ഇതില്‍ പുതുതായി ഒന്നും ഇല്ല. ഒരു വ്യത്യാസം മാത്രം ഐസ്ക്രീം കേസ് അദ്ദേഹം രൌഫിനെ ഉപയോഗിച് ഒതുക്കി എന്ന് മുമ്പ് പറഞ്ഞിരുന്നത് പൊതുജനങ്ങളും എതിരാളികളും ആയിരുന്നു. ഇതിനെ ശരിവെക്കുന്ന രീതിയിലാണ് കുഞ്ഞാലിക്കുട്ടിയുടെ കുറ്റസമ്മതം. ഇപ്പോള്‍ അദ്ദേഹത്തിന്റെ വായിലൂടെ തന്നെ അത് പുറത്ത് വന്നിരിക്കുന്നു. കേസ് നടത്തിപ്പിന് റഊഫിന്റെ സഹായം തേടി എന്ന്. "വൈകിയാണെങ്കിലും കുറ്റസമ്മതം നടത്തിയതിനു അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു" എന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ഒരു കാര്യം ജനങ്ങളും മാധ്യമങ്ങളും പറയുമ്പോള്‍ അത് വെറും ആരോപണമാണ് എന്ന് പറഞ്ഞു ആരോപണ വിധേയരെ സംരക്ഷിക്കുക. അവസാനം പ്രതി ഏറ്റുപറയുന്ന ഘട്ടത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് പറയുക! നല്ല കാര്യം. അഭിനന്ദിച്ചാല്‍ പോര...വല്ല അവാര്‍ഡും കൊടുക്കണം. എന്തുചെയ്യും പത്മശ്രീയുടെയും പത്മഭൂഷണിന്റെയും മറ്റും ഡേറ്റ് ജസ്റ്റ് മിസ്സായി പോയി. ഒരാഴ്ച മുമ്പായിരുന്നെങ്കില്‍ നോക്കാമായിരുന്നു.
അധികാരത്തിന്റെ അരമനകളില്‍ ജനങ്ങള്‍ അറിയാതെ ധാരാളം അഡ്ജസ്റ്റ്മെന്റുകള്‍ നടക്കുന്നു എന്നാണ് ഇതില്‍ മനസ്സിലാക്കേണ്ട ഒരു കാര്യം. ഇതില്‍ ഇടത് - വലതു ഭേദമില്ലെന്നും അടിവരയിടുന്നതാണ് പുറത്തുവന്ന വിവരങ്ങള്‍ . നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ആണ് ഈ കേസ് ആദ്യം പോങ്ങിവരുന്നത്. അപ്പോള്‍ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ ആളുണ്ടായി. മൊഴി മാറ്റാനും അങ്ങനെ കേസ് തേയ്ച് മായിക്കാനും സര്‍ക്കാര്‍ പലതും കണ്ടില്ലെന്നു നടിച്ചു. രണ്ടാമത് വിവാദം ഉണ്ടായത് റജീനയുടെ വെളിപ്പെടുത്തലുകളോടെയാണ്. അന്നും കേസ് നേരിടാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറായില്ല. അന്വേഷണം വേണ്ട. ഞാന്‍ നിരപരാധിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. നിഷ്പക്ഷമായൊരു അന്വേഷണത്തിനു അന്ന് അദ്ദേഹം തയ്യാറായിരുന്നെങ്കില്‍ ഇന്നിങ്ങനെ വെള്ളം കുടിക്കേണ്ടി വരില്ലായിരുന്നു. അതിനുപകരം ക്രിമിനലെന്നു അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന റഊഫിനെ കൂട്ടുപിടിച്ച് വളഞ്ഞ മാര്‍ഗ്ഗം സ്വീകരിച്ചത്തിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. ഉലക്ക വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ച്ചതുകൊണ്ട് കാര്യമില്ലെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.
സമുദായത്തിന്റെ പേര് പറഞ്ഞു വോട്ടു പിടിച് , ദൈവത്തിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തു, ദൈവമെന്നത് പോരാഞ്ഞിട്ട് അല്ലാഹുവിന്റെ പേരില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തില്‍ വന്നവര്‍ ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ കാര്യങ്ങള്‍ എങ്ങോട്ടാണ് പോകുന്നത് എന്ന് ചിന്തിക്കുന്നത് നല്ലതാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും, ഭഗല്‍പൂര്‍ കലാപ സമയത്തും, റഊഫിനെക്കാള്‍ വലിയ ക്രിമിനലായ തടിയന്റവിട നസീറിന്റെ വാക്കുകേട്ട് മഅദനിയെ അറസ്റ്റ് ചെയ്തപ്പോഴും, ഭീകരവേട്ടയുടെ പേരില്‍ മുസ്ലിം ചെരുപ്പകാരെ തിരഞ്ഞുപിടിച്ചപ്പോഴും ബട്ട്ല ഹൊസ് ഏറ്റുമുട്ടലിനെ കുറിച്ച് സംശയം ഉണ്ടായപ്പോഴൊന്നും സമുദായം വേട്ടയാടപ്പെടുന്നു എന്ന് ലീഗിന് തോന്നിയില്ല. പക്ഷെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉണ്ടായാല്‍ അത് സമുദായ പ്രശ്നം!. പാര്‍ട്ടിയും സമുദായവും ഒന്നിച്ചു നേരിടണം! പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ മാന്യമായി നേരിടുന്നതിന് പകരം മതത്തെയും പ്രവാചകനെയും ഒക്കെ വലിച്ചിഴയ്ക്കുന്ന രീതി ശരിയല്ല. ഒരു ആഭ്യന്തര അന്വേഷണം പോലും നടത്താതെ ഇതിനെയൊക്കെ ന്യായീകരിക്കാന്‍ മേനക്കെടണോ എന്ന് ലീഗ് നേതാക്കളും അനുയായികളും ചിന്തിക്കണം. അതിന്റെ ലക്ഷണം ഒന്നും കാണുന്നില്ലെന്നു മാത്രമല്ല വീണത് വിദ്യയക്കാനാണ് പരിപാടി. "എന്റെ രക്തം പൊടിഞ്ഞാലും സമൂഹം രക്ഷപ്പെടണം", "അല്ലാഹുവാണ് വലിയവന്‍ അതുകൊണ്ടുതന്നെ സമൂഹത്തിന്റെയും സാധാരണക്കാരുടെയും നീതിക്കുവേണ്ടി നിലകൊള്ളാന്‍ അനുവദിക്കാത്തവരെ വെട്ടിമാറ്റണം" എന്നിങ്ങനെയുള ഡയലോഗുകള്‍ അതാണ് സൂചിപ്പിക്കുന്നത്.
പണത്തിനു മീതെ ജുഡീഷ്യറിയും പറക്കില്ല എന്നതാണ് പാഠം. ഇവിടെ വഞ്ചിക്കപ്പെടുന്നത് സാധാരണക്കാരനാണ് ; തോല്‍ക്കുന്നത് ജനങ്ങളാണ്. ഭരണകൂടത്തിലും നീതിന്യായ വ്യവസ്ഥയിലും സാധാരണക്കാരന് അവിശ്വാസം വര്‍ദ്ധിക്കുന്നു. സൂര്യനെല്ലിയും കിളിരൂരും മറ്റും നമ്മുടെ മുന്നിലുണ്ട്. അത് ലീക്കാന്‍ ഒരു റഊഫില്ലാതെ പോയി എന്നതാണ് വ്യത്യാസം. ആകെയുള്ള പ്രശനം ഐസ്ക്രീം കേസ് ആണ് എന്ന രീതിയിലാണ് ചില പ്രതികരണങ്ങള്‍ . ഒരു ഐസ്ക്രീം എത്രകാലം കഴിക്കും? ഈ കുളിമുറിയില്‍ പലരും നഗ്നരാണ്. കുഞ്ഞാലിക്കുട്ടി തെറ്റ് ചെയ്തോ ഇല്ലേ എന്ന് പറയാന്‍ ഞാന്‍ ആളല്ല. സുതാര്യമായ അന്വേഷണം നടക്കട്ടെ. ഇതുവരെ നടന്നത് അതല്ല എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരട്ടെ.