Thursday, February 24, 2011

നമ്മള്‍ തമ്മില്‍ ഇത് വേണോ ?


ആദ്യം കുട്ടികളുടെ നിലവിളി പിന്നെ “ഹഫീ... വേം വാ, വേം വാ...” എന്ന അയലത്തെ സ്ത്രീകളുടെ വിളി. ഇത്രയും ആയാല്‍ ഉറപ്പിചോളണം സംഗതി പാമ്പ്‌ ആണ്. നിറയെ പൊന്തക്കാടുകളും കുറ്റിച്ചെടികളും ഉള്ള ഒരു തെങ്ങിന്‍ തോട്ടത്തില്‍ ആണ് വീട് എന്നതിനാല്‍ പാമ്പ്‌ അത്ര അസാധാരണമായ കാഴ്ച ഒന്നുമല്ല. ഈ വിളി വരുന്ന സമയത്ത്‌ ഞാന്‍ മിക്കവാറും ഉച്ചമയക്കത്തിലായിരിക്കും അല്ലെങ്കില്‍ ഏതെങ്കിലും കമ്പ്യൂട്ടര്‍ ഗെയിമില്‍ അതുമല്ലെങ്കില്‍ ഒരു സിനിമ. വല്ലപ്പോഴും അവധി കിട്ടി വീട്ടില്‍ പോവുമ്പോള്‍ ഇങ്ങനെയൊക്കെ സമയം കളയാനാണ് എനിക്കിഷ്ടം. രാവിലെ ഉപ്പയും ഉമ്മയും സ്കൂളില്‍ പോയാല്‍ പിന്നെ ഞാന്‍ തനിച്ചാണ് വീട്ടില്‍ ഉണ്ടാവുക. അവര്‍ വരുന്നവരെ ഇങ്ങനെയൊക്കെ സമയം കളയണം.
അതിനിടക്കാണ് പറമ്പില്‍ കളിക്കുന്ന കുട്ടികള്‍ പാമ്പിനെ കാണുക, അപ്പോഴാണ് അയല്‍പക്കത്ത്‌ “അവെയ് ലബിള്‍” ആയ ഏക ആണ്‍ തരി ആയ എനിക്ക് വിളി വരുക. സ്ത്രീ ശാക്തീകരണം എന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം! ഒരു പാമ്പിനെ തല്ലിക്കൊല്ലണമെങ്കില്‍ ആണായ എന്നെ തന്നെ വിളിക്കും. എനിക്ക് ആണെങ്കില്‍ പാമ്പ്‌ എന്ന് കേള്‍ക്കുന്നത് തന്നെ പേടിയാണ്. എല്ലാ പാമ്പിനെയും പേടിയില്ലാ ട്ടോ ജീവനുള്ളതിനെ മാത്രമേ പേടിയുള്ളൂ... പുറത്തേക്ക്‌ നീട്ടുന്ന അതിന്റെ നാവും, വളഞ്ഞു പുളഞ്ഞുള്ള ആ പോക്കും എന്റെ അമ്മോ... പക്ഷെ ഇത് പുറത്ത്‌ കാണിക്കാന്‍ വയ്യാ ..ആണായി പോയില്ലേ ..

ഒച്ചപ്പാടും നിലവിളിയും കേട്ട് ഞാന്‍ വടിയുമായി ഇറങ്ങി വരുമ്പോഴേക്കും പാമ്പ്‌ അതിന്റെ പാട്ടിനു പോയിരിക്കും. പാമ്പ്‌ പോയി എന്നുറപ്പായാല്‍ എന്റെ ശ്വാസം നേരെ വീഴും, ധൈര്യം വീണ്ട്കിട്ടും. പിന്നെ എന്റെ വക ഒരു പ്രകടനമാണ്. സകല പൊന്തക്കാട്ടിലും രണ്ടടി. വടി കൊണ്ട് വരമ്പിലെ മാളത്തില്‍ എല്ലാം രണ്ടു കുത്ത്. പിന്നെ വടി ചുഴറ്റി രണ്ടു ഡയലോഗ് “ഹാ.. ഹൂ എവിടെപ്പോയ്? ധൈര്യമുണ്ടെങ്കില്‍ വാടാ .. കുട്ടികളെ പേടിപ്പിക്കുന്നോ.. എന്റെ മുന്നില്‍ ഒന്ന് കിട്ടിയാല്‍ ...” അപ്പോഴേക്കും അയലത്തെ സ്ത്രീകള്‍ എന്നെ സമാധാനിപ്പിക്കും “പോട്ടെ ഹഫീ.. അതിനു പടച്ചോന്‍ ആയുസ്സ്‌ നീട്ടീട്ടുണ്ട്. അതിന്റെ സമയം ആയില്ല. അത്രതന്നെ”
അതെ, അത്രതന്നെ. അതിന്റെ സമയം ആയിട്ടില്ല. ഞാനും പാമ്പും അങ്ങനെ രക്ഷപ്പെടുകയാണ് പതിവ്. ഇതുവരെ ഞങ്ങള്‍ക്ക്‌ മുഖാമുഖം ഏറ്റുമുട്ടല്‍ വേണ്ടി വന്നിട്ടില്ല.

അങ്ങനെ ഒരിക്കല്‍ പതിവുപോലെ ഞാന്‍ ഉച്ചമയക്കത്തില്‍ ആയിരിക്കേ, കുട്ടികളുടെ നിലവിളി. പിന്നാലെ “ഹഫീ.. വേം വാ .. പാമ്പ്‌ ഇവടെ പാമ്പ്‌” എന്ന വിളി. ഞാന്‍ ഞെട്ടി എഴുനേറ്റു. ദേഹത്ത് കൂടെ ഒരു വിറയല്‍ (അതും പതിവുപോലെ). ആരെയൊക്കെയോ ശപിച്ച് പുറത്തിറങ്ങി ഒരു വടി തപ്പിയെടുത്തു പതുക്കെ (മനപ്പൂര്‍വ്വം അല്ല. ട്ടോ..) നടന്നു. എന്റെ പ്രതീക്ഷ എല്ലാം തെറ്റി. പാമ്പ്‌ അപ്പോഴും പോയിട്ടില്ല.(പടച്ചോനേ.. ഇതെന്ത് പാമ്പ്‌ ! മനുഷ്യന്റെ മാനം കളയാന്‍.. )  എന്റെ ഹൃദയമിടിപ്പ് കൂടി ഞാന്‍ അടുത്ത് ചെന്നു. “എന്റിഷ്ടാ നമ്മള്‍ തമ്മില്‍ ഇത് വേണോ ? ഒന്ന് പോയ്‌ തന്നൂടെ” എന്ന രൂപത്തില്‍ അതിനെ നോക്കി. കിണറിന്റെ മുകളില്‍ വിരിച്ച വലയില്‍ കുരുങ്ങി കിടക്കുകയാണ് അത്. സൂക്ഷിച്ച് നോക്കിയപ്പോ സംഗതി ചേരയാണ്. വലിയ ഒരു ചേര. ഹാവൂ പകുതി സമാധാനം ആയി. കാഴ്ചക്കാരായി നില്‍ക്കുന്നവരോട് ഞാന്‍ വിളിച്ചു പറഞ്ഞു “നോക്കീ, ഇത് ചേരേണ്, പാമ്പല്ല” അവര്‍ വന്നു നോക്കി ഉറപ്പിച്ചു “സെരിയാ.. ചേരേണ്.. ഒന്നും ചെയ്യണ്ടാ .. പാമ്പ് ഇത്ര വലിപ്പണ്ടാവൂലാ” 
“ഹാ അങ്ങനെ വിടാന്‍ പറ്റോ ? കുട്ട്യാള് കളിക്കണ സ്ഥലല്ലേ.. കുട്ട്യാള് കണ്ടു പേടിക്കും” എന്നായി ഞാന്‍. “ഇതിനെ ഇപ്പൊ ശരിയാക്കണം” (വലയില്‍ കുടുങ്ങി അതിന് അനങ്ങാന്‍ വയ്യാ..ഹി ഹി) എന്റെ വല്യുമ്മ ഇടപെട്ടു “വെശല്യാത്ത ജീവ്യല്ലേ.. കൊല്ലണ്ട.. പൊയ്ക്കോട്ടേ” വല്യുമ്മ പറഞ്ഞാ പിന്നെ അപ്പീല്‍ ഇല്ലാ.. ഞാന്‍ നീണ്ട രണ്ടു കമ്പെടുത്ത് ദൂരെ നിന്ന് വലയുടെ കുരുക്ക് അഴിച്ചു. ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ അത് ഇടവഴിയിലെ മാളത്തില്‍ മറഞ്ഞു. അതിലേറെ ആശ്വാസത്തില്‍ ഞാന്‍ എന്റെ മാളത്തിലേക്കും ...

50 comments:

  1. ഹ ഹ. അതു നന്നായി. പോസ്റ്റ് രസമായിട്ടുണ്ട് :)

    അപ്പോ പറഞ്ഞു വരുമ്പോള്‍ ഏതാണ്ട് എന്നെപ്പോലെ തന്നെ ആണല്ലേ? പാമ്പിനെ ഇഷ്ടമല്ലാത്ത (പേടിയുള്ള എന്ന് പറയാന്‍ പാടില്ലല്ലോ) വര്‍ഗ്ഗം! :)

    ഞാനും പാമ്പുകളും തമ്മില്‍ ഇതു പോലെ പല തവണ നേര്‍ക്കു നേര്‍ വന്നിട്ടുണ്ട്... ഒന്നു രണ്ട് സംഭവങ്ങള്‍ എന്റെ ബ്ലോഗില്‍ തന്നെ എഴുതിയിരുന്നു...

    ReplyDelete
  2. ഉറക്കത്തിലായിരുന്ന എന്നെ പേടിപ്പച്ചല്ലോ പഹയാ!

    ReplyDelete
  3. ഹഫീ.. വേം വാ .. പാമ്പ്‌ ഇവടെ പാമ്പ്‌”

    ReplyDelete
  4. പാമ്പ് പുരാണം കലക്കിയിട്ടുണ്ട്. ജീവനുള്ള പാമ്പിനെ മാത്രമേ എനിക്കും പേടിയുള്ളൂ.
    ഏതായാലും ഇക്കാലത്ത് തെങ്ങുംപറമ്പും പാമ്പുകളുമുള്ള വീടുകളില്‍ താമസിക്കുന്നത് സ്വപ്നത്തിലെ കഴിയൂ...
    ഭാഗ്യവാന്‍.

    ReplyDelete
  5. ഹ ..ഹ ..കലക്കി ..സ്ത്രീ ശാക്തീകരണം എന്നൊക്കെ
    പറഞ്ഞിട്ട് എന്താ .പാമ്പിനെ നേരിടണം എങ്കില്‍
    'എന്നെപ്പോലുള്ള' ആണുങ്ങള്‍ വേണം ..എന്നാലും എന്‍റെ
    hafeeze മാനം കളഞ്ഞല്ലോ ..(പാമ്പിന്റെ )..പാവം പാമ്പ്
    ഫോട്ടോ ഇഷ്ടപ്പെട്ടു .കൊച്ചു സംഭവം എഴുത്തിന്റെ രസം
    കൊണ്ടു രസകരം ആക്കി ..
    അഭിനന്ദനങ്ങള്‍ ...

    ReplyDelete
  6. അപ്പോഴാണ് അയല്‍പക്കത്ത്‌ “അവെയ് ലബിള്‍” ആയ ഏക ആണ്‍ തരി ആയ എനിക്ക് വിളി വരുക. സ്ത്രീ ശാക്തീകരണം എന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം! ഒരു പാമ്പിനെ തല്ലിക്കൊല്ലണമെങ്കില്‍ ആണായ എന്നെ തന്നെ വിളിക്കും ഈ ലൈന്‍ എനിക്ക് ഇഷ്ട്ടായി

    ReplyDelete
  7. രസകരമായ പോസ്റ്റ്‌.
    എനിക്കും പാമ്പിനെ കണ്ടാല്‍ പേടിയാണ്. അത് ടീവിയില്‍ ആണേല്‍ കാണുന്നതും ഒരുതരം അസ്വസ്ഥത ആണ്.

    ReplyDelete
  8. രാവിലെ ഉപ്പയും ഉമ്മയും സ്കൂളില്‍ പോയാല്‍ പിന്നെ ഞാന്‍ തനിച്ചാണ് വീട്ടില്‍
    ---------------------------------------
    ഉപ്പയും ഉമ്മയും ഏതു സ്കൂളിലാണ് പഠിക്കുന്നത് ? :)

    ReplyDelete
  9. പാമ്പ് പേടി അതീവ രസകരമായി വിവരിച്ചിരിക്കുന്നു..
    നല്ല ഒഴുക്കില്‍ വായിച്ചു.
    ഹഫീസിന്റെ പ്രായത്തിലുള്ളവര്‍ക്ക് പാമ്പൊക്കെ വെറും 'പുല്ലാ'ണെന്നായിരുന്നു എന്റെയൊരു തെറ്റിദ്ധാരണ..

    ReplyDelete
  10. ചേതന്‍ ഭഗത്ത് എപ്പോ വീട്ടിലെത്തി..?വെക്കേഷനാ..?

    പാമ്പ് കഥ നന്നായി. ചേരയായത് നിന്റെ ഭാഗ്യം. ഇത് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് ഒരു പാമ്പ് കഥയാണു.പണ്ട് ഹൊസ്റ്റലില്‍ വാര്‍ഡന്റെ മുറിയില്‍ ഞങ്ങളൊരു റബ്ബര്‍ പാമ്പിനെ കൊണ്ടിട്ടു,കണ്ടാല്‍ ശരിക്കും പാമ്പ് തന്നെ.കൊണ്ടിട്ട ഞങ്ങള്‍ അക്കാര്യം മറന്നിരുന്നു,പക്ഷേ രാത്രി ആകെ പ്രശനമായ്.കൂക്കും വിളിയും അട്ടഹാസോം,അന്നതിന്നു ഊരാന്‍ പെട്ട പാട്!!!

    ReplyDelete
  11. നല്ല പോസ്റ്റ്‌ ....

    ReplyDelete
  12. ഈ ഒറിജിനല്‍ പാമ്പിനെ ഉള്ളില്‍ പേടിയാണ് എനിക്കും. പക്ഷെ പുറത്തു കാണിക്കാന്‍ പറ്റില്ലല്ലോ :(

    പക്ഷെ പേടിയില്ലാത്ത വേറെ ഒരു പാമ്പുണ്ട്, നമ്മടെ ബിവറേജിന്റെ അടുത്തൊക്കെ കാണുന്ന പാമ്പേ... :)

    നന്നായി എഴുതീട്ടോ..

    ReplyDelete
  13. അപ്പൊ നീയും കോമഡി തുടങ്ങിയോ ?...എന്നാല്‍ ഞാന്‍ ഇന്ന് മുതല്‍ സീരിയസ് ആയേക്കാം അല്ലെ ..

    കലക്കന്‍ എഴുത്ത് മോനെ ..സംഭവം ഉഗ്രന്‍ ..പക്ഷെ ഈ ടൈപ്പ് അധികം വേണ്ടാ

    ReplyDelete
  14. ഇത് വായിച്ചു തുടങ്ങിയപ്പോൾ തന്നെ എന്റെ മനസ്സിൽ വന്ന ആ ചോദ്യം അത് തന്നെയായിരുന്നു രമേശ് സർ ചോദിച്ചത് .ഉപ്പയും ഉമ്മയും ഏതു സ്കൂളിലാ???????? പാമ്പു പുരാണം അല്ല പാമ്പു പേടി പുരാണം വളരെ ധൈര്യത്തോടെ എഴുതിയിരിക്കുന്നു. ആ‍ശംസകൾ എന്നാലും ബ്ലോഗർമാരെ പറയിപ്പിച്ചല്ലോ പേടിത്തൊണ്ടൻ....

    ReplyDelete
  15. ഹഫീസ് .. സംഭവം രസകരമായി അവതരിപ്പിച്ചു.. :) അള മുട്ടിയാല്‍ ചേരയും കടിക്കും കേട്ടോ..!

    ReplyDelete
  16. @ രമേശ്‌അരൂര്‍ , ഉമ്മു അമ്മാര്‍ ഉപ്പയും ഉമ്മയും പഠിപ്പിക്കുകയാണ്..പഠിക്കുകയല്ല. :)

    ReplyDelete
  17. നല്ല ധൈര്യമുള്ള കൂട്ടത്തിലാണല്ലേ?! :)

    ReplyDelete
  18. തൊണ്ടന്‍!
    പേടിത്തൊണ്ടന്‍!!
    (എനിക്ക് പേടിയൊന്നുമില്ല. പക്ഷെ എന്തിനാ പാമ്പിനെ വെറുതെ കൊന്ന് നിയമം ലംഘിക്കുന്നത് എന്നോര്‍ത്തിട്ടാ.നിയമത്തെ പേടിക്കണമല്ലോ)

    ReplyDelete
  19. പോസ്റ്റ്‌ രസമായി . ആശംസകള്‍.

    ReplyDelete
  20. haffi foul aanu...
    nee serious maters ezhutheda.. heh
    :-)
    nattin puram nanamakalaal samrutham..!!!

    ReplyDelete
  21. ചെരയായത്‌ പാമ്പിന്റെ ഭാഗ്യം.
    അല്ലെങ്കില്‍ കാണാമായിരുന്നു.

    ReplyDelete
  22. പണ്ട് എനിക്കുമൊരു പറ്റു പറ്റിയിട്ടുണ്ട്.. ചേരയെ കണ്ട്... എനിക്കിപ്പോഴും പാമ്പേതാ ചേര ഏതാ എന്ന് അറീല.. അങ്ങിനെ പറ്റിയ പറ്റാ..... ഇനി അഥവാ അറിഞ്ഞാലും എനിക്ക് ഈ ജാതി ജന്തുക്കളെ പേടിയ..! ഒരു ദിവസം നോക്കുമ്പോള്‍ ബാത് റൂമിന്‍റെ ചുവരില്‍.. അന്നോടിയ ഓട്ടം.. ഓര്‍ത്താല്‍ ഇന്നും എനിക്ക് പനിക്കും.. ! ഹഫീസ്, ഹമ്പട നീയേ..!!!

    ReplyDelete
  23. നാട്ടില്‍ പോകുമ്പോള്‍ ഒന്നു പാമ്പാകണം എന്ന് ഇത് വായിച്ചപ്പോ ഓര്‍ത്തു !

    കൊള്ളാട്ടോ ഹഫീസേ...താങ്കളുടെ പാമ്പ് പുരാണം !

    ReplyDelete
  24. vallimma undaayathukond maanam poyilla alle....

    Allenkil paambinte sorry hafiyude gathiked kanendivannirunnu....

    Nanaayi ezhuthi..ashamsakal...

    ReplyDelete
  25. ഹഫീസേ നന്നായി , അസൂഷ ,കുശും ബ് എന്നിവ പാര്‍സല്‍ ആയി അയക്കുന്നു.

    ReplyDelete
  26. എടാ കൊള്ളാമല്ലോ. അപ്പൊ നീ ഒരു പാമ്പ് വിരോധിയാണോ? അടുത്ത തവണ നിന്റെ വീട്ടില്‍ വരുമ്പോ ആ ചേരയെ ഒന്ന് കാണാന്‍ സാധിക്കണേ ഈശ്വരാ.

    ReplyDelete
  27. രസിച്ച് വായിച്ചു,നല്ലനര്‍മ്മം..
    ആശംസകള്‍.

    ReplyDelete
  28. വെശല്യാത്ത ജീവ്യല്ലേ.കൊന്നില്ലല്ലോ..?

    ReplyDelete
  29. നല്ല രസം വായിക്കാന്‍. ദൂരെനിന്ന് കാണുമെന്നല്ലാതെ ഞാനും പാമ്പിനോടടുത്ത് പോവുകയില്ല.

    ReplyDelete
  30. പാമ്പായാലും ചേരയായാലും നേരിടാനിത്തിരി ധൈര്യം വേണം..
    പഴയ തറവാടായതിനാല്‍ ഇടക്കിടെ പാമ്പ് ശല്യം എന്റെ വീട്ടിലുണ്ടാ
    കാറുണ്ട്..സുഹൃത്തുക്കളൊക്കെ വന്നാണ് കൈകാര്യം ചെയ്യാറ്..
    പാമ്പു പുരാണം കലക്കി ഹഫീസേ..

    ReplyDelete
  31. ഇതെന്താ ഇങ്ങനെ..? ചേര പാമ്പല്ലേ..? എല്ലാവരുംകൂടി ചേരയെ അതിന്‍റെ വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കിയോ...

    ReplyDelete
  32. പാമ്പു പോയിട്ട് പാറ്റയെപ്പോലും നേരിടാന്‍ പറ്റാത്തവനാണ് ഞാന്‍. ഒരിക്കല്‍ കുളിമുറിക്കകത്ത് എട്ടുകാലിയെക്കണ്ട് കുളിക്കാതെ ഇറങ്ങിപ്പോന്നിട്ടുണ്ട് (വയസ്സായ എന്റെ അച്ഛന്‍ വന്നാണ് ആ പ്രശ്നം ഒഴിവാക്കിയത്). ക്ഷുദ്രജീവികളെപ്പേടിച്ചോടി ഞാന്‍ ഇപ്പോള്‍ ഭൂഗോളത്തിന്റെ മറുഭാഗത്തെത്തിനില്‍ക്കുന്നു.

    ReplyDelete
  33. ഹ..ഹ..പാമ്പിനെ എനിക്കും വലിയ പേടിയായിരുന്നു പിന്നെ ഇപ്പൊ ആഫ്രിക്കയില്‍ വന്നിട്ട് മനസ്സിലായി പാമ്പ് വെറും പാവം, നമ്മള് പാമ്പ് ആവുമ്പോഴാ പ്രശ്നം... . അതും മറ്റുള്ളവര്‍ക്ക് ..... :-)

    ReplyDelete
  34. എട്ടുകാലിയെ പേടി എനിക്കുമുണ്ടേ..ഈ ഭൂമിയില്‍ എനിക്ക് പേടിയുള്ള ഏക സംഭവം അവനാണ്....

    ReplyDelete
  35. BEVCO ഇഷ്ടംപോലെ പാമ്പുകളെ സൃഷ്ടിക്കുന്നു, വളര്‍ത്തുന്നു. അപ്പോള്‍ പിന്നെ സ്ഥിരം പാമ്പാകുന്ന നമ്മളെന്തിനു പാമ്പിനെ ഭയക്കണം?
    നന്നായിട്ടുണ്ട്, ആശംസകള്‍!

    ReplyDelete
  36. ഹഫീസ്‌, നന്നായി എഴുതുന്നു. ആശംസകള്‍

    ReplyDelete
  37. പാമ്പ് കഥ നന്നായി...

    ReplyDelete
  38. നന്നായി ഈ പാമ്പ് കഥ....അപ്പോള്‍ അയല്‍ വക്കത്തുള്ള ഏക ആണ്‍ തരി താനാണ് അല്ലെ.?

    ReplyDelete
  39. നീ പേടിക്കണ്ട.പാമ്പ് വന്നില്ലെങ്കില്‍ ഇങ്ങനൊരു പോസ്റ്റ്‌ ഉണ്ടാകില്ലായിരുന്നു. പാമ്പേ... നിനക്കെന്റെ ആശംസകള്‍.
    കൂടെ പോസ്റ്റിനു കയ്യടിയും

    ReplyDelete
  40. പാമ്പ് പുരാണം നന്നായി :)

    ReplyDelete
  41. പാമ്പ് ഇഴഞ്ഞ് നടന്നാല്‍ കുഴപ്പമില്ല....രണ്ടു കാലില്‍ ആടി ആടി നടന്നാലാണ് പ്രശ്നം!!!!!!!!!

    ReplyDelete
  42. ഭയങ്കര ധൈര്യവാന്‍ ആണ് അല്ലേ.....
    പോസ്റ്റ് ചിരിപ്പിച്ചു കേട്ടോ..

    ReplyDelete
  43. ////..എല്ലാ പാമ്പിനെയും പേടിയില്ലാ ട്ടോ ജീവനുള്ളതിനെ മാത്രമേ പേടിയുള്ളൂ... പുറത്തേക്ക്‌ നീട്ടുന്ന അതിന്റെ നാവും, വളഞ്ഞു പുളഞ്ഞുള്ള ആ പോക്കും എന്റെ അമ്മോ... പക്ഷെ ഇത് പുറത്ത്‌ കാണിക്കാന്‍ വയ്യാ ..ആണായി പോയില്ലേ ..///

    Hehe. Superb.

    ReplyDelete
  44. ഹഫീസിന്‍റെ പാമ്പ് പിടുത്തം ജോര്‍...നമ്മള്‍ ഈ വഴിക്ക് ആദ്യമാണ്....ഇത് പോലെ ഒരു പാമ്പ് പിടുത്തക്കാരന്‍ അനിയന്‍ എനിക്ക് വീടിലുണ്ട്...........ആശംസകള്‍....[എന്റെ ഒരു കുഞ്ഞു ബ്ലോഗ്‌ ഉണ്ട്...സ്നേഹ സ്വാഗതം.........

    ReplyDelete
  45. Hafeeze.. nalla oyukkulla post..koodathe nalla narmavum. Iniyum ithu pole kure pratheekshikkunnu

    ReplyDelete

Related Posts Plugin for WordPress, Blogger...