
അതിനിടക്കാണ് പറമ്പില്‍ കളിക്കുന്ന കുട്ടികള്‍ പാമ്പിനെ കാണുക, അപ്പോഴാണ് അയല്പക്കത്ത് “അവെയ് ലബിള്‍” ആയ ഏക ആണ് തരി ആയ എനിക്ക് വിളി വരുക. സ്ത്രീ ശാക്തീകരണം എന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം! ഒരു പാമ്പിനെ തല്ലിക്കൊല്ലണമെങ്കില്‍ ആണായ എന്നെ തന്നെ വിളിക്കും. എനിക്ക് ആണെങ്കില്‍ പാമ്പ് എന്ന് കേള്‍ക്കുന്നത് തന്നെ പേടിയാണ്. എല്ലാ പാമ്പിനെയും പേടിയില്ലാ ട്ടോ ജീവനുള്ളതിനെ മാത്രമേ പേടിയുള്ളൂ... പുറത്തേക്ക് നീട്ടുന്ന അതിന്റെ നാവും, വളഞ്ഞു പുളഞ്ഞുള്ള ആ പോക്കും എന്റെ അമ്മോ... പക്ഷെ ഇത് പുറത്ത് കാണിക്കാന്‍ വയ്യാ ..ആണായി പോയില്ലേ ..
ഒച്ചപ്പാടും നിലവിളിയും കേട്ട് ഞാന്‍ വടിയുമായി ഇറങ്ങി വരുമ്പോഴേക്കും പാമ്പ് അതിന്റെ പാട്ടിനു പോയിരിക്കും. പാമ്പ് പോയി എന്നുറപ്പായാല്‍ എന്റെ ശ്വാസം നേരെ വീഴും, ധൈര്യം വീണ്ട്കിട്ടും. പിന്നെ എന്റെ വക ഒരു പ്രകടനമാണ്. സകല പൊന്തക്കാട്ടിലും രണ്ടടി. വടി കൊണ്ട് വരമ്പിലെ മാളത്തില്‍ എല്ലാം രണ്ടു കുത്ത്. പിന്നെ വടി ചുഴറ്റി രണ്ടു ഡയലോഗ് “ഹാ.. ഹൂ എവിടെപ്പോയ്? ധൈര്യമുണ്ടെങ്കില്‍ വാടാ .. കുട്ടികളെ പേടിപ്പിക്കുന്നോ.. എന്റെ മുന്നില്‍ ഒന്ന് കിട്ടിയാല്‍ ...” അപ്പോഴേക്കും അയലത്തെ സ്ത്രീകള്‍ എന്നെ സമാധാനിപ്പിക്കും “പോട്ടെ ഹഫീ.. അതിനു പടച്ചോന് ആയുസ്സ് നീട്ടീട്ടുണ്ട്. അതിന്റെ സമയം ആയില്ല. അത്രതന്നെ”
അതെ, അത്രതന്നെ. അതിന്റെ സമയം ആയിട്ടില്ല. ഞാനും പാമ്പും അങ്ങനെ രക്ഷപ്പെടുകയാണ് പതിവ്. ഇതുവരെ ഞങ്ങള്‍ക്ക് മുഖാമുഖം ഏറ്റുമുട്ടല്‍ വേണ്ടി വന്നിട്ടില്ല.
അങ്ങനെ ഒരിക്കല്‍ പതിവുപോലെ ഞാന്‍ ഉച്ചമയക്കത്തില്‍ ആയിരിക്കേ, കുട്ടികളുടെ നിലവിളി. പിന്നാലെ “ഹഫീ.. വേം വാ .. പാമ്പ് ഇവടെ പാമ്പ്” എന്ന വിളി. ഞാന്‍ ഞെട്ടി എഴുനേറ്റു. ദേഹത്ത് കൂടെ ഒരു വിറയല്‍ (അതും പതിവുപോലെ). ആരെയൊക്കെയോ ശപിച്ച് പുറത്തിറങ്ങി ഒരു വടി തപ്പിയെടുത്തു പതുക്കെ (മനപ്പൂര്‍വ്വം അല്ല. ട്ടോ..) നടന്നു. എന്റെ പ്രതീക്ഷ എല്ലാം തെറ്റി. പാമ്പ് അപ്പോഴും പോയിട്ടില്ല.(പടച്ചോനേ.. ഇതെന്ത് പാമ്പ് ! മനുഷ്യന്റെ മാനം കളയാന്‍.. ) എന്റെ ഹൃദയമിടിപ്പ് കൂടി ഞാന്‍ അടുത്ത് ചെന്നു. “എന്റിഷ്ടാ നമ്മള് തമ്മില്‍ ഇത് വേണോ ? ഒന്ന് പോയ് തന്നൂടെ” എന്ന രൂപത്തില്‍ അതിനെ നോക്കി. കിണറിന്റെ മുകളില്‍ വിരിച്ച വലയില്‍ കുരുങ്ങി കിടക്കുകയാണ് അത്. സൂക്ഷിച്ച് നോക്കിയപ്പോ സംഗതി ചേരയാണ്. വലിയ ഒരു ചേര. ഹാവൂ പകുതി സമാധാനം ആയി. കാഴ്ചക്കാരായി നില്ക്കുന്നവരോട് ഞാന്‍ വിളിച്ചു പറഞ്ഞു “നോക്കീ, ഇത് ചേരേണ്, പാമ്പല്ല” അവര്‍ വന്നു നോക്കി ഉറപ്പിച്ചു “സെരിയാ.. ചേരേണ്.. ഒന്നും ചെയ്യണ്ടാ .. പാമ്പ് ഇത്ര വലിപ്പണ്ടാവൂലാ”
