Thursday, March 3, 2011

മത ബോംബും രാഷ്ട്രീയ ബോംബും തമ്മില്‍

വീണ്ടും ഒരു ബോംബ്‌ പൊട്ടിയ ശബ്ദം കേട്ട് ഞാന്‍ ആകെ ഞെട്ടിയിരിക്കുകയാണ്. പക്ഷെ ചുറ്റും നോക്കിയപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ച അത്ര ഞെട്ടല്‍ ആര്‍ക്കും ഇല്ല. പത്രങ്ങളില്‍ രണ്ടു ദിവസത്തെ വാര്‍ത്ത മാത്രം. ഇതുമായി ബന്ധപ്പെട്ട് ചാനലുകളില്‍ കാര്യമായ ചര്‍ച്ചകള്‍ ഒന്നുംതന്നെയില്ല. സാംസ്കാരിക കേന്ദ്രങ്ങളില്‍ നിന്ന് ആളനക്കം കേള്‍ക്കാനില്ല. ആവശ്യത്തിലും അനാവശ്യത്തിലും ഇടപെടുന്ന എല്ലാര്‍ക്കും തികഞ്ഞ മൌനം. രാഷ്ട്രീയക്കാര്‍ പതിവുപോലെ പരസ്പരം പഴി ചാരുന്നു. മത കേന്ദ്രങ്ങളില്‍ ശ്മശാന മൂകത. ഒരു ഓലപ്പടക്കം പൊട്ടിയാല്‍ തന്നെ ദേശ സുരക്ഷയെ കുറിച്ചും ഭീകര ബന്ധത്തെ കുറിച്ചും വേവലാതിപെടുന്ന പത്രങ്ങള്‍ക്കും ദേശ സ്നേഹത്തിന്റെയും മതേതരത്വത്തിന്റെ ആള്‍രൂപങ്ങളായി അവതരിക്കാറുള്ള ആള്‍ക്കാര്‍ക്കും ഒരു കൂസലും ഇല്ല. കോട്ടക്കല്‍ കൂടിയിരുന്ന കാരണവന്മാരെ കാണാനേ ഇല്ല. കാരണം ഇപ്പോള്‍ പൊട്ടിയത്‌ ഒരു രാഷ്ട്രീയ ബോംബ്‌ ആണ്; മത ബോംബ്‌ അല്ല.


വിവാദ ചോദ്യ പേപ്പര്‍ ഉണ്ടാക്കിയ പ്രൊഫസറെ മത വര്‍ഗീയ കശ്മലന്‍മാര്‍ ആക്രമിച്ചപ്പോള്‍ , ആ കൈവെട്ടു കേസ്‌ എത്ര കാലമാണ് പത്രങ്ങളും ചാനലുകളും സാംസ്‌കാരിക നായകരും ചര്‍ച്ച ചെയ്തത്, ദേശ സ്നേഹികളായ നമ്മുടെ നേതാക്കള്‍ എത്ര പ്രസ്താവനകള്‍ ഇറക്കി. കിട്ടിയ തക്കം മുതലെടുത്ത്‌ മുസ്ലിം മത സംഘടനകള്‍ തങ്ങളുടെ ശത്രുക്കളെ മേല്‍ വര്‍ഗീയ-തീവ്രവാദ ആരോപണങ്ങള്‍ കേട്ടിയെല്‍പ്പിക്കാന്‍ ഓടി നടന്നു. അതില്‍ അഭിപ്രായം പറയാത്ത, പ്രതിഷേധം രേഖപ്പെടുത്താത്ത ഒരു മത-രാഷ്ട്രീയ നേതാക്കളും ഇല്ല. പക്ഷെ രാഷ്ട്രീയ ബോംബ്‌ പൊട്ടുമ്പോള്‍ ഇവരൊക്കെ എവിടെ പോയി ഒളിക്കുന്നു ? ആകെ ലീഗിന്റെ കൈയ്യില്‍ നിന്ന് മാത്രമല്ല ബോംബ്‌ പൊട്ടിയിട്ടുള്ളത്. സി പി എമ്മിനും RSSനും NDFനും ഒക്കെ ഇത് വന്നിട്ടുണ്ട്. അക്രമ രാഷ്ട്രീയം കേരളത്തില്‍ തുടങ്ങിവെച്ചതു ആരാണ് എന്നും ആലോചിക്കണം.  ഒരു കൈവെട്ടു കേസിന്റെ കോലാഹലങ്ങള്‍ മാസങ്ങളോളം നാം കേട്ടു. എന്നാല്‍ ഇവിടെ ചേതനയറ്റു വീണത്‌ പത്ത്‌ കൈകളും പത്തു കാലുകളും ആണ്. യുവാക്കളായ അഞ്ചു പേരാണ് ബോംബ്‌ നിര്‍മ്മാണത്തിനിടെ കൊല്ലപെട്ടത്‌. അത് ലക്ഷ്യ സ്ഥാനത്ത്‌ എത്തിയിരുന്നെങ്കില്‍ എത്ര കൈകള്‍ ജീവനറ്റു പോയേനെ ? ഈ സംഗതി അത് അര്‍ഹിക്കുന്ന ഗൌരവത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടോ എന്ന് ഞാന്‍ സംശയിക്കുന്നു. അത് കണ്ടില്ലെന്നു നടിക്കുന്ന അല്ലെങ്കില്‍ നിസാരമായി കാണുന്ന അതുമല്ലെങ്കില്‍ രണ്ടു ദിവസത്തെ പത്ര വാര്‍ത്തക്കപ്പുറം വേവലാതിക്ക് വകയില്ലാത്ത ഒന്നായി മാറുന്നതില്‍ ഒരു മനശാസ്ത്രം ഉണ്ട്. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും അള്‍ട്രാ സെകുലരിസ്റുകളും കൂടി കേരളീയ പൊതുബോധത്തില്‍ സൃഷ്ടിച്ച ഒരു മനോഭാവം - ഒരു വൈകല്യം ആണിത്. അതായത്‌ മതവുമായി ബന്ധപ്പെട്ട എല്ലാം മഹാ മോശവും കുഴപ്പവും മതേതരമായ (അത് ബോംബ്‌ ആയാലും) എല്ലാം നല്ലതും കുഴപ്പം ഇല്ലാത്തതും എന്ന കാഴ്ചപ്പാട് നമ്മുടെ പൊതു ബോധത്തില്‍ ആഴ്ന്ന് ഇറങ്ങിയിരിക്കുന്നു, നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

അതുകൊണ്ട് തന്നെ കണ്ണൂരിലെയും നാദാപുരത്തെയും കൊലപാതകങ്ങള്‍ , ബോംബ്‌ സ്ഫോടനങ്ങള്‍ എന്നിവ നമ്മള്‍ അത്ര ഗൌരവത്തില്‍ എടുക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. രാഷ്ട്രീയത്തില്‍ അങ്ങനെ ഒക്കെ ഉണ്ടാവും എന്നൊരു മട്ട്.

വര്‍ഗീയത - തീവ്രത എന്നത് മതത്തില്‍ ബ്രാന്‍ഡ്‌ ചെയ്യപ്പെട്ട ഒന്നല്ല. അന്യ മതസ്ഥനെ വെറുക്കുന്നത് മാത്രമല്ല വര്‍ഗീയത, അന്യ പാര്‍ട്ടിക്കാരനെ വെറുക്കുന്നതും വര്‍ഗീയത തന്നെയാണ്. മറ്റു പാര്‍ട്ടിക്കാരെ കൊല്ലാന്‍ ബോംബുണ്ടാക്കുന്നവരെ വര്‍ഗീയ വാദികള്‍ , ദേശദ്രോഹികള്‍ എന്ന് വിളിക്കാന്‍ നാം മടിക്കേണ്ടതില്ല. അവരുടെ കോടിയുടെ നിറം എന്തായാലും. കാവി ബോംബുകള്‍ അതിന്റെ എല്ലാ വിരൂപ ഭാവത്തിലും നാം കണ്ടു. കാര്യത്തില്‍  നാടിനെ അസ്ഥിരപ്പെടുത്തുന്നത് മത വഗീയത മാത്രം അല്ല; രാഷ്ട്രീയ വര്‍ഗീയതയും കൂടി ആണ്. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നത് എതിര്‍ക്കുന്നവരാണ് കോണ്ഗ്രസ്, സി പി എം. മുസ്ലിം ലീഗ് തുടങ്ങി എല്ലാ പാര്‍ട്ടികളും. എന്നിട്ടും ഇവിടങ്ങളില്‍ ബോംബിനു പഞ്ഞമില്ല. അങ്ങനെ എങ്കില്‍ കണ്ണൂരില്‍ സമാധാനം ഉണ്ടാവുമായിരുന്നു അവിടെ കമ്യൂണിസ്റ്റ് ബോംബുകള്‍ പൊട്ടുമായിരുന്നില്ല.. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ എതിര്‍ക്കുന്ന ലീഗിന്റെ കയ്യില്‍ നിന്ന് ഇങ്ങനെ ബോംബ്‌ പൊട്ടില്ലായിരുന്നു. പക്ഷെ സ്വന്തം സ്വാര്‍ഥ ലാഭത്തിനു വേണ്ടി മതത്തെ ഉപയോഗിക്കുകയാണ് ഇവരൊക്കെ ചെയ്യുന്നത്. എന്നിട്ട് പഴി മതത്തിനും. മത മൂല്യങ്ങള്‍ രാഷ്ട്രീയത്തില്‍ വരുന്നില്ല. അങ്ങനെ വന്നെങ്കില്‍ നന്നായേനെ. ചൂഷണത്തിനു അറുതി വരുത്താനും പാവപ്പെട്ടവനെ സഹായിക്കാനും ആണ് മതം പറയുന്നത്. ഇത് രാഷ്ട്രീയക്കാര്‍ക്ക്‌ അലര്‍ജി ആണ്. അവര്‍ക്ക്‌ വേണ്ട മതം ആളെ കൂട്ടാനും തങ്ങളുടെ താന്തോന്നിത്തം മറച്ചു വെക്കാനും ഉള്ള ഒരു ഉപാധി ആണ്. അതിനു മതത്തെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെയാണ് നാം രംഗത്ത്‌ ഇറങ്ങേണ്ടത്. ആരാണ് ബോംബ്‌ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നത് ? ആരാണ് ശത്രുത വളര്‍ത്തുന്നത്? എന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചു.


പൊട്ടുന്നത്‌ മത ബോംബ്‌ ആയാലും രാഷ്ട്രീയ ബോംബ്‌ ആയാലും അസ്ഥിരപ്പെടുന്നത് നമ്മുടെ രാഷ്ട്രം ആണ്. സമാധാനം നഷ്ടപ്പെടുന്നത് നമ്മുടെ സമൂഹത്തിനാണ്, വിധവകളാകുന്നത് സ്ത്രീകളാണ്, അനാഥരാവുന്നത് കുട്ടികളാണ്, വഴിയാധാരമാകുന്നത് കുടുംബങ്ങളാണ്. അതിനാല്‍ അത് പൊട്ടിക്കാന്‍ കൂട്ട് നില്‍ക്കുന്ന പ്രത്യയശാസ്ത്രം മതം ആണെങ്കിലും മതേതരം ആണെങ്കിലും ഒരുപോലെ ചെറുക്കാനും വെറുക്കാനും നമുക്ക്‌ കഴിയണം.

പിന്കുറി --

നിങ്ങള്‍ ബോംബ്‌ ഉണ്ടാക്കിയില്ലേ എന്ന് ചോദിക്കുമ്പോള്‍ നിങ്ങള്‍ അല്ലേ തുടങ്ങിവച്ചത് എന്ന് മറുചോദ്യം. നിങ്ങള്‍ അധ്യാപകനെ വെട്ടിക്കൊന്നില്ലേ എന്നതിന് മറുപടി നിങ്ങള്‍ നിങ്ങള്‍ അധ്യാപകനെ ചവിട്ടിക്കൊന്നില്ലേ എന്നാണ്. ഇവരെ നാം എന്ത് ചൊല്ലി വിളിക്കണം ? ഇവരൊക്കെ നാടിനെ എങ്ങോട്ടാണ് നയിക്കുന്നത് ?


Thursday, February 24, 2011

നമ്മള്‍ തമ്മില്‍ ഇത് വേണോ ?


ആദ്യം കുട്ടികളുടെ നിലവിളി പിന്നെ “ഹഫീ... വേം വാ, വേം വാ...” എന്ന അയലത്തെ സ്ത്രീകളുടെ വിളി. ഇത്രയും ആയാല്‍ ഉറപ്പിചോളണം സംഗതി പാമ്പ്‌ ആണ്. നിറയെ പൊന്തക്കാടുകളും കുറ്റിച്ചെടികളും ഉള്ള ഒരു തെങ്ങിന്‍ തോട്ടത്തില്‍ ആണ് വീട് എന്നതിനാല്‍ പാമ്പ്‌ അത്ര അസാധാരണമായ കാഴ്ച ഒന്നുമല്ല. ഈ വിളി വരുന്ന സമയത്ത്‌ ഞാന്‍ മിക്കവാറും ഉച്ചമയക്കത്തിലായിരിക്കും അല്ലെങ്കില്‍ ഏതെങ്കിലും കമ്പ്യൂട്ടര്‍ ഗെയിമില്‍ അതുമല്ലെങ്കില്‍ ഒരു സിനിമ. വല്ലപ്പോഴും അവധി കിട്ടി വീട്ടില്‍ പോവുമ്പോള്‍ ഇങ്ങനെയൊക്കെ സമയം കളയാനാണ് എനിക്കിഷ്ടം. രാവിലെ ഉപ്പയും ഉമ്മയും സ്കൂളില്‍ പോയാല്‍ പിന്നെ ഞാന്‍ തനിച്ചാണ് വീട്ടില്‍ ഉണ്ടാവുക. അവര്‍ വരുന്നവരെ ഇങ്ങനെയൊക്കെ സമയം കളയണം.
അതിനിടക്കാണ് പറമ്പില്‍ കളിക്കുന്ന കുട്ടികള്‍ പാമ്പിനെ കാണുക, അപ്പോഴാണ് അയല്‍പക്കത്ത്‌ “അവെയ് ലബിള്‍” ആയ ഏക ആണ്‍ തരി ആയ എനിക്ക് വിളി വരുക. സ്ത്രീ ശാക്തീകരണം എന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം! ഒരു പാമ്പിനെ തല്ലിക്കൊല്ലണമെങ്കില്‍ ആണായ എന്നെ തന്നെ വിളിക്കും. എനിക്ക് ആണെങ്കില്‍ പാമ്പ്‌ എന്ന് കേള്‍ക്കുന്നത് തന്നെ പേടിയാണ്. എല്ലാ പാമ്പിനെയും പേടിയില്ലാ ട്ടോ ജീവനുള്ളതിനെ മാത്രമേ പേടിയുള്ളൂ... പുറത്തേക്ക്‌ നീട്ടുന്ന അതിന്റെ നാവും, വളഞ്ഞു പുളഞ്ഞുള്ള ആ പോക്കും എന്റെ അമ്മോ... പക്ഷെ ഇത് പുറത്ത്‌ കാണിക്കാന്‍ വയ്യാ ..ആണായി പോയില്ലേ ..

ഒച്ചപ്പാടും നിലവിളിയും കേട്ട് ഞാന്‍ വടിയുമായി ഇറങ്ങി വരുമ്പോഴേക്കും പാമ്പ്‌ അതിന്റെ പാട്ടിനു പോയിരിക്കും. പാമ്പ്‌ പോയി എന്നുറപ്പായാല്‍ എന്റെ ശ്വാസം നേരെ വീഴും, ധൈര്യം വീണ്ട്കിട്ടും. പിന്നെ എന്റെ വക ഒരു പ്രകടനമാണ്. സകല പൊന്തക്കാട്ടിലും രണ്ടടി. വടി കൊണ്ട് വരമ്പിലെ മാളത്തില്‍ എല്ലാം രണ്ടു കുത്ത്. പിന്നെ വടി ചുഴറ്റി രണ്ടു ഡയലോഗ് “ഹാ.. ഹൂ എവിടെപ്പോയ്? ധൈര്യമുണ്ടെങ്കില്‍ വാടാ .. കുട്ടികളെ പേടിപ്പിക്കുന്നോ.. എന്റെ മുന്നില്‍ ഒന്ന് കിട്ടിയാല്‍ ...” അപ്പോഴേക്കും അയലത്തെ സ്ത്രീകള്‍ എന്നെ സമാധാനിപ്പിക്കും “പോട്ടെ ഹഫീ.. അതിനു പടച്ചോന്‍ ആയുസ്സ്‌ നീട്ടീട്ടുണ്ട്. അതിന്റെ സമയം ആയില്ല. അത്രതന്നെ”
അതെ, അത്രതന്നെ. അതിന്റെ സമയം ആയിട്ടില്ല. ഞാനും പാമ്പും അങ്ങനെ രക്ഷപ്പെടുകയാണ് പതിവ്. ഇതുവരെ ഞങ്ങള്‍ക്ക്‌ മുഖാമുഖം ഏറ്റുമുട്ടല്‍ വേണ്ടി വന്നിട്ടില്ല.

അങ്ങനെ ഒരിക്കല്‍ പതിവുപോലെ ഞാന്‍ ഉച്ചമയക്കത്തില്‍ ആയിരിക്കേ, കുട്ടികളുടെ നിലവിളി. പിന്നാലെ “ഹഫീ.. വേം വാ .. പാമ്പ്‌ ഇവടെ പാമ്പ്‌” എന്ന വിളി. ഞാന്‍ ഞെട്ടി എഴുനേറ്റു. ദേഹത്ത് കൂടെ ഒരു വിറയല്‍ (അതും പതിവുപോലെ). ആരെയൊക്കെയോ ശപിച്ച് പുറത്തിറങ്ങി ഒരു വടി തപ്പിയെടുത്തു പതുക്കെ (മനപ്പൂര്‍വ്വം അല്ല. ട്ടോ..) നടന്നു. എന്റെ പ്രതീക്ഷ എല്ലാം തെറ്റി. പാമ്പ്‌ അപ്പോഴും പോയിട്ടില്ല.(പടച്ചോനേ.. ഇതെന്ത് പാമ്പ്‌ ! മനുഷ്യന്റെ മാനം കളയാന്‍.. )  എന്റെ ഹൃദയമിടിപ്പ് കൂടി ഞാന്‍ അടുത്ത് ചെന്നു. “എന്റിഷ്ടാ നമ്മള്‍ തമ്മില്‍ ഇത് വേണോ ? ഒന്ന് പോയ്‌ തന്നൂടെ” എന്ന രൂപത്തില്‍ അതിനെ നോക്കി. കിണറിന്റെ മുകളില്‍ വിരിച്ച വലയില്‍ കുരുങ്ങി കിടക്കുകയാണ് അത്. സൂക്ഷിച്ച് നോക്കിയപ്പോ സംഗതി ചേരയാണ്. വലിയ ഒരു ചേര. ഹാവൂ പകുതി സമാധാനം ആയി. കാഴ്ചക്കാരായി നില്‍ക്കുന്നവരോട് ഞാന്‍ വിളിച്ചു പറഞ്ഞു “നോക്കീ, ഇത് ചേരേണ്, പാമ്പല്ല” അവര്‍ വന്നു നോക്കി ഉറപ്പിച്ചു “സെരിയാ.. ചേരേണ്.. ഒന്നും ചെയ്യണ്ടാ .. പാമ്പ് ഇത്ര വലിപ്പണ്ടാവൂലാ” 
“ഹാ അങ്ങനെ വിടാന്‍ പറ്റോ ? കുട്ട്യാള് കളിക്കണ സ്ഥലല്ലേ.. കുട്ട്യാള് കണ്ടു പേടിക്കും” എന്നായി ഞാന്‍. “ഇതിനെ ഇപ്പൊ ശരിയാക്കണം” (വലയില്‍ കുടുങ്ങി അതിന് അനങ്ങാന്‍ വയ്യാ..ഹി ഹി) എന്റെ വല്യുമ്മ ഇടപെട്ടു “വെശല്യാത്ത ജീവ്യല്ലേ.. കൊല്ലണ്ട.. പൊയ്ക്കോട്ടേ” വല്യുമ്മ പറഞ്ഞാ പിന്നെ അപ്പീല്‍ ഇല്ലാ.. ഞാന്‍ നീണ്ട രണ്ടു കമ്പെടുത്ത് ദൂരെ നിന്ന് വലയുടെ കുരുക്ക് അഴിച്ചു. ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ അത് ഇടവഴിയിലെ മാളത്തില്‍ മറഞ്ഞു. അതിലേറെ ആശ്വാസത്തില്‍ ഞാന്‍ എന്റെ മാളത്തിലേക്കും ...

Sunday, January 30, 2011

ഐസ്ക്രീം ലീക്സ്‌ !!!

ഇത് എല്ലാം ചോരുന്ന കാലം . ലോക പോലീസായ അമേരിക്കയുടെ അരമന രഹസ്യങ്ങള്‍ വരെ ലീക്കാവുന്നു. പിന്നെയാണോ പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടി സാഹിബ്. ചോരുന്ന രേഖകള്‍ക്ക് നല്ല വാര്‍ത്താ പ്രാധാന്യവും ഈ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ കൊടുക്കുന്നു. അസീമാനന്ദയുടെ കുറ്റസമ്മതം പന്ത്രണ്ടാം പേജില്‍ ഒറ്റ കോളത്തില്‍  ഒതുക്കിയ പത്രം പോലും കുഞ്ഞാലിക്കുട്ടിയുടെ കുറ്റസമ്മതം ഒന്നാം പേജില്‍ കൊടുത്തുകളഞ്ഞു. കുഞ്ഞാലിക്കുട്ടി പുലിക്കുട്ടിയാണ്. ചോരാന്‍ പോവുന്നത് പോലും മുന്‍കൂട്ടി കണ്ടു ഒരു മുഴം മുമ്പേ എറിഞ്ഞു. പക്ഷെ കൊള്ളേണ്ടിടത്തല്ല  കൊണ്ടത്‌.

ഇതില്‍ പുതുതായി ഒന്നും ഇല്ല. ഒരു വ്യത്യാസം മാത്രം ഐസ്ക്രീം കേസ്‌ അദ്ദേഹം രൌഫിനെ ഉപയോഗിച് ഒതുക്കി എന്ന് മുമ്പ്‌ പറഞ്ഞിരുന്നത് പൊതുജനങ്ങളും എതിരാളികളും ആയിരുന്നു. ഇതിനെ ശരിവെക്കുന്ന രീതിയിലാണ്‌ കുഞ്ഞാലിക്കുട്ടിയുടെ കുറ്റസമ്മതം. ഇപ്പോള്‍ അദ്ദേഹത്തിന്റെ വായിലൂടെ തന്നെ അത് പുറത്ത് വന്നിരിക്കുന്നു. കേസ്‌ നടത്തിപ്പിന് റഊഫിന്റെ സഹായം തേടി എന്ന്. "വൈകിയാണെങ്കിലും കുറ്റസമ്മതം നടത്തിയതിനു അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു" എന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ഒരു കാര്യം ജനങ്ങളും മാധ്യമങ്ങളും പറയുമ്പോള്‍ അത് വെറും ആരോപണമാണ് എന്ന് പറഞ്ഞു ആരോപണ വിധേയരെ സംരക്ഷിക്കുക. അവസാനം പ്രതി ഏറ്റുപറയുന്ന ഘട്ടത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് പറയുക! നല്ല കാര്യം. അഭിനന്ദിച്ചാല്‍ പോര...വല്ല അവാര്‍ഡും കൊടുക്കണം. എന്തുചെയ്യും പത്മശ്രീയുടെയും പത്മഭൂഷണിന്റെയും മറ്റും ഡേറ്റ് ജസ്റ്റ്‌ മിസ്സായി പോയി. ഒരാഴ്ച മുമ്പായിരുന്നെങ്കില്‍ നോക്കാമായിരുന്നു.

അധികാരത്തിന്റെ അരമനകളില്‍ ജനങ്ങള്‍ അറിയാതെ ധാരാളം അഡ്ജസ്റ്റ്മെന്റുകള്‍ നടക്കുന്നു എന്നാണ് ഇതില്‍ മനസ്സിലാക്കേണ്ട ഒരു കാര്യം. ഇതില്‍ ഇടത് - വലതു ഭേദമില്ലെന്നും അടിവരയിടുന്നതാണ് പുറത്തുവന്ന വിവരങ്ങള്‍ . നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ആണ് ഈ കേസ്‌ ആദ്യം പോങ്ങിവരുന്നത്. അപ്പോള്‍ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ ആളുണ്ടായി. മൊഴി മാറ്റാനും അങ്ങനെ കേസ്‌ തേയ്ച് മായിക്കാനും സര്‍ക്കാര്‍ പലതും കണ്ടില്ലെന്നു നടിച്ചു. രണ്ടാമത്‌ വിവാദം ഉണ്ടായത്‌ റജീനയുടെ വെളിപ്പെടുത്തലുകളോടെയാണ്. അന്നും കേസ്‌ നേരിടാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറായില്ല. അന്വേഷണം വേണ്ട. ഞാന്‍ നിരപരാധിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. നിഷ്പക്ഷമായൊരു അന്വേഷണത്തിനു അന്ന് അദ്ദേഹം തയ്യാറായിരുന്നെങ്കില്‍ ഇന്നിങ്ങനെ വെള്ളം കുടിക്കേണ്ടി വരില്ലായിരുന്നു. അതിനുപകരം ക്രിമിനലെന്നു അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന റഊഫിനെ കൂട്ടുപിടിച്ച് വളഞ്ഞ മാര്‍ഗ്ഗം സ്വീകരിച്ചത്തിന്റെ ഫലമാണ്‌ ഇപ്പോള്‍ കാണുന്നത്. ഉലക്ക വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ച്ചതുകൊണ്ട് കാര്യമില്ലെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

സമുദായത്തിന്റെ പേര് പറഞ്ഞു വോട്ടു പിടിച് , ദൈവത്തിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തു, ദൈവമെന്നത് പോരാഞ്ഞിട്ട് അല്ലാഹുവിന്റെ പേരില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തില്‍ വന്നവര്‍ ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ കാര്യങ്ങള്‍ എങ്ങോട്ടാണ് പോകുന്നത് എന്ന് ചിന്തിക്കുന്നത് നല്ലതാണ്. ബാബരി മസ്ജിദ്‌ തകര്‍ക്കപ്പെട്ടപ്പോഴും, ഭഗല്‍പൂര്‍ കലാപ സമയത്തും, റഊഫിനെക്കാള്‍ വലിയ ക്രിമിനലായ തടിയന്റവിട നസീറിന്റെ വാക്കുകേട്ട് മഅദനിയെ അറസ്റ്റ്‌ ചെയ്തപ്പോഴും, ഭീകരവേട്ടയുടെ പേരില്‍ മുസ്ലിം ചെരുപ്പകാരെ തിരഞ്ഞുപിടിച്ചപ്പോഴും  ബട്ട്ല ഹൊസ് ഏറ്റുമുട്ടലിനെ കുറിച്ച് സംശയം ഉണ്ടായപ്പോഴൊന്നും സമുദായം വേട്ടയാടപ്പെടുന്നു എന്ന് ലീഗിന് തോന്നിയില്ല. പക്ഷെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉണ്ടായാല്‍ അത് സമുദായ പ്രശ്നം!. പാര്‍ട്ടിയും സമുദായവും ഒന്നിച്ചു നേരിടണം! പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ മാന്യമായി നേരിടുന്നതിന് പകരം മതത്തെയും പ്രവാചകനെയും ഒക്കെ വലിച്ചിഴയ്ക്കുന്ന രീതി ശരിയല്ല. ഒരു ആഭ്യന്തര അന്വേഷണം പോലും നടത്താതെ ഇതിനെയൊക്കെ ന്യായീകരിക്കാന്‍ മേനക്കെടണോ എന്ന് ലീഗ് നേതാക്കളും അനുയായികളും ചിന്തിക്കണം. അതിന്റെ ലക്ഷണം ഒന്നും കാണുന്നില്ലെന്നു മാത്രമല്ല വീണത്‌ വിദ്യയക്കാനാണ് പരിപാടി. "എന്റെ രക്തം പൊടിഞ്ഞാലും സമൂഹം രക്ഷപ്പെടണം", "അല്ലാഹുവാണ് വലിയവന്‍ അതുകൊണ്ടുതന്നെ സമൂഹത്തിന്റെയും സാധാരണക്കാരുടെയും നീതിക്കുവേണ്ടി നിലകൊള്ളാന്‍ അനുവദിക്കാത്തവരെ വെട്ടിമാറ്റണം" എന്നിങ്ങനെയുള ഡയലോഗുകള്‍ അതാണ് സൂചിപ്പിക്കുന്നത്.


പണത്തിനു മീതെ ജുഡീഷ്യറിയും പറക്കില്ല എന്നതാണ് പാഠം. ഇവിടെ വഞ്ചിക്കപ്പെടുന്നത് സാധാരണക്കാരനാണ് ;  തോല്‍ക്കുന്നത് ജനങ്ങളാണ്. ഭരണകൂടത്തിലും നീതിന്യായ വ്യവസ്ഥയിലും സാധാരണക്കാരന്‌ അവിശ്വാസം വര്‍ദ്ധിക്കുന്നു. സൂര്യനെല്ലിയും കിളിരൂരും മറ്റും നമ്മുടെ മുന്നിലുണ്ട്. അത് ലീക്കാന്‍ ഒരു റഊഫില്ലാതെ പോയി എന്നതാണ് വ്യത്യാസം. ആകെയുള്ള പ്രശനം ഐസ്ക്രീം കേസ്‌ ആണ് എന്ന രീതിയിലാണ്‌ ചില പ്രതികരണങ്ങള്‍ . ഒരു ഐസ്ക്രീം എത്രകാലം കഴിക്കും? ഈ കുളിമുറിയില്‍ പലരും നഗ്നരാണ്. കുഞ്ഞാലിക്കുട്ടി തെറ്റ് ചെയ്തോ ഇല്ലേ എന്ന് പറയാന്‍ ഞാന്‍ ആളല്ല. സുതാര്യമായ അന്വേഷണം നടക്കട്ടെ. ഇതുവരെ നടന്നത് അതല്ല എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ പുറത്ത്‌ വരട്ടെ.
Related Posts Plugin for WordPress, Blogger...