളാണ് എന്നെ ഉണര്‍ത്തിയത്  "അവിടെ ചെന്നാല്‍ എന്ത് പറയണം എന്നെനിക്കറിയില്ല. ഹഫീസേ, നീ സംസാരിക്കും എന്ന പ്രതീക്ഷയിലാണ് നിന്നെ കൂടെ കൂട്ടിയത്‌. " ഇത് നല്ല കഥ. നല്ല ആളെയാണ് കൂടെ കൂടിയിരിക്കുന്നത് !. "അനീഷ്‌ ഭായ്‌ , ഞാനും അതുതന്നെയാണ് ആലോചിക്കുന്നത്......എന്തുപറയും?"

ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ നേരം ഇരുട്ടിയിരുന്നു. ബൈക്ക്‌ റോഡരികില്‍ നിര്‍ത്തി ആള്‍ക്കാരോട് വഴി ചോദിച്ച് മിടിക്കുന്ന ഹൃദയങ്ങളോടെ ഞങ്ങള്‍ നടന്നു. ഒരു ചെറിയ വീട്. മുറ്റത്ത്‌ രണ്ടുമൂന്നു പേര്‍ മാത്രം. ഞങ്ങള്‍ കയറിച്ചെന്നു. അനീഷ്‌ സ്വയം പരിചയപ്പെടുത്തി. "ഞങ്ങള്‍ SIO എന്ന വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തകര്‍ ആണ്." ധാരാളം വിദ്യാര്‍ഥി സംഘടനകള്‍ അനുശോചനം രേഖപ്പെടുത്താന്‍ അവിടെ വന്നിട്ടുണ്ടാവും. അതിനാല്‍ അവര്‍ പ്രത്യേകിച്ച് ഒന്നും പറയാതെ ഇരിക്കാന്‍ ആംഗ്യം കാട്ടി. ഞങ്ങളുടെ സംസാരം കേട്ട് ഒരാള്‍ അടുത്തേക്ക് നടന്നുവന്നു. "സ്വാശ്രയം തന്നെയാണ് പ്രശ്നം" അദ്ദേഹം തുടങ്ങി. "പണമുണ്ടാക്കാന്‍ വേണ്ടി മാത്രമാണിവ. വീട്ടുകാരോട് എത്രയെന്ന്‌ വച്ചാ ആ കുഞ്ഞ്‌ ചോദിക്കുക? ഇനിയും അവരെ ബുദ്ധിമുട്ടിക്കെണ്ടെന്നു ആ പാവം കരുതിക്കാണും"  ഞങ്ങള്‍ കേട്ടിരുന്നു. അദ്ദേഹം അടുത്ത പടിയിലേക്ക് കടന്നു. "സംഘടിത മതമാണ്‌ എല്ലാ പ്രശ്നത്തിനും കാരണം. എന്തിനാണ് സംഘടിത മതം? എന്താണവര്‍ക്ക്  വേണ്ടത്‌?  പരസ്പരം പോരടിക്കാനല്ലേ മതം?" അദ്ദേഹം വാചാലനായി. ഞങ്ങള്‍ അദ്ദേഹത്തെ പരിചയപ്പെട്ടു. ആള്‍ ഒരു ഒന്നൊന്നര സഖാവ് ആണ്. ആ കുട്ടി പഠിച്ചിരുന്ന  കോളേജ്‌ നടത്തുന്നത് ക്രിസ്ത്യന്‍ മാനേജ്‌മെന്റ്‌ ആയിരുന്നു. അതുകൊണ്ടായിരിക്കാം അദ്ദേഹം ഇങ്ങനെ പറയുന്നത്. ഒരു പക്ഷെ SIO വിലെ islamic അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ടാവാം. ഉള്ളിലെന്തെന്ന് നോക്കാന്‍ ആര്‍ക്കും സമയമില്ലാത്ത കാലമാണല്ലോ. എല്ലാം പെട്ടെന്ന് പേരുനോക്കി വിധി പറയാനും ചാപ്പ കുത്താനുമാണ് എല്ലാര്ക്കും താല്‍പര്യം. ഞങ്ങള്‍ ആരും ഒന്നും പറഞ്ഞില്ല. മരണ വീട്ടിലെ ആ ഒരു പ്രത്യേക അന്തരീക്ഷം ഞങ്ങളെ ആകെ മൌനത്തില്‍ മുക്കിയിരുന്നു. "എന്തൊക്കെ പറഞ്ഞാലെന്താ ... ന്റെ മോള് പോയില്ലേ..." കുട്ടിയുടെ അച്ഛന്‍ ഇറങ്ങിവന്നു. സഖാവ് ഞങ്ങളെ അദ്ദേഹത്തിനു പരിചയപ്പെടുത്തി. "ഇന്നലെ വരെ ഈ മുറ്റത്ത്‌ നടന്ന കുഞ്ഞാ.. ഇപ്പൊ ആ ചിതയില്‍......" അയാള്‍ ചൂണ്ടിക്കാട്ടി.

അപ്പോഴാണ് ഞങ്ങള്‍ അത് ശ്രദ്ധിച്ചത്. വീടിന്റെ അടുത്ത്‌ തന്നെയായി മുറ്റത്തിന്റെ മറ്റൊരു ഭാഗത്ത്‌ അവളുടെ ചിത അപ്പോഴും ചെറുതായി കത്തികൊണ്ടിരിക്കുന്നു. കനലുകള്‍ പൊട്ടുന്ന ശബ്ദം ചെറുതായി കേള്‍ക്കാം. ഇതെല്ലാം കഴിഞ്ഞിരിക്കും എന്നാണു ഞാന്‍ കരുതിയിരുന്നത്. പോസ്റ്റ്‌മോര്‍ട്ടവും മറ്റും കഴിഞ്ഞപ്പോള്‍ വൈകിയതായിരിക്കാം. ഞങ്ങള്‍ പതുക്കെ അതിനടുത്തെക്ക് നടന്നു. നെയ്യും സുഗന്ധങ്ങളും മറ്റെന്തൊക്കെയോ കൂടിക്കലര്‍ന്ന ഒരു ഗന്ധം...ഇനിയും കത്തി തീര്‍ന്നിട്ടില്ലാത്ത ചിത....കനലുകള്‍ക്കിടയില്‍ ചെറിയ തീ നാളങ്ങള്‍ ... അതിലെ ഓരോ കനലും എന്നെ തുറിച്ചു നോക്കി. ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ആ പെണ്‍കുട്ടി ഒരു അവ്യക്ത രൂപമായി മനസ്സില്‍ ....എന്നെപ്പോലെ ഭാവിയെ കുറിച്ച് സ്വപ്നങ്ങളുള്ള വീട്ടുകാരുടെ പ്രതീക്ഷയായ ഒരു കുട്ടി കേവലം ചാരമായി മാറിക്കൊണ്ടിരിക്കുന്നു എന്ന ചിന്ത എന്നെ അസ്വസ്ഥനാക്കി. കേവലം ഒരു വിദ്യാര്‍ഥി സംഘടനയുടെ പ്രതിനിധിയായി അനുശോചനം അറിയിക്കാന്‍ വന്ന ഞാന്‍ എന്തിനിങ്ങനെ വികാരപ്പെടണം എന്ന് ഞാന്‍ ചിന്തിച്ചു. തൊണ്ടയില്‍ എന്തോ തടഞ്ഞ പോലെ... എനിക്കൊന്നും പറയാന്‍ കഴിയുന്നില്ല. ആ നില്‍പ്പ് തുടര്‍ന്നു. അത് എന്റെ ആരുമല്ല..ആരുമല്ല എന്ന് എന്നോടുതന്നെ ഞാന്‍ പറഞ്ഞുകൊണ്ടിരുന്നു . പക്ഷെ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

"ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ അണിചേര്‍ന്ന പ്രസ്ഥാനം ഇത് ഏറ്റെടുത്തിട്ടുണ്ട്. അവര്‍ കോളെജിലേക്ക് മാര്‍ച്ച് നടത്തി" സഖാവ് തുടര്‍ന്നു. SFI ആണ് ഉദ്ദേശം. അവര്‍ കോളെജിലേക്ക് മാര്‍ച്ച് നടത്തി കോളേജ്‌ എറിഞ്ഞു പൊളിച്ചിരുന്നു. SFI യുടെ വീര കൃത്യങ്ങളെ കുറിച്ചും സംഘടിത മതത്തിന്റെ ദൂഷ്യങ്ങളെ കുറിച്ചും മതം ലോകത്ത്‌ ഉണ്ടാക്കിയ പ്രശ്നങ്ങളെ കുറിച്ചും അദ്ദേഹം വീണ്ടും പറഞ്ഞുതുടങ്ങി. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അപചയങ്ങളെ കുറിച്ചും അവര്‍ക്ക്‌ അധികാരമുള്ള സ്ഥലങ്ങളില്‍ (അതൊരു കോളേജ്‌ ആണെങ്കിലും) അവര്‍ നടത്തുന്ന സ്വേച്ഛാധിപത്യത്തെ കുറിച്ചും  എനിക്ക് നല്ല ധാരണ ഉണ്ടായിരുന്നു. ഇപ്പോഴത്തെ  SFI ആണെങ്കില്‍ CPM ന്റെ താളത്തിനു തുള്ളുക എന്നതിനപ്പുറം വിദ്യാര്‍ത്ഥി സമൂഹത്തോട് അവര്‍ക്ക്‌ ആത്മാര്‍ത്ഥത ഉണ്ടെന്നു ഞാന്‍ കരുതിയിരുന്നില്ല. അടിപൊളി ജീവിതവും തച്ചു തകര്‍ക്കുന്ന സമരവുമല്ലാതെ  വിദ്യാര്‍ത്ഥി സമൂഹത്തിനു ക്രിയാത്മകമായ ഒരു സന്ദേശം അവര്‍ നല്‍കുന്നതായി ഞാന്‍ കണ്ടിട്ടില്ല. ഏതൊരു പ്രശ്നത്തിലും തുടക്കത്തില്‍ ഇടപെടും . കോളേജ്‌ എറിഞ്ഞോ തച്ചോ പൊളിക്കും. സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിക്കും. ഒന്നുരണ്ടു ദിവസം കഴിഞ്ഞു മാധ്യമ ശ്രദ്ധ ഇല്ലാതാവുമ്പോള്‍ അവരും അവരുടെ പാട്ടിനു പോകും. ഈ കൊളെജിനെതിരെയുള്ള സമരത്തിനും അതിനപ്പുറം ഭാവിയുണ്ടാവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.  പക്ഷെ ഇതൊക്കെ പറയാന്‍ പോയിട്ട് ഒരപശബ്ദം പുറപ്പെടുവിക്കാന്‍ പോലും അപ്പോള്‍ എനിക്ക് കഴിയില്ലായിരുന്നു. ഞങ്ങളൊന്നും പറയത്തതിനാല്‍ സഖാവും നിര്‍ത്തി. ഞങ്ങള്‍ തിരിച്ചു മുറ്റത്ത്‌ വന്നു. യാത്ര പറഞ്ഞു അവിടെ നിന്ന് ഇറങ്ങി.

മനസാക്ഷിയോടു കൂടി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നത് എത്ര ദുഷ്കരമാണ് എന്നെനിക്ക് മനസ്സിലായി. രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്ക് പത്രങ്ങള്‍ക്ക്‌ പുതിയ വാര്‍ത്തകള്‍ കിട്ടി. SFIക്ക് എറിയാന്‍ പുതിയ കോളേജും. പക്ഷെ എന്റെ മനസ്സില്‍ ആ ചിത ഇപ്പോഴും കത്തിക്കൊണ്ടേയിരിക്കുന്നു....

39 comments:

  1. ഉള്ളിലെന്തെന്ന് നോക്കാന്‍ ആര്‍ക്കും സമയമില്ലാത്ത കാലമാണല്ലോ. എല്ലാം പെട്ടെന്ന് പേരുനോക്കി വിധി പറയാനും ചാപ്പ കുത്താനുമാണ് എല്ലാര്ക്കും താല്‍പര്യം.


    നന്നായി എഴുതി ഹഫീസ്‌ ....

    മനസാക്ഷിയോടു കൂടി പൊതുരംഗത്ത് പ്രവര്‍ത്തിക്കാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ കഴിയും എന്ന് തോന്നുന്നില്ല ...

    ReplyDelete
  2. പലപ്പോഴും പലര്‍ക്കും സമരം ചെയ്യാനും ശക്തി കാണിക്കാനും മാത്രമായി മാറുന്നു ഇതുപോലുള്ള സംഭങ്ങള്‍. പക്ഷെ എന്ത് നേടി, എത്ര മരണങ്ങള്‍ ഒഴിവായി എന്നൊരു കണക്കെടുപ്പ് അപ്രസക്തവും. ഇനിയും സംഭവിച്ചേക്കാം. സമരവും നടന്നേക്കാം. സംഘടനകളുടെ ലേബല്‍ മാരുകയല്ലാതെ ഫലം ഉണ്ടാകില്ല.
    നല്ല പോസ്റ്റ്‌ ഹാഫീസ്.

    ReplyDelete
  3. വളരെ ഭംഗിയായ അവതരണം ഹഫീസ്. പൊതു രംഗത്ത് മന സാക്ഷിയോടെ പ്രവര്‍ത്തിക്കള്‍ ദുഷ്കരം തന്നെയാണ്. ആ കുട്ടിയുടെ ചിത ഇപ്പോഴും മനസ്സില്‍ എറിഞ്ഞു കൊണ്ടിരിക്കുന്നു. ആ വീട്ടു കാരുടെ നൊമ്പരവും.

    ReplyDelete
  4. ഹഫീസ്..നന്നായി എഴുതി..പൊതു പ്രവര്‍ത്തനത്തിനിടയില്‍ വേറെയും പല അനുഭവങ്ങളും ഉണ്ടായിക്കാണുമല്ലോ ..അതും കൂടി പങ്കു വെക്കുക..ആശംസകള്‍..

    ReplyDelete
  5. ഏത് സഘടന ഏറ്റെടുത്താലും അതിലൂടെ കിട്ടുന്ന പ്രശസ്തി മാത്രമാവും അവരുടെ ലക്ഷ്യം .. മരണപ്പെട്ടവര്‍ക്കോ അവരുടെ ബന്ധുക്കള്‍ക്ക് അതുകൊണ്ട് ഒരു ലാഭവും ഉണ്ടാവാന്‍ പോവുന്നില്ല .. വീണ്ടും അത് പോലെ ആവാര്‍ത്തിക്കാതിരിക്കാനെങ്കിലും ഏതെങ്കിലും സമരം ഗുണം ചെയ്യുന്നുണ്ടെങ്കില്‍ നന്നായിരുന്നു ...

    ReplyDelete
  6. മറ്റുള്ളവരുടെ ദുഃഖങ്ങള്‍ നമ്മുടേത്‌ ആയി
    കാണാന്‍ ഉള്ള ചിന്താഗതി തന്നെ നന്മയിലേക്ക്
    ഉള്ള ചുവടു വെയ്പ് ആണ്..വളരെ നല്ല ചിന്തകള്‍
    ഹാഫിസ്.നന്നായി എഴുതി..

    ReplyDelete
  7. hafees.. kannu niranju..

    nalla avatharanam.. feel avunna ezhyth!

    ReplyDelete
  8. പീഠനങ്ങള്‍ പലകോണില്‍നിന്നുമുണ്ടാവും
    മുതെലെടുപ്പുനടത്താനുള്ള ശ്രമങ്ങളും
    പീഠനങ്ങളും ചൂഷണങ്ങളും ഇല്ലായ്മ ചെയ്യനുള്ള ശ്രമമാണു വേണ്ടത്.
    അതിനു എല്ലാ സംഘടനകള്‍ക്കും കഴിയട്ടെ!
    ആശംസകള്‍!

    ReplyDelete
  9. "കേവലം ഒരു വിദ്യാര്‍ഥി സംഘടനയുടെ പ്രതിനിധിയായി അനുശോചനം അറിയിക്കാന്‍ വന്ന ഞാന്‍ എന്തിനിങ്ങനെ വികാരപ്പെടണം എന്ന് ഞാന്‍ ചിന്തിച്ചു."

    ഈ ചിന്താഗതിയാണ് മാറ്റേണ്ടത്. മൃതദേഹങ്ങള്‍ക്ക് പോലും അവകാശമുന്നയിക്കുന്ന വിദ്യാര്‍ഥി സംഘടനകള്‍ പൊതു സമൂഹത്തിന്റെ നന്മക്കു വേണ്ടിയാണ് പോരാടേണ്ടത്. ഇന്ന് കേവലം സമര പ്രഹസനങ്ങളിലേക്ക് എല്ലാ സംഘടനകളും കൂപ്പുകുത്തി..

    ReplyDelete
  10. നന്നായി എഴുതി... ആശംസകള്‍....

    ReplyDelete
  11. നമ്മുടെ back bench boys (B^3)നെ നീ പ്രശസ്തിയിലെത്തിച്ചു. നല്ല അവതരണം. കോളേജുകള്‍ തല്ലിത്തകര്‍ക്കാനും, പ്രശസ്തിക്കും വേണ്ടിയല്ലാതെ അടുത്ത കാലത്ത്‌ എവിടെയാണ്‌ വിദ്യാര്‍ത്ഥി സംഘടനകള്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്കു വേണ്ടി നിലകൊണ്ടിട്ടുള്ളത്‌? എന്തിനാണ്‌ രാഷ്ട്രീയ പാര്‍ട്ടികളില്‍ അഫിയിലേഷന്‍ ഉള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ നമുക്ക്‌?. ഇവയൊന്നും ഇല്ലാത്തതോ നാമമാത്രമായതൊ ആയ iit, iim എന്നിവയല്ലേ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്നത്‌?. നമ്മുടെ നാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു ശാപമുണ്ടെങ്കില്‍ അതിവയാണെന്നു ഞാന്‍ പറയും. പഠന സംബന്ധമായി ഒരു സമരം പോലും ഇവ നടത്തില്ല. നാട്ടില്‍ എവിടെയെങ്കിലും അടി നടക്കുമ്പോള്‍ അവിടെ ആളെ കൂട്ടാന്‍ വേണ്ടി മാത്രം. രാഷ്ട്രിയ പാര്‍ട്ടികള്‍ക്കു ഭാവി വഴി തെളിച്ചിടുക, എന്ന ഒറ്റ ലക്ഷ്യം മാത്രം. SFI എന്ന ഭീകര സംഘടനയുടെ ഏറെ ആക്രമണങ്ങള്‍ സഹിച്ചിട്ടുള്ള നീ, അവയും ഒരു പോസ്റ്റാക്കുമെന്നു പ്രതീക്ഷിക്കുന്നു. വിശേഷിച്ചു, നമ്മുടെ 3ആം വര്‍ഷം നടന്നവ.

    ReplyDelete
  12. മനസാക്ഷിയോടു കൂടി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നത് എത്ര ദുഷ്കരമാണ് എന്നെനിക്ക് മനസ്സിലായി. രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്ക് പത്രങ്ങള്‍ക്ക്‌ പുതിയ വാര്‍ത്തകള്‍ കിട്ടി. ..... എറിയാന്‍ പുതിയ കോളേജും. പക്ഷെ എന്റെ മനസ്സില്‍ ആ ചിത ഇപ്പോഴും കത്തിക്കൊണ്ടേയിരിക്കുന്നു....

    nalloru post. aashamsakal hafeez

    ReplyDelete
  13. എസ്.ഐ.ഓ. എന്ന വിദ്യാര്‍ഥി സംഘടന കേരളത്തിലെ വിദ്യാര്തികള്‍ക്ക് വേണ്ടി ചെയ്ത എന്ത് കാര്യങ്ങളുണ്ട് കാണിക്കാന്‍? ക്യാമ്പസുകളില്‍ മത പഠന ക്ലാസുകള്‍ നടത്തുന്നത് മാത്രമാണോ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം? ഇന്ന് കേരളത്തില്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യവും സൌകര്യങ്ങളും നേടിയെടുക്കാന്‍ ഏറെ ചോരയും നീരും നല്‍കിയ പ്രസ്ഥാനമാണ് എസ്.എഫ്.ഐ. ഇന്നും അത് തുടരുന്നു...

    ReplyDelete
  14. വെറുതെ ചിത കത്തിക്കൊണ്ടിരിക്കുന്നത് മനസ്സില്‍ ഇങ്ങനെ കാഴ്ച്ചവസ്തു പോലെ കൊണ്ടുനടന്നു ചിതലരിക്കുന്നതാണ് നമ്മുടെ ശാപം.ഒരു സംഘടനയുടെ പ്രധിനിധിയായി പോയിട്ട് വെറുതെ തിരിച്ചു പോന്നത് നാട്ടുകാരെ കാണിക്കാനായിരിക്കും അല്ലെ?എന്നിട്ടാണോ മറ്റൊന്നിനെ കുറ്റം പറയുന്നത്?
    സ്വയം പ്രതികരിക്കാന്‍ കഴിയാതെ വലിയ വാക്കുകള്‍ കൊണ്ട് എന്താണ് ഉദ്യെശിച്ഛത്?ഏതു വിദ്യാര്‍ത്ഥി സംഘടനയും ആകട്ടെ, ഇത്തരം സംഘടനകള്‍ ഇല്ലാത്ത കോളേജുകളില്‍ സംഭവിക്കുന്നത് സ്വന്തം മനസ്സാക്ഷിയോട് സ്വയം ചോദിച്ച് നോക്കുക.
    ഇനി മതത്തിന്റെ കാര്യമാണെങ്കില്‍,ഏതു മതമാണ്‌ ആ വിഭാഗത്തില്‍ പെട്ട പാവപ്പെട്ടവന്റെ വിഷമങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുന്നത്?

    ReplyDelete
  15. @ഡോ.ആര്‍ .കെ.തിരൂര്‍

    പ്രിയ സുഹൃത്തേ, ഞാനും കേരളത്തില്‍ തന്നെയാണ് പഠിച്ചത്‌. കേരളത്തില്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ കുറിച്ച് എനിക്ക് നന്നായി അറിയാം. എന്താണാവോ അവര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം. ഇലക്ഷന്‍ ആയാല്‍ തങ്ങളല്ലാത്ത മറ്റൊരാളെയും മത്സരിക്കാനോ എന്തിന് നോമിനേഷന്‍ നല്‍കാന്‍ പോലുമോ SFI സമ്മതിക്കില്ല. ജനാധിപത്യം സ്വാതന്ത്ര്യം എന്നൊക്കെ കോടിയില്‍ എഴുതിവക്കാം പക്ഷെ തങ്ങള്‍ക്ക് അധികാരമുള്ളിടത്ത് അതിനെ കശാപ്പ് ചെയ്യുന്നതിനാണ് SFIക്ക് താല്പര്യം.

    കണ്ണൂരില്‍ എങ്ങനെയാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത് എന്ന് മുമ്പ്‌ എനിക്ക് അത്ഭുതം ആയിരുന്നു. പക്ഷെ SFI ആധിപത്യമുള്ള എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ചപ്പോള്‍ അതൊക്കെയും മാറിക്കിട്ടി. നോമിനേഷന്‍ കോടുക്കേണ്ട ഓഫീസിന്റെ വാതിലിനു മുന്നില്‍ കാവലിരിക്കുകയാണ്. പാര്ട്ടിക്കാരനല്ലാത്ത ഒരുത്തനെയും അകത്തു കയറ്റില്ല. ഇനി വല്ലവനും മത്സരിക്കാന്‍ ശ്രമിച്ചാല്‍ അവനെ ഭീഷണിപ്പെടുത്തി നോമിനേഷന്‍ പിന്‍ വലിപ്പിക്കും. അതിനു തയ്യാറായില്ലെങ്കില്‍ പിന്നെ അടിയാണ്.......

    ReplyDelete
  16. ഒരു ജനാധിപത്യ രാജ്യത്ത്‌ എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്യ്രം ഉണ്ട്‌ എന്നതിനാല്‍ തന്നെ {ദ്ര്‍.} തിരൂരിണ്റ്റെ അഭിപ്രായങ്ങളോടു ഞാന്‍ വിയോജിക്കുകയാണ്‌. ഇതൊരു സംവാദത്തിനല്ല, എണ്റ്റെ അഭിപ്രായം മാത്രം എന്ന നിലയില്‍ കാണാന്‍ അപേക്ഷ. ഞാന്‍ പ്രത്യേകിച്ച്‌, ഒരു പാര്‍ട്ടിയോടും മമത പുലര്‍ത്തുന്ന വ്യക്തിയല്ല. അങ്ങനെ തന്നെയാണ്‌ ഞാന്‍ എഞ്ചിനീയറിംഗ്‌ കോളേജില്‍ വന്നതും. എന്നാല്‍ അവിടുത്തെ അനുഭവങ്ങള്‍, നേരില്‍ കണ്ട്‌ അനുഭവിച്ചറിഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ sfi എന്ന ഭീകര സംഘടനക്കെതിരെ ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. വന്ന ആദ്യ വര്‍ഷം തന്നെ ഞങ്ങളെ റാഗിംഗ്‌ എന്നും പറഞ്ഞു കോളേജിനു മുമ്പിലുള്ള പിക്കറ്റിങ്ങിനു നിര്‍ബന്ധമായി കൊണ്ടു പോയി ഇരുത്തി. ഞങ്ങള്‍ ചോര ചിന്തും എന്നൊക്കെ പറയുന്നതിനിടക്കു ലാത്തി വീശിയ പോലിസിണ്റ്റെ അടി കാര്‍ന്നവന്‍മാരുടെ പുണ്യം കൊണ്ടു കൊണ്ടില്ല. നല്ല സ്വഭാവമുള്ള ആരേയും അവരുടെ നേതൃനിരയില്‍ കാണാന്‍ കഴിഞ്ഞില്ല. അവിടുത്തെ കോളേജ്‌ ഇലക്ഷനു, മറ്റൊരു പാര്‍ട്ടിക്കാരും നില്‍ക്കാന്‍ പാടില്ല. നിന്നാല്‍ അവരെ വീട്ടില്‍ വിളിച്ചും, തല്ലിയും പിന്‍മാറ്റും. ഇങ്ങനെ മൂന്നാം വര്‍ഷം പഠിക്കുമ്പോള്‍ ഇലക്ഷനില്‍ നിന്നു പോയി എന്ന പേരില്‍ എണ്റ്റെ പ്രിയ സ്നേഹിതന്‍ ഹാഫീസിനെയും സഹമുറിയന്‍മാരെയും, കുടിച്ചു ബോധമില്ലാതെ വന്ന നേതാക്കന്‍മാര്‍ ഒരു രാത്രി മുഴുവന്‍ തല്ലി അവശരാക്കിയതു എന്തിനുവേണ്ടി? ഇതാണൊ നിങ്ങള്‍ ഘോഷിക്കുന്ന ചൊര?. എന്നിട്ടും പിന്‍മാറാതിരുന്ന അവരുടെ വീട്ടില്‍ വിളിച്ചു മക്കള്‍ പ്രഭാതം കാണില്ല എന്നു പറയുന്നതാണൊ നിങ്ങള്‍ ഘോഷിക്കുന്ന സ്വാതന്ത്യ്രം.

    ബഹുമാനപ്പെട്ട നേതാവേ, ഇവിടെ എന്തു സ്വാതന്ത്യ്രമാണ്‌ നിങ്ങള്‍ നേടിത്തന്നത്‌?. പഠിക്കാന്‍ വരുന്നവരെ അതിനു സമ്മതിക്കാതെ നിരത്തിലിറക്കിയും, കലാലയങ്ങള്‍ തകര്‍ത്തും, പോലീസിനെ കല്ലെറിഞ്ഞുമാണൊ നിങ്ങള്‍ സ്വാതന്ത്യ്രം ഉണ്ടാക്കുന്നതു? ഇതില്‍ പ്രസ്ഥാനത്തിനെന്തു നഷ്ടപ്പെടുന്നു. അടി കൊണ്ടു നട്ടെല്ലൊടിയുന്നവണ്റ്റെയൊ, രക്തസാക്ഷി പട്ടം കിട്ടുന്നവണ്റ്റെയൊ കുടുംബത്തിനു പോകുന്നു. sfiയുടെ സിണ്ടികേറ്റുകളുള്ള കേരള സര്‍വകലാശാലയിലും മറ്റും sfi നേതാവിനു പരീക്ഷ എഴുതേണ്ട കാര്യമേയില്ല. വ്യക്തമായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പറയുന്നു, എത്രയോ തവണ യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റിയിരിക്കുന്നു നിങ്ങള്‍ക്കുവേണ്ടി? ഇതില്‍ ആരു വിഡ്ഢികളാവുന്നു?

    നിങ്ങള്‍ വിദ്യാര്‍ത്ഥി പ്രവര്‍ത്തനം കൊണ്ട്‌ എന്തു നേടാനാണ്‌ ഉദ്ദേശിക്കുന്നത്‌? നിങ്ങല്‍ സത്യസന്തനാണെങ്കില്‍ സമ്മതിക്കും, പാര്‍ട്ടിക്കു യുവരക്തം സമ്മാനിക്കാന്‍ വേണ്ടി മാത്രം. നിങ്ങള്‍ ഇല്ലാത്ത ലോകത്തിണ്റ്റെ മറ്റു കോണുകളിലൊന്നും വിദ്യാര്‍ത്ഥികള്‍ക്കു സ്വാതന്ത്ര്യം ഇല്ലായെന്നാണൊ? അഥവാ ഇവിടെ തന്നെ പേരെടുത്ത, നല്ല ഗവേഷണം നടക്കുന്ന ഏതെങ്കിലും സ്ഥാപനങ്ങളില്‍ സംഘടനയുണ്ടൊ? ഒരപേക്ഷ, ദയവായി വിദ്യാര്‍ത്ഥികളെ പഠിക്കാന്‍ അനുവദിക്കൂ. ഇവിടെ എല്ലാവര്‍ക്കും എല്ലാമറിയാം. രാജാവു നഗ്നനെങ്കില്‍ അതു സമ്മതിക്കുക തന്നെ ചെയ്യേണ്ടി വരും. ഇതൊരു സംവാദമല്ല. നിര്‍ത്തുന്നു.

    ReplyDelete
  17. valare nannayi anubhavam panku vachu... puthu valsara aashamsakal....

    ReplyDelete
  18. തന്റെ ആരുമല്ലാഞ്ഞിട്ടും ആ വിദ്യാര്‍ത്ഥിക്ക് വേണ്ടി തുടിച്ച മനസ്സിന്റെ നൈര്‍മല്ല്യം കൈമോശം വരാതിരിക്കട്ടെ. മനസ്സാക്ഷി കൈമോശം വരാതെ പൊതുരംഗത്ത്‌ ശോഭിക്കാനാകട്ടെ.
    ആശംസകള്‍.

    ReplyDelete
  19. രാഷ്ട്രീയ സംഘടനകളൊന്നിലും ആത്മാറ്ത്ഥതയും
    വാക്കിനു വീര്യവും വിലയും ഉള്ളവര്‍ക്കൊന്നും
    അണിചേരാന്‍ കഴിയില്ല..ഇന്നു പറയുന്നതും
    ഇന്നലെപറഞ്ഞതും നാളെ പറയാന്‍ പോകുന്നതും
    പലതായിരിക്കും..

    ReplyDelete
  20. എന്താ പറയേണ്ടത് ആ ചിതയിലെ തീ നാളം എന്നേയും തുറിച്ച് നോക്കിയത് പോലെ... കല്ലെറിയാനും സിന്ദാബാദ് വിളിക്കാനും എല്ലാരും കാണും അവരുടെ പ്രശസ്തി മാത്രം മനസ്സിൽ കണ്ട് കൊണ്ട്..(എല്ലാവരും അങ്ങിനെയെന്നല്ല).... ആരുമല്ലാഞ്ഞിട്ടും ആ വിദ്യാര്‍ത്ഥിക്ക് വേണ്ടി തുടിക്കുന്ന മനസ്സ് അതല്ലെ നമുക്ക് വേണ്ടതും... ചിന്തിക്കാനുള്ള പോസ്റ്റ് അഭിനന്ദനങ്ങൾ..

    ReplyDelete
  21. "ഇലക്ഷനില്‍ നിന്നു പോയി എന്ന പേരില്‍ എന്റെ പ്രിയ സ്നേഹിതന്‍ ഹാഫീസിനെയും സഹമുറിയന്‍മാരെയും, കുടിച്ചു ബോധമില്ലാതെ വന്ന നേതാക്കന്‍മാര്‍ ഒരു രാത്രി മുഴുവന്‍ തല്ലി അവശരാക്കിയതു എന്തിനുവേണ്ടി?"
    ഒരു നീലകണ്ഠനെ അടിച്ചവശരാക്കിയ, 'കുടിച്ചു ബോധമില്ലാത്ത' സഖാക്കൾക്ക്, ഒരു 'ഹാഫു' പോലുമടിക്കാത്ത ഹഫീസിനെ അടിക്കാനാണോ പ്രയാസം.?

    ReplyDelete
  22. വായന കഴിയുമ്പോഴേക്കും ആ മരണവീട്ടിലെ മൂകത വായനക്കാരിലും പടര്‍ന്നു.ആ ചിതയിലെ കനലുകള്‍ ഇപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിലും എരിയുന്നു.ഇപ്പോഴും സ്വാശ്രയത്തില്‍പ്പെട്ട് എത്ര ബലികള്‍ .... ഹഫീസ് അത്രയും നന്നായി എഴുതി.

    ReplyDelete
  23. നിന്റെ ഉള്ളില്‍ ഒരു തീപ്പൊരി ഉണ്ട് ഹഫീസെ.അതു കെടാതെ സൂക്ഷിക്കുക.എല്ലാ ആശംസകളും.

    ReplyDelete
  24. നന്നായി അവതരിപ്പിച്ചു കേട്ടോ ഹാഫീസ് ..
    പിന്നെ DKD പറഞ്ഞതിനോട് (ബഹുമാനപ്പെട്ട നേതാവേ, ഇവിടെ എന്തു സ്വാതന്ത്യ്രമാണ്‌ നിങ്ങള്‍ നേടിത്തന്നത്‌?. പഠിക്കാന്‍ വരുന്നവരെ അതിനു സമ്മതിക്കാതെ നിരത്തിലിറക്കിയും, കലാലയങ്ങള്‍ തകര്‍ത്തും, പോലീസിനെ കല്ലെറിഞ്ഞുമാണൊ നിങ്ങള്‍ സ്വാതന്ത്യ്രം ഉണ്ടാക്കുന്നതു ) ചെറിയ അനുഭാവം.
    പഠിക്കാന്‍ പോയാല്‍ പഠിച്ചാല്‍ മാത്രം പോര ഇന്നത്തെ കാലത്ത്. അവിടെ കുട്ടികുരങ്ങന്‍ മാരെ കൊണ്ട് ചുടുചോറു വാരിക്കാന്‍ ചിലര്‍ കാത്തു നില്‍ക്കുന്നു..നാളത്തെ ജനതയെ വാര്തെടുക്കനമല്ലോ. അതിനു പൊതുമുതല്‍ നശിപ്പിക്കണം, ആള്‍ക്കാരെ വഴിനടതാതിരിക്കണം, ഹര്‍ത്താലും വേണം.

    ആ കുട്ടികളുടെ കൂടെ മാതാപിതാക്കന്മാര്‍ കൊടുക്കുന്ന നികുതി പണം ആണെന്ന് അവരെ ഓര്‍ക്കാന്‍ ആരും സമ്മതിക്കുന്നില്ല..കലാലയത്തില്‍ എന്തിനാണ് രക്ഷ്ട്രീയം ? എന്താണ് അതിലൂടെ പുതിയ തലമുറയ്ക്ക് അധികമായി പഠിക്കാന്‍ ഉള്ളത് ? അങ്ങനെ എങ്കില്‍ കലാലയത്തിന്റെ വാതില്‍ കയരതവരാനല്ലോ ഇന്നത്തെ മന്ത്രി / എം എല്‍ എ മാരില്‍ അധികവും ?

    ReplyDelete
  25. പത്രങ്ങളില്‍ ഈ ആത്മഹത്യാവാ‍ര്‍ത്ത വായിച്ച് ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഒട്ടും ആ‍ത്മവിശ്വാസമില്ലേയെന്ന് ചിന്തിച്ചിരുന്നു. പത്രങ്ങള്‍ക്ക് അടുത്ത സെന്‍സേഷണല്‍ വാര്‍ത്ത വരുന്നതു വരെ, സംഘടനകള്‍ക്ക് അടുത്ത കാരണം കിട്ടുന്നതു വരെ, എന്നാല്‍ മാതാപിതാക്കള്‍ക്കോ?

    ഹാഫിസ്, ഇവിടെ ഇരുട്ടാണ്, ഇവിടെ പ്രകാശിക്കാന്‍ എനിക്കു വയ്യ എന്ന് വിളക്ക് പറയുമോ? വിളക്കിന്റെ ഡ്യൂട്ടി വെളിച്ചം പകരലാണ്. അതുകൊണ്ട് മനസ്സാക്ഷിയുള്ളവര്‍ വെളിച്ചം പകര്‍ന്നുകൊണ്ടേയിരിക്കണം.

    @ Dr.R.K തിരൂര്‍, കഷ്ടം.

    ReplyDelete
  26. വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടതില്ല എന്ന് പറയുന്നത് അസംബന്ധമാണ്(ചില കമന്‍റുകള്‍ വായിച്ചപ്പോള്‍ അങ്ങനെ വാദം ഉണ്ടെന്നു തോന്നി). അവര്‍ക്ക് സ്വതന്ത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം ആണ് വേണ്ടത്. ഇന്ന് കാംപസുകളിലുള്ള മിക്ക വിദ്യാര്‍ത്ഥി സംഘടനകളും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളില്‍ അഫിലിയെറ്റു ചെയ്തവയാണ്. ആ പാര്‍ട്ടികള്‍ക്ക് ആവശ്യമായ ഭാവി മനുഷ്യ വിഭവം(human resource ) ഒരുക്കുക എന്നത് മാത്രമാണ് അത്തരം വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തന ലക്‌ഷ്യം. അത്തരം പാര്‍ട്ടികള്‍ ഏറ്റെടുത്തു വിജയിപ്പിച്ച സമരങ്ങള്‍ പോലും സൂക്ഷ്മമായി പരിശോധിച്ചാല്‍ ഈ ലക്‌ഷ്യം സുവ്യക്തമായി കാണാം.

    യഥാര്‍ത്ഥത്തില്‍, വിദ്യാര്‍ത്ഥി രാഷ്ട്രീയം നിയന്ത്രിക്കേണ്ടത് മുതിര്‍ന്ന രാഷ്ട്രീയക്കാരാണോ? തിരിച്ചല്ലേ നടക്കേണ്ടത്‌? മുതിര്‍ന്ന രാഷ്ട്രീയക്കാരെ നേര്‍ വഴിക്ക് നടത്തേണ്ടവരല്ലേ വിദ്യാര്‍ത്ഥികള്‍? ഈ നിലക്കുള്ള രാഷ്ട്രീയ പ്രവര്‍ത്തനം കാമ്പസുകളില്‍ എന്ന് നടക്കുന്നോ, അന്ന് മാത്രമേ വിദ്യാര്‍ത്ഥി രാഷ്ട്രീയം അര്‍ത്ഥവത്താകൂ. ഈ മാറ്റത്തെ ഏറ്റവും അധികം ഭയക്കുന്നത് മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ തന്നെയാണ്. അത് കൊണ്ട്, അവര്‍ തന്നെയാണ് ഈ മാറ്റത്തിന്‍റെ ഏറ്റവും വലിയ തടസ്സവും.

    ReplyDelete
  27. മതത്തിന്റെ രാഷ്ട്രീയവും കയ്യൂക്കിന്റെ രാഷ്ട്രീയവും സുപരിചിതമാണ്, കാംപസുകള്‍ക്ക് പോലും! മനുഷ്യന്റെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിലുള്ള അവരുടെ പരാജയമാണ് വിദ്യാര്‍ഥികളെ പലപ്പോഴും അരാഷ്ട്രീയവാദികളാക്കുത് എന്നതാണ് സത്യം. സഹപാഠിയുടെ വിരിമാറില്‍ കത്തിയിറക്കാന്‍ തയ്യാറാവുന്നവര്‍ ഭാവിയുടെ 'ഭൂത'ങ്ങളാണ്. അവര്‍ക്കിടയില്‍ സര്‍ഗാത്മക രാഷ്ട്രീയം പങ്കുവെക്കാന്‍ താങ്കള്‍ക്കും താങ്കളുടെ പാര്‍ട്ടിക്കും കഴിയുമെങ്കില്‍, ഒരു ലാല്‍ സലാം!

    ReplyDelete
  28. ഹഫീസ് ഈ കുറിപ്പിനാല്‍ എന്താണുദ്ദേശിച്ചത് എന്ന് വ്യക്തമല്ല, ആത്മഹത്യ? മതം? രാഷ്ടീയം? വിമര്‍ശനം? സ്വമനസ്സാക്ഷിക്ക് മുന്നിലൂടെ ഒളിച്ചോട്ടം???

    അതിനുള്ള ചോദ്യം റാംജി ചോദിച്ചു കഴിഞ്ഞു കേട്ടൊ. ശ്രദ്ധേയന്റെ അഭിപ്രായം കൂടി അടിവരയിട്ടോളൂ.

    രണ്ട് കോളെജുകളില്‍ വ്യത്യസ്ത രാഷ്ട്രീയങ്ങള്‍ ഭരിച്ചിരുന്ന കാലത്ത് കണ്ണൂരില്‍ പഠിച്ചിട്ടുണ്ട്. കയ്യൂക്ക് ഉള്ളവന്റെ രാഷ്ട്രീയം തന്നെയാണ് എവിടെയും. ഇവിടെ താങ്കള്‍ പറഞ്ഞ പോലെ ഏകപക്ഷീയമായ ഒരഭിപ്രായം, പഴയ പോസ്റ്റുകളിലൂടെ ഞാന്‍ വായിച്ചറിഞ്ഞ ഹഫീസില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ല.

    ഹഫീസിനുള്ളില്‍ തീപ്പൊരികള്‍ ഉണ്ട്. അണയാതിരിക്കട്ടെ, ഒന്നുകൂടി, സ്വജനപക്ഷപാതം സ്വരാഷ്ട്രീയം, ഇവ എളുപ്പമാണ്. (വ്യക്തമായ രാഷ്ട്രീയം മനസ്സില്‍ ഉണ്ടായിരിക്കട്ടെ, ഒരിക്കലും “എനിക്ക് രാഷ്ട്രീയം ഇല്ല” എന്ന് പറയാതിരിക്കണമെന്ന് തന്നെ എന്റെയും ആഗ്രഹം).

    രാഷ്ടീയവും സാമൂഹികവുമായ കാര്യങ്ങള്‍ വായിക്കുകയും വിലയിരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ആശയങ്ങളും ചിന്തകളും പങ്കുവെക്കാനാഗ്രഹിക്കുന്നു. അവ വിഭാഗീയതയ്ക്കതീതമായ്, സമൂഹനന്മയ്ക്കാണെങ്കില്‍ വായിക്കാനും അഭിപ്രായം പറയാനും ഞാനുണ്ട്.

    (എഴുത്തിലെ വ്യതിചലനങ്ങള്‍, അപൂര്‍ണ്ണത അല്ലെങ്കില്‍ ഒരു കൂട്ടിക്കുഴച്ചില്‍, ഒഴിവാക്കിയാല്‍ എഴുത്ത് ഹൃദ്യമാണ് എന്ന് കൂടി കൂട്ടിച്ചേര്‍ക്കട്ടെ.)

    ReplyDelete
  29. ഇതാണ് മനസ്സ്
    മറ്റുള്ളവരുടെ സ്ങ്കടം കണ്ട് സങ്കടപെടുന്നവൻ .
    വിശദമായ അഭിപ്രായങ്ങൾ വായിച്ചു.
    ആശംസകൾ…………

    ReplyDelete
  30. ഏതാനും വര്ഷം മുമ്പ് കോഴിക്കോട് ജില്ലയിലെ SFI ആധിപത്യം പുലര്‍ത്തുന്ന ഒരു കോളേജില്‍ അനുജന്റെ ഡിഗ്രി അഡ്മിഷനു വേണ്ടി പോയതായിരുന്നു.ഇന്റര്‍വ്യൂ നടക്കുന്ന ദിവസമായതിനാല്‍ ധാരാളം കുട്ടികളും രക്ഷിതാക്കളും എത്തിയിട്ടുണ്ട്.എല്ലാവരും ഒരു ഹാളില്‍ ഇരിക്കവേ പെട്ടെന്ന് ഒരു ബഹളം. തലയിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ചോര ഒലിക്കുന്ന രണ്ടു വിദ്യാര്‍ഥികള്‍ നിലവിളിയോടെ ഹാളിനു മുമ്പിലൂടെ ഓടുന്നു.മുട്ടന്‍ പട്ടിക കഷണങ്ങളുമായി അഞ്ചാറു പേര്‍ അവര്‍ക്ക് പിന്നാലെ...

    ഇന്റര്‍വ്യൂ ഹാളിലുള്ള അദ്ധ്യാപകന്‍ പിന്നീട് പറഞ്ഞു തന്നു. SFIക്കാര്‍ എതിരാളികളെ കൈകാര്യം ചെയ്തു "ജനാധിപത്യം" സ്ഥാപിക്കുകയാനെന്നു.
    എന്തായാലും അന്ന് അഡ്മിഷന്‍ കിട്ടിയ
    കുട്ടികളില്‍ മിക്കവരും അത് വേണ്ടെന്നു വെച്ച് മറ്റൊരു കോളേജില്‍ അഡ്മിഷന്‍ സംഘടിപ്പിച്ചു.

    ഡോ.ആര്‍ .കെ.തിരൂര്രിന്റെ കമന്റ് കണ്ടപ്പോള്‍ കുറിച്ച് പോയതാണ്.പേന എടുക്കേണ്ട കൈകളില്‍ പേനാക്കത്തിയും
    നോട്ടു ബുക്കിന് പകരം പട്ടികകഷ്ണങ്ങളും ഏന്തി എന്ത് സ്വാതന്ത്ര്യവും ജനാധിപത്യവുമാണ് ഡോക്ടറെ,sfi
    നേടാന്‍ ശ്രമിക്കുന്നത്.

    ചുടുചോറ് മാന്താന്‍ കുറെ കുട്ടിക്കുരങ്ങുകളെ സൃഷ്ട്ടിക്കുക എന്നതില്‍ കവിഞ്ഞു ഏതെന്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍
    തങ്ങളുടെ പോഷക സംഘടനകളെ കാണാറുണ്ടോ?

    എങ്ങനേലും തലകുത്തി മറിഞ്ഞു അടുത്ത നേതാവാകുക-ഇതില്‍ കവിഞ്ഞ വല്ല ലക്ഷ്യവും ഇത്തരം വിദ്യാര്‍ഥിനേതാക്കള്‍ക്ക് ഉണ്ടോ?

    ഉണ്ടെങ്കില്‍ അക്രമങ്ങളും ഗൂണ്ടാമോഡല്‍ പ്രവര്‍ത്തനങ്ങളും ഇല്ലാത്ത, ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളും സമാധാനപരമായ പ്രതിഷേധങ്ങളും മാത്രമുള്ള ഒരു അധ്യയന വര്ഷം അവര്‍ കാഴ്ച വെക്കട്ടെ. പറ്റുമോ?

    ഇവിടെ പ്രതികരിച്ചവരുടെ അഭിപ്രായങ്ങള്‍ മാത്രം ഡോക്ടര്‍ ഒന്ന് വിലയിരുത്തി നോക്കൂ.

    ഹഫീസിന്റെ എഴുത്തും വിചാരങ്ങളും നന്ന്.സംഗതമായ വിഷയം.ഇനിയും എഴുതുക. ആശംസകള്‍

    ReplyDelete
  31. കനലുകൾ അണയാതിരിക്കട്ടെ.

    ReplyDelete
  32. ഉള്ളിലെന്തെന്ന് നോക്കാന്‍ ആര്‍ക്കും സമയമില്ലാത്ത കാലമാണല്ലോ. എല്ലാം പെട്ടെന്ന് പേരുനോക്കി വിധി പറയാനും ചാപ്പ കുത്താനുമാണ് എല്ലാര്ക്കും താല്‍പര്യം
    മനസ്സിലെ തീ അണയാതിരിക്കട്ടെ.....

    ReplyDelete
  33. വേദനകള്‍ തന്നു ഈ പോസ്റ്റ്‌
    എന്ത് ചെയ്യാം
    എഴുത്തിന്റെ ഗുണവും നന്നായി

    ReplyDelete
  34. ഹഫീസ്‌ ഭായ്
    എന്റെ മനസ്സിലും ഒരു ചിത എരിയുന്നു....

    ReplyDelete
  35. ഒരു വിദ്യാര്‍ഥി പ്രസ്ഥാനവും വിദ്ദ്യര്തികളെ ഉന്നം വെച്ച് ഒരു പ്രവര്‍ത്തനവും നടത്തുന്നില്ല
    അവനവന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രമായി ഒതുങ്ങുന്നു (ഒതുക്കുന്നു) അവരുടെ പരവര്‍ത്തനങ്ങള്‍

    ReplyDelete
  36. @ ഹഫീക് , ഈ ബ്ലോഗ്ഗില്‍ എന്താണ് ഉദേസിച്ചത് എന്നു മാത്രം മനസിലാകുന്നില്ല . താങ്കള്‍ അണി ചേരുന്ന എസ് ഐ ഓ എന്ന സംഘടനയുടെ ചരിത്രം അറിയുമോ വ്യക്തമായി ? അതോ എല്ലാ അറിഞ്ഞു തന്നെയാണോ ഇതൊക്കെ . പിന്നെ എസ് എഫ് ഐ യുടെ ചരിത്രവും പ്രവര്‍ത്തനവും അറിഞ്ഞു കൊണ്ട് ഇമ്മാതിരി ചാണം എറിയല്‍ ചടങ്ങ് നടതരുതോ ... മത മൌലികത കൊണ്ട് പിടിച്ചു നടത്തുന്ന കുറച്ചു മാന്യന്മാരുടെ പേരില്‍ എസ് എഫ് ഐ പോലുള്ള ഒരു സംഘടനയെ കുറിച്ച് (അതും ഒരു ആവ്സ്യമില്ലാതെ --- കുറ്റക്കാര് എല്ലാം തന്നെ "സ്വശ്രയം" ആയിട്ടും കൂടി -- അതൊന്നും പറയാതെ ) ഏതോ ഒരു "സഖാവിന്റെ " പേരില്‍ എഴുതി കലിപ്പ് തീര്‍ത്തതു തികച്ചും തെറ്റായി പോയി .. പിന്നെ "ഹൈന്ദവ " ക്രൂരതയുടെ ചിത്രത്തിന് ബദലയിട്ടണോ താങ്കളുടെ സംഘടന എങ്കില്‍ ,രണ്ടും തമ്മിലുള്ള വ്യത്യാസം പറഞ്ഞു തരുമോ ? അല്ലെങ്കില്‍ മാതൃ സംഘടന ഏതെന്നു (അറിയാതെ ആകാം !!!) പറയാനുള്ള ആര്‍ജവമില്ലാത്ത ഹൈന്ദവ ഫാസിസ്റ്റ് മാന്യന്മാരുടെ പോലെ , താങ്കളുടെ സംഘടനയുടെ മാതൃ സംഘടന ഏതാണ് എന്നു പറഞ്ഞു തന്നാലും മതി .... എന്തായാലും എസ് ഫ് ഐ ക്ക് ആ അര്‍ജവമുണ്ട് ...

    ReplyDelete
  37. പിന്നെ ശരിയാണ് ... ഇമ്മാതിരി അടിയും ഇടിയും ഏറെ ഉണ്ടാകുന്നുണ്ട് .. അതില്‍ ആരാണ് കുറവ് എന്നും അറിഞ്ഞാല്‍ കൊള്ളാം ? ... ആരാണ് മാന്യത ചമയുന്നത് ? എസ് ഐ ഓ യോ ?അതോ മറ്റേതെങ്കിലും രാഷ്ട്രീയമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ച ആളുകളോ ? പറഞ്ഞു തരൂ ..പക്ഷെ എന്നിട്ടും "എസ് എഫ് ഐ - ഭീകര ഭീഷണി " സഹിക്കാതെ വിദ്യാര്‍ഥികള്‍ കേരളം മുഴുവനും അവരെ ജയിപ്പിക്കുന്നു .. വളരെ അത്ഭുതം ... എതിരാളികളെ നില്ക്കാന്‍ പോലും സമ്മതിക്കതിടത് പോലും അവര്‍ പാട്ടും പാടി ജയിക്കുന്നു .. അതും പെണ്‍കുട്ടികളുടെ കലാലയത്തില്‍ പോലും .. ഇനി മാജിക്കോ മറ്റോ ആണോ ഇത് ... എന്തായാലും എസ് ഐ ഓ അവിടെ ജയിക്കും എന്നു മാത്രമല്ല ... മറിച്ചു ആളെ നിര്‍ത്താന്‍ പോലും മിനക്കെടില്ല എന്നു ഞെങ്ങള്‍ക്ക് അറിയാം ... പിന്നെ ഏതാനും സ്ഥലത്തെ ആളോഹരി കാഴ്ച്ചയില്‍ എല്ലായിടത്തും ഇങ്ങനെ തന്നെ എന്ന മുന്‍ വിധി .. മേല്‍ കമെന്റിയ ആളുകള്‍ (എല്ലാവരും ഒരേ ചിന്തകള്‍ക്ക് താഴെ കൂട് വെച്ചവര്‍ ..) സമ്മതിക്കും ..പക്ഷെ പലയിടത്തും ചിത്രം വ്യത്യസ്തമാണ് ...അത് മറയ്ക്കാന്‍പാടുണ്ടോ ....

    ReplyDelete
  38. (എല്ലാവരും ഒരേ ചിന്തകള്‍ക്ക് താഴെ കൂട് വെച്ചവര്‍ ..)

    എല്ലാവരും??

    ReplyDelete

Related Posts Plugin for WordPress, Blogger...