Thursday, February 24, 2011

നമ്മള്‍ തമ്മില്‍ ഇത് വേണോ ?


ആദ്യം കുട്ടികളുടെ നിലവിളി പിന്നെ “ഹഫീ... വേം വാ, വേം വാ...” എന്ന അയലത്തെ സ്ത്രീകളുടെ വിളി. ഇത്രയും ആയാല്‍ ഉറപ്പിചോളണം സംഗതി പാമ്പ്‌ ആണ്. നിറയെ പൊന്തക്കാടുകളും കുറ്റിച്ചെടികളും ഉള്ള ഒരു തെങ്ങിന്‍ തോട്ടത്തില്‍ ആണ് വീട് എന്നതിനാല്‍ പാമ്പ്‌ അത്ര അസാധാരണമായ കാഴ്ച ഒന്നുമല്ല. ഈ വിളി വരുന്ന സമയത്ത്‌ ഞാന്‍ മിക്കവാറും ഉച്ചമയക്കത്തിലായിരിക്കും അല്ലെങ്കില്‍ ഏതെങ്കിലും കമ്പ്യൂട്ടര്‍ ഗെയിമില്‍ അതുമല്ലെങ്കില്‍ ഒരു സിനിമ. വല്ലപ്പോഴും അവധി കിട്ടി വീട്ടില്‍ പോവുമ്പോള്‍ ഇങ്ങനെയൊക്കെ സമയം കളയാനാണ് എനിക്കിഷ്ടം. രാവിലെ ഉപ്പയും ഉമ്മയും സ്കൂളില്‍ പോയാല്‍ പിന്നെ ഞാന്‍ തനിച്ചാണ് വീട്ടില്‍ ഉണ്ടാവുക. അവര്‍ വരുന്നവരെ ഇങ്ങനെയൊക്കെ സമയം കളയണം.
അതിനിടക്കാണ് പറമ്പില്‍ കളിക്കുന്ന കുട്ടികള്‍ പാമ്പിനെ കാണുക, അപ്പോഴാണ് അയല്‍പക്കത്ത്‌ “അവെയ് ലബിള്‍” ആയ ഏക ആണ്‍ തരി ആയ എനിക്ക് വിളി വരുക. സ്ത്രീ ശാക്തീകരണം എന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം! ഒരു പാമ്പിനെ തല്ലിക്കൊല്ലണമെങ്കില്‍ ആണായ എന്നെ തന്നെ വിളിക്കും. എനിക്ക് ആണെങ്കില്‍ പാമ്പ്‌ എന്ന് കേള്‍ക്കുന്നത് തന്നെ പേടിയാണ്. എല്ലാ പാമ്പിനെയും പേടിയില്ലാ ട്ടോ ജീവനുള്ളതിനെ മാത്രമേ പേടിയുള്ളൂ... പുറത്തേക്ക്‌ നീട്ടുന്ന അതിന്റെ നാവും, വളഞ്ഞു പുളഞ്ഞുള്ള ആ പോക്കും എന്റെ അമ്മോ... പക്ഷെ ഇത് പുറത്ത്‌ കാണിക്കാന്‍ വയ്യാ ..ആണായി പോയില്ലേ ..

ഒച്ചപ്പാടും നിലവിളിയും കേട്ട് ഞാന്‍ വടിയുമായി ഇറങ്ങി വരുമ്പോഴേക്കും പാമ്പ്‌ അതിന്റെ പാട്ടിനു പോയിരിക്കും. പാമ്പ്‌ പോയി എന്നുറപ്പായാല്‍ എന്റെ ശ്വാസം നേരെ വീഴും, ധൈര്യം വീണ്ട്കിട്ടും. പിന്നെ എന്റെ വക ഒരു പ്രകടനമാണ്. സകല പൊന്തക്കാട്ടിലും രണ്ടടി. വടി കൊണ്ട് വരമ്പിലെ മാളത്തില്‍ എല്ലാം രണ്ടു കുത്ത്. പിന്നെ വടി ചുഴറ്റി രണ്ടു ഡയലോഗ് “ഹാ.. ഹൂ എവിടെപ്പോയ്? ധൈര്യമുണ്ടെങ്കില്‍ വാടാ .. കുട്ടികളെ പേടിപ്പിക്കുന്നോ.. എന്റെ മുന്നില്‍ ഒന്ന് കിട്ടിയാല്‍ ...” അപ്പോഴേക്കും അയലത്തെ സ്ത്രീകള്‍ എന്നെ സമാധാനിപ്പിക്കും “പോട്ടെ ഹഫീ.. അതിനു പടച്ചോന്‍ ആയുസ്സ്‌ നീട്ടീട്ടുണ്ട്. അതിന്റെ സമയം ആയില്ല. അത്രതന്നെ”
അതെ, അത്രതന്നെ. അതിന്റെ സമയം ആയിട്ടില്ല. ഞാനും പാമ്പും അങ്ങനെ രക്ഷപ്പെടുകയാണ് പതിവ്. ഇതുവരെ ഞങ്ങള്‍ക്ക്‌ മുഖാമുഖം ഏറ്റുമുട്ടല്‍ വേണ്ടി വന്നിട്ടില്ല.

അങ്ങനെ ഒരിക്കല്‍ പതിവുപോലെ ഞാന്‍ ഉച്ചമയക്കത്തില്‍ ആയിരിക്കേ, കുട്ടികളുടെ നിലവിളി. പിന്നാലെ “ഹഫീ.. വേം വാ .. പാമ്പ്‌ ഇവടെ പാമ്പ്‌” എന്ന വിളി. ഞാന്‍ ഞെട്ടി എഴുനേറ്റു. ദേഹത്ത് കൂടെ ഒരു വിറയല്‍ (അതും പതിവുപോലെ). ആരെയൊക്കെയോ ശപിച്ച് പുറത്തിറങ്ങി ഒരു വടി തപ്പിയെടുത്തു പതുക്കെ (മനപ്പൂര്‍വ്വം അല്ല. ട്ടോ..) നടന്നു. എന്റെ പ്രതീക്ഷ എല്ലാം തെറ്റി. പാമ്പ്‌ അപ്പോഴും പോയിട്ടില്ല.(പടച്ചോനേ.. ഇതെന്ത് പാമ്പ്‌ ! മനുഷ്യന്റെ മാനം കളയാന്‍.. )  എന്റെ ഹൃദയമിടിപ്പ് കൂടി ഞാന്‍ അടുത്ത് ചെന്നു. “എന്റിഷ്ടാ നമ്മള്‍ തമ്മില്‍ ഇത് വേണോ ? ഒന്ന് പോയ്‌ തന്നൂടെ” എന്ന രൂപത്തില്‍ അതിനെ നോക്കി. കിണറിന്റെ മുകളില്‍ വിരിച്ച വലയില്‍ കുരുങ്ങി കിടക്കുകയാണ് അത്. സൂക്ഷിച്ച് നോക്കിയപ്പോ സംഗതി ചേരയാണ്. വലിയ ഒരു ചേര. ഹാവൂ പകുതി സമാധാനം ആയി. കാഴ്ചക്കാരായി നില്‍ക്കുന്നവരോട് ഞാന്‍ വിളിച്ചു പറഞ്ഞു “നോക്കീ, ഇത് ചേരേണ്, പാമ്പല്ല” അവര്‍ വന്നു നോക്കി ഉറപ്പിച്ചു “സെരിയാ.. ചേരേണ്.. ഒന്നും ചെയ്യണ്ടാ .. പാമ്പ് ഇത്ര വലിപ്പണ്ടാവൂലാ” 
“ഹാ അങ്ങനെ വിടാന്‍ പറ്റോ ? കുട്ട്യാള് കളിക്കണ സ്ഥലല്ലേ.. കുട്ട്യാള് കണ്ടു പേടിക്കും” എന്നായി ഞാന്‍. “ഇതിനെ ഇപ്പൊ ശരിയാക്കണം” (വലയില്‍ കുടുങ്ങി അതിന് അനങ്ങാന്‍ വയ്യാ..ഹി ഹി) എന്റെ വല്യുമ്മ ഇടപെട്ടു “വെശല്യാത്ത ജീവ്യല്ലേ.. കൊല്ലണ്ട.. പൊയ്ക്കോട്ടേ” വല്യുമ്മ പറഞ്ഞാ പിന്നെ അപ്പീല്‍ ഇല്ലാ.. ഞാന്‍ നീണ്ട രണ്ടു കമ്പെടുത്ത് ദൂരെ നിന്ന് വലയുടെ കുരുക്ക് അഴിച്ചു. ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ അത് ഇടവഴിയിലെ മാളത്തില്‍ മറഞ്ഞു. അതിലേറെ ആശ്വാസത്തില്‍ ഞാന്‍ എന്റെ മാളത്തിലേക്കും ...

Sunday, January 30, 2011

ഐസ്ക്രീം ലീക്സ്‌ !!!

ഇത് എല്ലാം ചോരുന്ന കാലം . ലോക പോലീസായ അമേരിക്കയുടെ അരമന രഹസ്യങ്ങള്‍ വരെ ലീക്കാവുന്നു. പിന്നെയാണോ പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടി സാഹിബ്. ചോരുന്ന രേഖകള്‍ക്ക് നല്ല വാര്‍ത്താ പ്രാധാന്യവും ഈ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ കൊടുക്കുന്നു. അസീമാനന്ദയുടെ കുറ്റസമ്മതം പന്ത്രണ്ടാം പേജില്‍ ഒറ്റ കോളത്തില്‍  ഒതുക്കിയ പത്രം പോലും കുഞ്ഞാലിക്കുട്ടിയുടെ കുറ്റസമ്മതം ഒന്നാം പേജില്‍ കൊടുത്തുകളഞ്ഞു. കുഞ്ഞാലിക്കുട്ടി പുലിക്കുട്ടിയാണ്. ചോരാന്‍ പോവുന്നത് പോലും മുന്‍കൂട്ടി കണ്ടു ഒരു മുഴം മുമ്പേ എറിഞ്ഞു. പക്ഷെ കൊള്ളേണ്ടിടത്തല്ല  കൊണ്ടത്‌.

ഇതില്‍ പുതുതായി ഒന്നും ഇല്ല. ഒരു വ്യത്യാസം മാത്രം ഐസ്ക്രീം കേസ്‌ അദ്ദേഹം രൌഫിനെ ഉപയോഗിച് ഒതുക്കി എന്ന് മുമ്പ്‌ പറഞ്ഞിരുന്നത് പൊതുജനങ്ങളും എതിരാളികളും ആയിരുന്നു. ഇതിനെ ശരിവെക്കുന്ന രീതിയിലാണ്‌ കുഞ്ഞാലിക്കുട്ടിയുടെ കുറ്റസമ്മതം. ഇപ്പോള്‍ അദ്ദേഹത്തിന്റെ വായിലൂടെ തന്നെ അത് പുറത്ത് വന്നിരിക്കുന്നു. കേസ്‌ നടത്തിപ്പിന് റഊഫിന്റെ സഹായം തേടി എന്ന്. "വൈകിയാണെങ്കിലും കുറ്റസമ്മതം നടത്തിയതിനു അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു" എന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ഒരു കാര്യം ജനങ്ങളും മാധ്യമങ്ങളും പറയുമ്പോള്‍ അത് വെറും ആരോപണമാണ് എന്ന് പറഞ്ഞു ആരോപണ വിധേയരെ സംരക്ഷിക്കുക. അവസാനം പ്രതി ഏറ്റുപറയുന്ന ഘട്ടത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് പറയുക! നല്ല കാര്യം. അഭിനന്ദിച്ചാല്‍ പോര...വല്ല അവാര്‍ഡും കൊടുക്കണം. എന്തുചെയ്യും പത്മശ്രീയുടെയും പത്മഭൂഷണിന്റെയും മറ്റും ഡേറ്റ് ജസ്റ്റ്‌ മിസ്സായി പോയി. ഒരാഴ്ച മുമ്പായിരുന്നെങ്കില്‍ നോക്കാമായിരുന്നു.

അധികാരത്തിന്റെ അരമനകളില്‍ ജനങ്ങള്‍ അറിയാതെ ധാരാളം അഡ്ജസ്റ്റ്മെന്റുകള്‍ നടക്കുന്നു എന്നാണ് ഇതില്‍ മനസ്സിലാക്കേണ്ട ഒരു കാര്യം. ഇതില്‍ ഇടത് - വലതു ഭേദമില്ലെന്നും അടിവരയിടുന്നതാണ് പുറത്തുവന്ന വിവരങ്ങള്‍ . നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ആണ് ഈ കേസ്‌ ആദ്യം പോങ്ങിവരുന്നത്. അപ്പോള്‍ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ ആളുണ്ടായി. മൊഴി മാറ്റാനും അങ്ങനെ കേസ്‌ തേയ്ച് മായിക്കാനും സര്‍ക്കാര്‍ പലതും കണ്ടില്ലെന്നു നടിച്ചു. രണ്ടാമത്‌ വിവാദം ഉണ്ടായത്‌ റജീനയുടെ വെളിപ്പെടുത്തലുകളോടെയാണ്. അന്നും കേസ്‌ നേരിടാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറായില്ല. അന്വേഷണം വേണ്ട. ഞാന്‍ നിരപരാധിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. നിഷ്പക്ഷമായൊരു അന്വേഷണത്തിനു അന്ന് അദ്ദേഹം തയ്യാറായിരുന്നെങ്കില്‍ ഇന്നിങ്ങനെ വെള്ളം കുടിക്കേണ്ടി വരില്ലായിരുന്നു. അതിനുപകരം ക്രിമിനലെന്നു അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന റഊഫിനെ കൂട്ടുപിടിച്ച് വളഞ്ഞ മാര്‍ഗ്ഗം സ്വീകരിച്ചത്തിന്റെ ഫലമാണ്‌ ഇപ്പോള്‍ കാണുന്നത്. ഉലക്ക വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ച്ചതുകൊണ്ട് കാര്യമില്ലെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

സമുദായത്തിന്റെ പേര് പറഞ്ഞു വോട്ടു പിടിച് , ദൈവത്തിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തു, ദൈവമെന്നത് പോരാഞ്ഞിട്ട് അല്ലാഹുവിന്റെ പേരില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തില്‍ വന്നവര്‍ ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ കാര്യങ്ങള്‍ എങ്ങോട്ടാണ് പോകുന്നത് എന്ന് ചിന്തിക്കുന്നത് നല്ലതാണ്. ബാബരി മസ്ജിദ്‌ തകര്‍ക്കപ്പെട്ടപ്പോഴും, ഭഗല്‍പൂര്‍ കലാപ സമയത്തും, റഊഫിനെക്കാള്‍ വലിയ ക്രിമിനലായ തടിയന്റവിട നസീറിന്റെ വാക്കുകേട്ട് മഅദനിയെ അറസ്റ്റ്‌ ചെയ്തപ്പോഴും, ഭീകരവേട്ടയുടെ പേരില്‍ മുസ്ലിം ചെരുപ്പകാരെ തിരഞ്ഞുപിടിച്ചപ്പോഴും  ബട്ട്ല ഹൊസ് ഏറ്റുമുട്ടലിനെ കുറിച്ച് സംശയം ഉണ്ടായപ്പോഴൊന്നും സമുദായം വേട്ടയാടപ്പെടുന്നു എന്ന് ലീഗിന് തോന്നിയില്ല. പക്ഷെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉണ്ടായാല്‍ അത് സമുദായ പ്രശ്നം!. പാര്‍ട്ടിയും സമുദായവും ഒന്നിച്ചു നേരിടണം! പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ മാന്യമായി നേരിടുന്നതിന് പകരം മതത്തെയും പ്രവാചകനെയും ഒക്കെ വലിച്ചിഴയ്ക്കുന്ന രീതി ശരിയല്ല. ഒരു ആഭ്യന്തര അന്വേഷണം പോലും നടത്താതെ ഇതിനെയൊക്കെ ന്യായീകരിക്കാന്‍ മേനക്കെടണോ എന്ന് ലീഗ് നേതാക്കളും അനുയായികളും ചിന്തിക്കണം. അതിന്റെ ലക്ഷണം ഒന്നും കാണുന്നില്ലെന്നു മാത്രമല്ല വീണത്‌ വിദ്യയക്കാനാണ് പരിപാടി. "എന്റെ രക്തം പൊടിഞ്ഞാലും സമൂഹം രക്ഷപ്പെടണം", "അല്ലാഹുവാണ് വലിയവന്‍ അതുകൊണ്ടുതന്നെ സമൂഹത്തിന്റെയും സാധാരണക്കാരുടെയും നീതിക്കുവേണ്ടി നിലകൊള്ളാന്‍ അനുവദിക്കാത്തവരെ വെട്ടിമാറ്റണം" എന്നിങ്ങനെയുള ഡയലോഗുകള്‍ അതാണ് സൂചിപ്പിക്കുന്നത്.


പണത്തിനു മീതെ ജുഡീഷ്യറിയും പറക്കില്ല എന്നതാണ് പാഠം. ഇവിടെ വഞ്ചിക്കപ്പെടുന്നത് സാധാരണക്കാരനാണ് ;  തോല്‍ക്കുന്നത് ജനങ്ങളാണ്. ഭരണകൂടത്തിലും നീതിന്യായ വ്യവസ്ഥയിലും സാധാരണക്കാരന്‌ അവിശ്വാസം വര്‍ദ്ധിക്കുന്നു. സൂര്യനെല്ലിയും കിളിരൂരും മറ്റും നമ്മുടെ മുന്നിലുണ്ട്. അത് ലീക്കാന്‍ ഒരു റഊഫില്ലാതെ പോയി എന്നതാണ് വ്യത്യാസം. ആകെയുള്ള പ്രശനം ഐസ്ക്രീം കേസ്‌ ആണ് എന്ന രീതിയിലാണ്‌ ചില പ്രതികരണങ്ങള്‍ . ഒരു ഐസ്ക്രീം എത്രകാലം കഴിക്കും? ഈ കുളിമുറിയില്‍ പലരും നഗ്നരാണ്. കുഞ്ഞാലിക്കുട്ടി തെറ്റ് ചെയ്തോ ഇല്ലേ എന്ന് പറയാന്‍ ഞാന്‍ ആളല്ല. സുതാര്യമായ അന്വേഷണം നടക്കട്ടെ. ഇതുവരെ നടന്നത് അതല്ല എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ പുറത്ത്‌ വരട്ടെ.

Wednesday, January 26, 2011

റിപ്ലബ്ലിക് ദിനത്തില്‍ ഒരു ടാങ്ക് യാത്ര

ടാങ്ക് പോലുള്ള സംഗതികള്‍ ഞാന്‍ റിപ്ലബ്ലിക് ദിന പരേഡിന്റെ ഫോട്ടോകളിലാണ് മുന്‍പ്‌ കണ്ടിട്ടുള്ളത്. നേരില്‍ കണ്ടത്‌ ഹൈദരാബാദില്‍ വന്ന ശേഷം ആണെന്നാണ് ഓര്‍മ്മ. ഞങ്ങളുടെ കാമ്പസ്‌ താല്‍കാലികമായി ordnance factory ക്ക് അകത്താണ് ഉള്ളത്. പതിവുപോലെ ഒരു ദിവസം കോളേജില്‍ പോവുകയായിരുന്നു. സൈക്കിളില്‍ ആണ് യാത്ര. പെട്ടെന്ന് പുറകില്‍നിന്ന് ഭയങ്കര ഇരമ്പല്‍ . 'ഇതേതാണപ്പാ ഇത്രയും ശബ്ദമുള്ള വണ്ടി,  ഇങ്ങോരെന്താ ഡീസലിന് പകരം പച്ചവെള്ളമാണോ ഒഴിക്കുന്നത്' എന്നൊക്കെ മനസ്സില്‍ പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. തൊട്ടു പിറകില്‍ വലിയൊരു ടാങ്ക് !! ഞാന്‍ ഭവ്യതയോടെ സൈക്കിള്‍ ഒതുക്കികൊടുത്തു, അത് കടന്നു പോകുന്നത് വരെ കൌതുകത്തോടെ നോക്കി നിന്നു. അപ്പോഴൊന്നും ടാങ്കില്‍ കേറി യാത്ര ചെയ്യാന്‍ അവസരം കിട്ടുമെന്ന് കരുതിയതേയില്ല. ആ ഭാഗ്യം കിട്ടിയത്‌ ഇന്നാണ്. 

കോളേജിലെ റിപ്പബ്ലിക് പരിപാടികള്‍ കഴിഞ്ഞു ഞങ്ങള്‍ നാല്‍വര്‍ സംഘം ( ബാലചന്ദ്രന്‍ , അരുണ്‍ , അരവിന്ദ്, പിന്നെ 'ഞമ്മളും' ) ordnance ഫാക്ടറി യുടെ റിപ്പബ്ലിക് പരിപാടി നടക്കുന്നിടത്തേക്ക് പോയി. അവിടെ ടാങ്ക് പ്രദര്‍ശനം ഉണ്ടെന്നും ചുമ്മാ കണ്ടിട്ട് വരാമെന്നുമുള്ള ബാലന്റെ ക്ഷണത്തിനു വഴങ്ങിയാണ് അങ്ങോട്ട്‌ വിട്ടത്. എത്തിയപ്പോള്‍ പ്രദര്‍ശനം എന്ന് പറയാന്‍ മാത്രം ഒന്നുമില്ല. ആകെ രണ്ടു ടാങ്കുകള്‍ മാത്രം ! അതിനു പുറത്ത്‌ കുറെ ആളുകള്‍ കയറിനില്‍ക്കുന്നു. ആദ്യം നിരാശയാണ് തോന്നിയത്‌. ടാങ്കിനു അടുത്തെത്തിയപ്പോഴാണ് കണ്ടത്‌ അത് മുഴുവന്‍ തുറന്നിട്ടിരിക്കുകയാണ്. വേണമെങ്കില്‍ അകത്തു കയറാം ! പുറകിലും മുകളിലും ഒക്കെ വാതിലുകള്‍ ഉണ്ട്.   ആദ്യം ഞങ്ങള്‍ പുറകിലെ അറയില്‍ കയറി. അകം  വളരെ വിശാലമാണ് . എട്ടു പേര്‍ക്ക് സുഖമായി ഇരിക്കാം എന്ന് തോന്നുന്നു. വാതിലടച്ചുകഴിഞ്ഞാല്‍ പിന്നെ കാറ്റും വെളിച്ചവും ഒന്നും അകത്ത്‌ കയറില്ല. അതിനാല്‍ വെളിച്ചവും ശ്വസിക്കാന്‍ ഉള്ള സംവിധാനവും ഒക്കെ അകത്ത്‌ ചെയ്തിരിക്കുന്നു.

ഞാനും ബാലനും ടാങ്കിനകത്ത് (പുറകിലെ അറയില്‍ )

അരുണും അരവിന്ദും (പുറകിലെ അറയില്‍ )
പുറകിലെ വാതില്‍ 
 പിന്നെ ഞങ്ങള്‍ ടാങ്കിന്റെ മുകളില്‍ കയറി. അവിടെയും ഉണ്ട്  നാലോ അഞ്ചോ അറകള്‍ . ഞങ്ങള്‍ അതിലും കയറി. അകം തീരെ ഭംഗിയില്ല. നിറച്ച് വയറുകളും മറ്റു ഉപകരണങ്ങളും.
അരവിന്ദും ഞാനും മുകളിലെ അറയില്‍ 
പെട്ടെന്ന്  എല്ലാരും ടാങ്കിനടുത്തെക്ക് ഒടിക്കൂടി. ആദ്യം കാര്യം മനസ്സിലായില്ല. അകത്തെ അറയില്‍ നിന്നു എഴുനേറ്റ്‌ ചുറ്റും നോക്കി. ടാങ്കില്‍ യാത്ര ചെയ്യാന്‍ ആഗ്രഹമുള്ളവരോടു അകത്ത് കയറി ഇരിക്കാന്‍ ഒരു ആള്‍ വിളിച്ച് പറയുന്നു. ഞങ്ങള്‍ അവിടെ തന്നെ ഇരുന്നു. ഡ്രൈവറുടെ തൊട്ടു പിറകിലായിരുന്നു ഞാനും അരവിന്ദും. സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ അകത്ത്‌ ഇടി വെട്ടും പോലെ  ഭയങ്കര ശബ്ദം. ഡ്രൈവര്‍ ചെവിക്കകത്ത് ഇയര്‍ഫോണ്‍ പോലെ എന്തോ ധരിച്ചിരിക്കുന്നു. അത്യാവശ്യം കുലുക്കത്തോടെ ടാങ്ക് ഞങ്ങളെയും കൊണ്ട് നീങ്ങിത്തുടങ്ങി. കാമറ എടുക്കാത്തതില്‍ അരുണിനെ ചീത്ത വിളിച്ചു. തല്‍കാലം അവന്റെ ഫോണില്‍ ഫോട്ടോകള്‍ എടുത്തു. ഇനി ഫോട്ടോകള്‍ പറയട്ടെ ..

അരവിന്ദും ഞാനും ടാങ്കിനു മുകളില്‍ 
  
ഞാന്‍ ടാങ്കിനകത്ത് 

ആരെയെങ്കിലും  ഒന്ന് കിട്ടിയിരുന്നെങ്കില്‍ ... മുകളില്‍ നിന്നുള്ള കാഴ്ച 

യേ.....യ്.... അരവിന്ദിന് വെടി കൊണ്ടോ എന്നൊരു സംശയം 


ബാലനും അരവിന്ദും പിന്നെ ഈ 'ഞ്യാനും'

ഒന്നും പേടിക്കണ്ടാ .. അരുണുണ്ട്  കൂടെ 
ഞാന്‍ ഒന്ന് തൊട്ടോട്ടെ 


എന്റെ ടാങ്കാ.... നീ തൊടേണ്ട !

പോട്ടെ ചക്കരേ.......അരുണിന്‍റെ യാത്രാ മൊഴി 
എല്ലാര്ക്കും റിപ്പബ്ലിക് ദിനാശംസകള്‍ ................
Related Posts Plugin for WordPress, Blogger...