
വിവാദ ചോദ്യ പേപ്പര്‍ ഉണ്ടാക്കിയ പ്രൊഫസറെ മത വര്‍ഗീയ കശ്മലന്മാര് ആക്രമിച്ചപ്പോള്‍ , ആ കൈവെട്ടു കേസ് എത്ര കാലമാണ് പത്രങ്ങളും ചാനലുകളും സാംസ്കാരിക നായകരും ചര്‍ച്ച ചെയ്തത്, ദേശ സ്നേഹികളായ നമ്മുടെ നേതാക്കള്‍ എത്ര പ്രസ്താവനകള്‍ ഇറക്കി. കിട്ടിയ തക്കം മുതലെടുത്ത് മുസ്ലിം മത സംഘടനകള്‍ തങ്ങളുടെ ശത്രുക്കളെ മേല്‍ വര്‍ഗീയ-തീവ്രവാദ ആരോപണങ്ങള്‍ കേട്ടിയെല്‍പ്പിക്കാന്‍ ഓടി നടന്നു. അതില്‍ അഭിപ്രായം പറയാത്ത, പ്രതിഷേധം രേഖപ്പെടുത്താത്ത ഒരു മത-രാഷ്ട്രീയ നേതാക്കളും ഇല്ല. പക്ഷെ രാഷ്ട്രീയ ബോംബ് പൊട്ടുമ്പോള്‍ ഇവരൊക്കെ എവിടെ പോയി ഒളിക്കുന്നു ? ആകെ ലീഗിന്റെ കൈയ്യില്‍ നിന്ന് മാത്രമല്ല ബോംബ് പൊട്ടിയിട്ടുള്ളത്. സി പി എമ്മിനും RSSനും NDFനും ഒക്കെ ഇത് വന്നിട്ടുണ്ട്. അക്രമ രാഷ്ട്രീയം കേരളത്തില്‍ തുടങ്ങിവെച്ചതു ആരാണ് എന്നും ആലോചിക്കണം. ഒരു കൈവെട്ടു കേസിന്റെ കോലാഹലങ്ങള്‍ മാസങ്ങളോളം നാം കേട്ടു. എന്നാല്‍ ഇവിടെ ചേതനയറ്റു വീണത് പത്ത് കൈകളും പത്തു കാലുകളും ആണ്. യുവാക്കളായ അഞ്ചു പേരാണ് ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപെട്ടത്. അത് ലക്ഷ്യ സ്ഥാനത്ത് എത്തിയിരുന്നെങ്കില്‍ എത്ര കൈകള്‍ ജീവനറ്റു പോയേനെ ? ഈ സംഗതി അത് അര്‍ഹിക്കുന്ന ഗൌരവത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടോ എന്ന് ഞാന്‍ സംശയിക്കുന്നു. അത് കണ്ടില്ലെന്നു നടിക്കുന്ന അല്ലെങ്കില്‍ നിസാരമായി കാണുന്ന അതുമല്ലെങ്കില്‍ രണ്ടു ദിവസത്തെ പത്ര വാര്‍ത്തക്കപ്പുറം വേവലാതിക്ക് വകയില്ലാത്ത ഒന്നായി മാറുന്നതില്‍ ഒരു മനശാസ്ത്രം ഉണ്ട്. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും അള്‍ട്രാ സെകുലരിസ്റുകളും കൂടി കേരളീയ പൊതുബോധത്തില്‍ സൃഷ്ടിച്ച ഒരു മനോഭാവം - ഒരു വൈകല്യം ആണിത്. അതായത് മതവുമായി ബന്ധപ്പെട്ട എല്ലാം മഹാ മോശവും കുഴപ്പവും മതേതരമായ (അത് ബോംബ് ആയാലും) എല്ലാം നല്ലതും കുഴപ്പം ഇല്ലാത്തതും എന്ന കാഴ്ചപ്പാട് നമ്മുടെ പൊതു ബോധത്തില്‍ ആഴ്ന്ന് ഇറങ്ങിയിരിക്കുന്നു, നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.
അതുകൊണ്ട് തന്നെ കണ്ണൂരിലെയും നാദാപുരത്തെയും കൊലപാതകങ്ങള്‍ , ബോംബ് സ്ഫോടനങ്ങള്‍ എന്നിവ നമ്മള് അത്ര ഗൌരവത്തില്‍ എടുക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. രാഷ്ട്രീയത്തില്‍ അങ്ങനെ ഒക്കെ ഉണ്ടാവും എന്നൊരു മട്ട്.

പൊട്ടുന്നത് മത ബോംബ് ആയാലും രാഷ്ട്രീയ ബോംബ് ആയാലും അസ്ഥിരപ്പെടുന്നത് നമ്മുടെ രാഷ്ട്രം ആണ്. സമാധാനം നഷ്ടപ്പെടുന്നത് നമ്മുടെ സമൂഹത്തിനാണ്, വിധവകളാകുന്നത് സ്ത്രീകളാണ്, അനാഥരാവുന്നത് കുട്ടികളാണ്, വഴിയാധാരമാകുന്നത് കുടുംബങ്ങളാണ്. അതിനാല്‍ അത് പൊട്ടിക്കാന്‍ കൂട്ട് നില്ക്കുന്ന പ്രത്യയശാസ്ത്രം മതം ആണെങ്കിലും മതേതരം ആണെങ്കിലും ഒരുപോലെ ചെറുക്കാനും വെറുക്കാനും നമുക്ക് കഴിയണം.
പിന്കുറി --
നിങ്ങള്‍ ബോംബ് ഉണ്ടാക്കിയില്ലേ എന്ന് ചോദിക്കുമ്പോള്‍ നിങ്ങള്‍ അല്ലേ തുടങ്ങിവച്ചത് എന്ന് മറുചോദ്യം. നിങ്ങള്‍ അധ്യാപകനെ വെട്ടിക്കൊന്നില്ലേ എന്നതിന് മറുപടി നിങ്ങള്‍ നിങ്ങള്‍ അധ്യാപകനെ ചവിട്ടിക്കൊന്നില്ലേ എന്നാണ്. ഇവരെ നാം എന്ത് ചൊല്ലി വിളിക്കണം ? ഇവരൊക്കെ നാടിനെ എങ്ങോട്ടാണ് നയിക്കുന്നത് ?